എം-സോണ് റിലീസ് – 1870

ഭാഷ | ഹിന്ദി |
സംവിധാനം | Shoojit Sircar |
പരിഭാഷ | സജിൻ സാജ് |
ജോണർ | കോമഡി, ഡ്രാമ |
ഒരാളുടെ വികാരങ്ങളും വയറും തമ്മിൽ വളരെയധികം ബന്ധമുണ്ടെന്നാണ് 70-കാരനായ ഭാസ്‌കോർ ബാനർജിയുടെ അഭിപ്രായം. അങ്ങേരുടെ ഏറ്റവും വലിയ പ്രശ്നവും വയറ് തന്നെയാണ്. ശോധനയില്ലാതെ കഷ്ടപ്പാടിലായി, കൂടെയുള്ളവർക്ക് കൂടെ മനസമാധാനം കൊടുക്കാത്ത ഒരു വിചിത്ര കഥാപാത്രമാണ് ഇങ്ങേര്. ഇങ്ങേർക്ക് വേണ്ടി ജീവിച്ചു, കല്യാണം എന്ന കാര്യമൊക്കെ മറന്ന മകളാണ് പികു എന്ന പികു ബാനർജി. പികുവിന്റെ സ്വഭാവത്തിലും ആ ദേഷ്യവും അമർഷവും ഒക്കെ വേണ്ടുവോളമുണ്ട്. ഇങ്ങനെയുള്ള രണ്ടു പേരെയും കൊണ്ട് ഡൽഹിയിൽ നിന്ന് കൊൽക്കത്ത വരെ പോവാൻ ആകസ്മികമായി അവസരം ലഭിച്ചു റാണാ ചൗധരി കൂടി എത്തുന്നതോടെ കാര്യങ്ങളൊക്കെ മാറാൻ തുടങ്ങുന്നു.
2015-ൽ ഷൂജിത് സർക്കാറിന്റെ സംവിധാനത്തിൽ വന്ന “പികു” എന്ന ചിത്രം, മികച്ച സാമ്പത്തിക വിജയവും പ്രേക്ഷക-നിരൂപക പ്രശംസയും ഒരു പോലെ കൈ വരിച്ചു. വളരെ സരസമായി പറഞ്ഞു പോകുന്ന, റോഡ് മൂവി വിഭാഗത്തിലും പെടുത്താവുന്ന ചിത്രത്തിന്റെ ഏറ്റവും മനോഹാരിത അതിന്റെ ലാളിത്യമാണ്. ഒരു ചെറിയ ത്രെഡിൽ നിന്നും 2 മണിക്കൂർ പ്രേക്ഷകന്റെ രസച്ചരട് പൊട്ടാതെ കൂടെ കൊണ്ടു പോവുന്നതിൽ സംഭാഷണങ്ങളും മുഖ്യ പങ്ക് വഹിച്ചു. അമിതാബ് ബച്ചൻ, ദീപിക പദുക്കോൺ, ഇർഫാൻ ഖാൻ എന്നീ പ്രതിഭകളുടെ അഭിനയത്തിന്റെ മാറ്റുരക്കലും കാണികൾക്ക് നല്ല വിരുന്നാണ്. ഈ ചിത്രത്തിലൂടെ അമിതാബ് ബച്ചൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലാമതും കരസ്ഥമാക്കി. മികച്ച തിരക്കഥ, സംഭാഷണം എന്നീ വിഭാഗങ്ങളിലും ഈ ചിത്രം ദേശീയ പുരസ്കാരം നേടി. അകാലത്തിൽ പൊലിഞ്ഞ ഇർഫാൻ ഖാൻ എന്ന അനുഗ്രഹീത കലാകാരനുള്ള സമർപ്പണം കൂടിയാണ് ഈ മലയാള പരിഭാഷ.