എം-സോണ്‍ റിലീസ് – 998

ഭാഷ | ഹിന്ദി |
സംവിധാനം | Advait Chandan |
പരിഭാഷ | ജിജോ ജോളി |
ജോണർ | ഡ്രാമ, മ്യൂസിക് |
മികച്ച വിജയം നേടിയ ദംഗലിന് ശേഷം അമീർ ഖാൻ ബ്രാൻഡും സൈറാ വാസീമും ഒന്നിച്ച ചിത്രം. ക്ലിഷേകളും പ്രവചനാത്മക ശൈലിയും ചിത്രം പിന്തുടരുന്നുണ്ടെങ്കിലും തുടക്കക്കാരനെന്ന നിലയിൽ ഹൃദ്യമായ അനുഭവം ഒരുക്കിയിട്ടുണ്ട് സംവിധായകൻ അദ്വൈത് ചന്ദൻ. പേര് സൂചിപ്പിക്കും പോലെ സ്വപ്നങ്ങൾ തന്റെ പിതാവിൽ നിന്നും മറച്ചുവെക്കേണ്ടി വന്ന ഇൻസിയ എന്ന പെൺകുട്ടിയുടെ കഥയാണ്. ഇൻസിയയും ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. ഇതുപോലെയുള്ള സീക്രട്ട് സൂപ്പർസ്റ്റാറുകളുടെ കഥയാണ്.
പരുക്കൻ സ്വഭാവക്കാരനായ ബാപ്പയെ ഭയന്ന് കഴിവുകൾ മറച്ചുവെക്കാനേ ഇൻസിയയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. ചെറിയ കാര്യങ്ങൾക്ക് പോലും ഉമ്മയെ ഉപദ്രവിക്കും. അങ്ങനെയിരിക്കെയാണ് ഉമ്മയുടെ ഐഡിയ പ്രകാരം ഇൻസിയ ബുർഖയുടെ മറവിൽ തന്റെ പാട്ടുകൾ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യുന്നത്. ക്രമേണ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന പേരിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. തടസ്സങ്ങളെ അതിജീവിച്ച് സ്വപ്നം സാക്ഷാത്കരിക്കാൻ അവൾക്ക് സാധിക്കുമോ? ഫീൽ ഗുഡ് വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ എടുത്തു പറയേണ്ടത് പ്രകടനങ്ങളാണ്. സൈറയും മെഹർ വിജും മകളും ഉമ്മയുമായി മനസ്സ് കീഴടക്കിയപ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നും വിധം കൈ തരിക്കും വിധത്തിലുള്ള പ്രകടനമായിരുന്നു ബാപ്പയുടേത്. കാമിയോ റോളിൽ അമീർ ഖാൻ രസിപ്പിച്ചു. ക്ലിഷേകൾക്കിടയിലും പിടിച്ചിരുത്തുന്നതിൽ ചിത്രം വിജയിച്ചു. ഇതുപോലുള്ള സീക്രട്ട് സൂപ്പർസ്റ്റാറുകൾക്കും അമ്മമാർക്കും സല്യൂട്ട്.