എം-സോണ് റിലീസ് – 898
ഭാഷ | ഹിന്ദി |
സംവിധാനം | Meghna Gulzar |
പരിഭാഷ | അഹ്മദ് സൂരജ് |
ജോണർ | മിസ്റ്ററി, ഡ്രാമ, മിസ്റ്ററി |
2008ൽ ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു നോയ്ഡ ഡബിൾ മർഡർ കേസ് അഥവാ ആരുഷി തൽവാർ കൊലക്കേസ്. ഒരു വീട്ടിലെ ഒരു മുറിയിൽ ഡോക്ടർ ദമ്പതിമാരുടെ മകളായ 14 വയസുകാരി പെൺകുട്ടിയും 50 വയസ്സുള്ള വേലക്കാരൻ ഹേം രാജും കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത് ഇന്ത്യൻ മാധ്യമങ്ങൾക്ക് ഏറെക്കാലം പലതരത്തിലുള്ള കഥകൾ മെനഞ്ഞെടുത്ത് ആഘോഷമാക്കാൻ അവസരം നൽകി. കേസ് പോലീസ് അന്വേഷിക്കുകയും ഫലമില്ലാതെ സിബിഐ യെ ഏൽപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ പേരിൽ സിബിഐ യിൽ പോലും ചേരിതിരിവ് ഉണ്ടായി. സിബിഐ യിലെ രണ്ട് ടീമുകൾ കണ്ടെത്തിയ പ്രതികളും വ്യത്യസ്തരായിരുന്നു. അവസാനം മതിയായ തെളിവുകൾ ഇല്ലാതെ തന്നെ കോടതി ആരുഷിയുടെ അച്ഛനമ്മമാരായ രാജേഷ് ,നുപൂർ ദമ്പതിമാരെ ജീവപര്യന്തം തടവിന് വിധിച്ചു. പിന്നീട് തെളിവില്ലെന്ന് കണ്ട മേൽക്കോടതി അവരെ വെറുതെ വിടുകയായിരുന്നു.
ഈ സംഭവത്തെ ആസ്പദമാക്കി വിശാൽ ഭരദ്വാജ് എഴുതി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രമാണ് 2015ൽ പുറത്തിറങ്ങിയ തൽവാർ. യഥാർത്ഥത്തിൽ എന്തായിരുന്നു അന്ന് ആ വീട്ടിൽ സംഭവിച്ചത്? എങ്ങനെയാണ് സിബിഐ രണ്ട് വ്യത്യസ്തരായ പ്രതികളിൽ എത്തിച്ചേർന്നത്? എന്നീ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതോടൊപ്പം എത്രത്തോളം നമ്മുടെ കുറ്റാന്വേഷണ-നീതിന്യായ വ്യവസ്ഥ അധപതിച്ചിരിക്കുന്നു എന്നും ഈ ചിത്രം കാണിച്ചു തരുന്നു. നിയമ നടപടികളിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ആരുഷി കേസുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് സംവിധായിക പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സിനിമയിൽ കാണിച്ചിരിക്കുന്ന രംഗങ്ങളുടെ ഒറിജിനൽ സംഭവങ്ങളുടെ വീഡിയോകളും വാർത്തകളും ഇന്റർവ്യൂകളും എല്ലാം ഇന്റർനെറ്റിൽ അതേപടി ലഭ്യമാണ്. ഈ സിനിമ പിന്നീട് നടന്ന കേസിന്റെ വിധി നിർണയത്തിൽ പോലും സ്വാധീനം ചെലുത്തി എന്ന് പോലും ആരോപണങ്ങൾ ഉണ്ടായി. ഇർഫാൻ ഖാൻ, കങ്കണ സെൻ ശർമ്മ ഉൾപ്പെടെയുള്ള അഭിനേതാക്കളും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്