The Boys of Paul Street
ദ ബോയ്സ് ഓഫ് പോൾ സ്ട്രീറ്റ് (1968)

എംസോൺ റിലീസ് – 3597

ഭാഷ: ഹംഗേറിയൻ
സംവിധാനം: Zoltán Fábri
പരിഭാഷ: സാരംഗ് ടി.കെ
ജോണർ: ഡ്രാമ

ഫെറൻസ് മൊൾനാറിന്റെ ‘പോൾസ്ട്രീറ്റ് ബോയ്സ്’ എന്ന നോവലിനെ ആസ്പദമാക്കി 1968 ൽ പുറത്തിറങ്ങിയ ഹംഗേറിയൻ ചിത്രമാണിത്. സോൾട്ടൻ ഫാബ്രി ഒരുക്കിയ ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ ഹംഗേറിയൻ സിനിമയാണ്. നാഷണൽ ഫിലിം സൊസൈറ്റി ഓഫ് ഹംഗറി പുനരുദ്ധരിച്ച പതിപ്പാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.

ലോകത്തെവിടെയും സംഘം ചേർന്ന് തല്ലു കൂടുക എന്നത് കുട്ടികളുടെ പൊതുസ്വഭാവമാണ് (Excluding Gen Alpha) എന്നാൽ ഈ തല്ലുകൂടലിന് യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടായാൽ എങ്ങനെയുണ്ടാവും?

മുതിർന്നവർ നിസ്സാരമായി കരുതുന്ന പല കാര്യങ്ങളും കുട്ടികളുടെ നോട്ടത്തിൽ ജീവൻ മരണ പോരാട്ടങ്ങൾ ആയിരിക്കും. ക്ലാസിൽ നിന്ന് പുറത്താക്കിയാലും വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞാലും കുട്ടികൾ ഇതിൽ നിന്ന് പിന്മാറാറില്ല. ഇത്തരത്തിളുള്ള കുട്ടികളുടെ വഴക്കിലേക്ക് സൂക്ഷ്മ ദൃഷ്ടി പതിപ്പിക്കുകയാണ് ഈ സിനിമ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപസ്റ്റിലാണ് കഥ നടക്കുന്നത്. അവിടെ കുട്ടികളുടെ രണ്ട് ഗ്യാങ്ങുകളാണുള്ളത്. കേന്ദ്ര കഥാപാത്രമായ നെമെചെക് ഉൾപ്പെടുന്ന പോൾസ്ട്രീറ്റ് ബോയ്സും പണം കൊണ്ടും ബലം കൊണ്ടും മുന്നിട്ടു നിൽക്കുന്ന റഡ്ഷർട്ട്സും. ഈ സംഘങ്ങളിൽ പട്ടാളത്തിന് സമാനമായ നിയമങ്ങളും അതിനനുസരിച്ചുള്ള പദവികളും ശിക്ഷാരീതികളുമുണ്ട്. അവരവരുടേതായ യുദ്ധതന്ത്രങ്ങളും ആയുധശേഖരങ്ങളുമുണ്ട്.പോൾസ്ട്രീറ്റ് ബോയ്സിന്റെ കളിസ്ഥലമായ “ഗ്രുണ്ട്” കൈക്കലാക്കാനുള്ള റെഡ്ഷർട്ട്സിന്റെ ശ്രമങ്ങളും അതിനെതിരെയുള്ള പോൾസ്ട്രീറ്റ് ബോയ്സിന്റെ പ്രതിരോധവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയിൽ.

ഇവിടെ നിയമങ്ങൾ ഉണ്ടാക്കുകയും അത്യാവശ്യമുണ്ടാകുമ്പോൾ പരിഷ്കരിക്കുകയും ശിക്ഷാവിധികൾ നടപ്പിലാക്കുകയും ചെയ്യുന്ന കുട്ടികൾ എന്നത് ഒരു രൂപകം (Symbol) മാത്രമാണ്. ഇതിന്റെ മറവിൽ അതിപ്രാധാന്യമുള്ള വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. അത് യുദ്ധവെറിയും അതുണ്ടാക്കുന്ന നഷ്ടങ്ങളും യുദ്ധത്തിന്റെ നിരർത്ഥകതയും ആകാം, രാഷ്ട്രീയ സംഘർഷങ്ങളുടെയും അതുണ്ടാക്കുന്ന അരാജകത്വത്തിന്റെയും കഥയാകാം, ചിലപ്പോൾ ഗൃഹാതുരമായ വെറുമൊരു കുട്ടിക്കളിയായിരിക്കാം.എല്ലാ വിഭാഗത്തിൽപ്പെട്ട പ്രേക്ഷകർക്കും അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാനുള്ള അവസരമാണ് ഇത്തരത്തിലുള്ള രൂപകങ്ങൾ ഉപയോഗിച്ചുള്ള സിനിമ (Symbolic Movie) നൽകുന്നത്.