എം-സോണ് റിലീസ് – 1970
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Sergio Corbucci |
പരിഭാഷ | വിഷ്ണു വി |
ജോണർ | ആക്ഷൻ, വെസ്റ്റേൺ |
ഒരു ശവപ്പെട്ടി കെട്ടി വലിച്ച് കൊണ്ട് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ ഏകാകിയായി നടന്ന് വരികയാണ് കഥാനായകനായ ജാൻഗോ. ടിയാൻ ആരാണെന്നോ ,ഇയാളുടെ ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ എന്താണെന്നോ യാതൊരു സൂചനയും ചിത്രം ആരംഭത്തിൽ പ്രേക്ഷകന് നൽകുന്നേ ഇല്ല. ജാൻഗോ കെട്ടി വലിച്ച് കൊണ്ടുവരുന്ന ശവപ്പെട്ടിയിൽ എന്താണെന്നും ഒരു പിടിയുമില്ല ,ആകെ മൊത്തം അനിശ്ചിതത്വത്തിന്റെയും അപ്രവചനീയതയുടെയും ഒരു പുകമറ ജാങ്കോയ്ക്ക് ചുറ്റും നിൽക്കുന്നുണ്ട്. അമ്പതോളം വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ പ്രസ്തുത ഇറ്റാലിയൻ വെസ്റ്റേൺ ചിത്രം ആരംഭിക്കുന്നത് തന്നെ ഇതുപോലെ ഒരുപാട് ചോദ്യങ്ങളിൽ നിന്നുമാണ് ,ഈ ചോദ്യങ്ങളുടെയെല്ലാം ഒത്തനടുക്ക് പ്രധാന കഥാപാത്രമായ ജാങ്കോയും നിൽപ്പുണ്ട്.
ഗോസ്റ്റ് ടൌൺ അഥവാ പ്രേതങ്ങളുടെ പട്ടണം എന്ന പേരിൽ കുപ്രസിദ്ധി ആർജിച്ച പട്ടണത്തിലേക്കാണ് ജാങ്കോയുടെ യാത്ര. കുറ്റകൃത്യങ്ങൾക്കും ക്രൂരതയ്ക്കും പേര് കേട്ട പട്ടണമാണ് ഗോസ്റ്റ് ടൌൺ ,ജാക്സൺ എന്ന മാഫിയ തലവന്റെയും അയാളുടെ റെഡ് ഷർട്സ് എന്ന ക്രിമിനൽ ഗ്യാങ്ങിന്റെയും വിഹാരകേന്ദ്രമായ പട്ടണം. റെഡ് ഷർട്സും ജനറൽ ആയ ഹ്യൂഗോ റോഡ്രിഗസിന് കീഴിലുള്ള വിപ്ലവകാരികളും തമ്മിൽ ഉള്ള പോരാട്ടങ്ങൾ മുൻപ് ഉള്ളതിനേക്കാൾ ഭീകരമാം വിധം വർധിച്ച് വന്നിരിക്കുകയാണ് പട്ടണത്തിൽ, അതിനിടയിലേക്കാണ് തീർത്തും അപരിചിതനായ ജാങ്കോയുടെ രംഗപ്രവേശനം.
പരസ്പരം കൊന്നും കൊലവിളിച്ചും മത്സരിച്ചിരുന്ന രണ്ട് സംഘങ്ങൾക്കിടയിലേക്ക് കടന്ന് വന്ന ജാങ്കോ അധികം താമസിയാതെ തന്നെ പോരാട്ടത്തിന്റെ ഭാഗമായി മാറുകയാണ് ,തുടക്കത്തിൽ തെറ്റായ സ്ഥലത്ത് മോശമായ സമയത്ത് എത്തപ്പെട്ട ആളാണ് ജാങ്കോ എന്ന തോന്നൽ ഉളവാക്കുമെങ്കിലും വ്യക്തമായ പദ്ധതികളും ,അതിലും തീക്ഷ്ണമായ കാരണങ്ങളും അയാൾക്ക് പുറകിൽ ഉണ്ടായിരുന്നുന്നെന്ന് മനസിലാവും. സെർജിയോ ലിയോണിന്റെ ഡോളേഴ്‌സ് ത്രിലോഗിയുടെ കാലഘട്ടത്തിൽ ഇറങ്ങിയത് കൊണ്ടാവാം ഈ ഇറ്റാലിയൻ വെസ്റ്റേൺ ചിത്രം അധികം ശ്രദ്ധ നേടാതെ പോയത്. ഡോളേഴ്‌സ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ജാങ്കോ ഉയരുന്നുണ്ടോ എന്നത് സംശയമാണെങ്കിലും ആക്ഷൻ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്ന ഏതൊരു സാധാരണ കാഴ്ചക്കാരനും തീർച്ചയായും ഇഷ്ടപ്പെട്ടേക്കാം ഈ ചിത്രം.