Melissa P.
മെലിസ്സ പി. (2005)
എംസോൺ റിലീസ് – 1382
| ഭാഷ: | ഇറ്റാലിയൻ |
| സംവിധാനം: | Luca Guadagnino |
| പരിഭാഷ: | അഷ്‌കർ ഹൈദർ |
| ജോണർ: | ഡ്രാമ |
ആഗോളതലത്തിൽ ശ്രദ്ധേയനായ സംവിധായകൻ ലൂക്കാ ഗ്വാദഗ്നിനോയുടെ കരിയറിലെ ആദ്യകാല, എന്നാൽ ഏറ്റവും വിവാദപരമായ ഒരു ചലച്ചിത്രമാണ്, “മെലിസ്സ പി.” സിസിലിയിൽ നിന്നുള്ള കൗമാരക്കാരിയായ മെലിസ്സ പിയുടെ തീവ്രവും വൈകാരികവുമായ ലൈംഗിക യാത്രയാണ് ഈ എറോട്ടിക് ഡ്രാമ ചിത്രം. പ്രണയത്തിനായി വെമ്പുന്ന അവൾ, ചൂഷണത്തിന്റെയും ആത്മനാശത്തിന്റെയുംവഴിയിൽ എത്തിപ്പെടുന്നതാണ് ചിത്രത്തിന്റെ കാതൽ.
ഗ്വാദഗ്നിനോയുടെ ചലച്ചിത്ര ജീവിതത്തിൽ ഈ സിനിമക്ക് തനതായ സ്ഥാനമുണ്ട്. മെലിസ പി.-യിൽ അദ്ദേഹം കൈകാര്യം ചെയ്ത തീവ്രമായ ആഗ്രഹത്തിന്റെയും വൈകാരികമായ ദുർബലതയുടെയും പ്രമേയങ്ങൾ, അദ്ദേഹത്തിന്റെ പിൽക്കാല ചിത്രങ്ങളായ കോൾ മി ബൈ യുവർ നെയിം പോലുള്ള ആഗോള ഹിറ്റുകളിൽ കൂടുതൽ ദൃശ്യപരവും വൈകാരികവുമായ വ്യക്തതയോടെ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.
ഇറ്റലിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടതും, അത്രതന്നെ വിവാദവുമായ മെലിസ്സ പനറെല്ലോയുടെ ആത്മ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. താൻ പ്രണയിക്കുന്നവനിൽ നിന്നും ഏൽക്കുന്ന ചതിയിലും ലൈംഗിക ചൂഷണത്തിലും മാനസികമായി തകർന്ന് പോകുന്ന മെലിസ്സയ്ക്ക് ലോകത്തോട് തന്നെയൊരു പക തോന്നുന്നു. അതിനെ മറികടക്കാൻ അവൾ ലൈംഗികതയെ സ്വന്തം നിയന്ത്രണത്തിലുള്ള ഒരു ആയുധമാക്കി മാറ്റുന്നു. അവൾ അതിരുകൾ ഭേദിച്ചുള്ള ലൈംഗിക അനുഭവങ്ങളിലേക്ക് തിരിയുന്നു.യഥാർത്ഥത്തിൽ തനിക്കേറ്റ മാനസികാഘാതത്തോടുള്ള വികലമായൊരു മറുപടിയായിട്ടാണ് അവൾ അതിനെ കാണുന്നത്. ഇത്തരത്തിൽ ലോകത്തെ വേദനിപ്പിക്കാൻ ശ്രമിച്ചു അവസാനം ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയിൽ നിന്നുമുള്ള അവളുടെ തിരിച്ചറിവുകളും ഉയർത്തെഴുന്നേൽപ്പുമാണ് ചിത്രത്തിൽ പറയുന്നത്.
ഇറ്റലിയിൽ വൻ വാണിജ്യ വിജയം നേടിയ ഈ ചിത്രം എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്നത് കൊണ്ടു തന്നെ നഗ്നതയും അത്തരം സംഭാഷങ്ങളും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.
