എംസോൺ റിലീസ് – 2952

ഭാഷ | ജാപ്പനീസ് |
സംവിധാനം | Shunji Iwai |
പരിഭാഷ | മനീഷ് ആനന്ദ് |
ജോണർ | ഡ്രാമ, റൊമാൻസ് |
ടോക്യോയ്ക്ക് സമീപമുള്ള ഒരു സർവ്വകലാശാലയിൽ ചേരാൻ തീരുമാനിച്ച നിരേനോ ഉസുക്കി, ഹൊക്കൈദോയിലെ തന്റെ കുടുംബത്തോട് വിടപറയുകയും, ചെറി പൂക്കളുടെ ഇതളുകൾ നൃത്തം ചെയ്യുന്ന ഏപ്രിൽ മാസത്തിൽ ടോക്യോ നഗരത്തിൽ നിന്നും അൽപ്പം അകലെയുള്ള മുസാഷിനോ എന്ന ശാന്തമായ പട്ടണത്തിൽ തനിച്ചു താമസിച്ചു കൊണ്ട് അവൾ കോളേജ് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. കോളേജ് ജീവിതം അവൾ പ്രതീക്ഷിച്ചതിലും ചെറുതും വലുതുമായ നിരവധി സാഹസികതകളും അനുഭവങ്ങളും സമ്മാനിക്കുന്നതോടൊപ്പം പരീക്ഷണങ്ങളിലേക്കും പ്രയാസങ്ങളിലേക്കും നയിക്കുന്നുമുണ്ട്. ഒരു മീൻപിടിത്ത ക്ലബ്ബിൽ പ്രവേശിച്ച് അയൽപക്കത്തെ പെൺകുട്ടിയുമായി വിചിത്രമായ കണ്ടുമുട്ടലുകൾ നടത്തി അപരിചിതമായ ജീവിതവുമായി പൊരുത്തപ്പെടാൻ ഉസുകി ശ്രമിക്കുന്നു. എന്നിരുന്നാലും, അവൾ ഈ സർവ്വകലാശാല തിരഞ്ഞെടുത്തതിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു “ഉദ്ദേശ്യം” ഉണ്ടായിരുന്നു…
തകാകോ മത്സുവിനെ കേന്ദ്രകഥാപാത്രമാക്കി, ടോക്യോയിൽ എത്തിയ ഒരു വിദ്യാർത്ഥിനിയുടെ ദൈനംദിന ജീവിതം സൗമ്യതയും പുതുമയുമോടെ സംവിധായകൻ ഷുൻജി ഇവായ് ചിത്രീകരിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് “ഏപ്രിൽ സ്റ്റോറി.” പിരിമുറുക്കത്തിന് ഒരു ഒറ്റമൂലി എന്ന പോലെ, സാവധാനം കഥ പറഞ്ഞു കൊണ്ട്, പ്രേക്ഷകനിൽ ഒരു പുഞ്ചിരി സമ്മാനിച്ച് കഥയവസാനിപ്പിക്കുന്ന വളരെ ശാന്തവും ലളിതവും സുന്ദരവുമായ ഒരു ജാപ്പനീസ് റൊമാന്റിക്ക്-ഫീൽഗുഡ് ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം.