എംസോൺ റിലീസ് – 3121
ഭാഷ | ജാപ്പനീസ് |
സംവിധാനം | Masaki Kobayashi |
പരിഭാഷ | മനീഷ് ആനന്ദ് |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
“ദ ബ്ലാക്ക് ഹെയർ” (കറുത്ത കാർകൂന്തൽ), “വുമൻ ഓഫ് ദ സ്നോ” (മഞ്ഞു സ്ത്രീ), “ഹോയിച്ചി ദി ഇയർലെസ്” (ഹോയിച്ചി എന്നൊരു ചെവിയില്ലാത്തോൻ), “ഇൻ എ കപ്പ് ഓഫ് ടീ” (ഒരു ചായ കോപ്പയിൽ) എന്നീ നാല് വ്യത്യസ്ത ജാപ്പനീസ് നാടോടി കഥകളുടെ ഒരു ഒമ്നിബസ് (ആന്തോളജി) ചലച്ചിത്രാവിഷ്ക്കാരമാണ് “ക്വൈദാൻ” അഥവാ “പ്രേതകഥകൾ”.
“ഹരാകിരി” എന്ന വിശ്വവിഖ്യാത സമുറായ് ചലച്ചിത്രത്തിന്റെ സംവിധായകനായ മസാകി കൊബായാഷി സംവിധാനം ചെയ്ത് 1964-ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് സൂപ്പർനാച്വറൽ-ഹൊറർ-ഫാന്റസി ചിത്രം, യകുമൊ കൊയിസുമിയുടെ (പാട്രിക് ലഫ്കേഡിയോ ഹേൺ) “ക്വൈദാൻ: വിചിത്രമായ സംഭവങ്ങളുടെ കഥകളും പഠനങ്ങളും” (ക്വൈദാൻ: സ്റ്റോറീസ് ആന്റ് സ്റ്റഡീസ് ഓഫ് സ്ട്രേഞ്ച് തിങ്സ്) എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത ശക്തികളിൽ അകപ്പെട്ട മനുഷ്യരെക്കുറിച്ചും അമാനുഷിക ലോകം അവരുടെ ജീവിതത്തിൽ അന്തര്‍ഭവിക്കുമ്പോളെന്ത് സംഭവിക്കുന്നുവെന്നതിനെക്കുറിച്ചും വേറിട്ട ചലച്ചിത്രാനുഭവത്തിലൂടെയും വിചിത്രമായ അന്തരീക്ഷത്തിലൂടെയും “ക്വൈദാൻ” കാട്ടിത്തരുന്നു.
സംവിധായകൻ മസാകി കൊബയാഷിയുടെ ആദ്യ കളർ ചിത്രമായിരുന്നു ഇത്. അദ്ദേഹം സ്വന്തം കയ്യാൽ വരച്ചു തയ്യാറാക്കിയ സെറ്റുകളും, ഓരോ എപ്പിസോഡുകൾക്കും പ്രകാശമാനമായ വ്യത്യസ്ത നിറങ്ങൾ നൽകുകയും, സംഗീതസംവിധായകനായ തോരു തകെമിത്സുവിന്റെ എക്സ്പീരിമെന്റൽ മ്യൂസിക്കും പ്രേക്ഷകനെ വേട്ടയാടുകയും, അതേസമയം ഈ ചിത്രത്തിന്റെ കാവ്യാത്മകമായ ആവിഷ്‌കാരത്തിന്റെ വ്യാപ്തി സമാനതകളില്ലാത്തതാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിന് 1965-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുണ്ട്.