എംസോൺ റിലീസ് – 2984
ഭാഷ | കന്നഡ |
സംവിധാനം | Raj B. Shetty |
പരിഭാഷ | ജുനൈദ് ഒമർ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
നേരം ഉച്ചയോട് അടുക്കുന്നു. മീൻ നന്നാക്കിക്കൊണ്ടിരുന്ന ഹരിയുടെ അമ്മ എന്തൊക്കെയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. ഹരിയോട് അൽപം വെള്ളമെടുത്ത് തന്റെ കൈകളിൽ ഒഴിക്കാൻ പറയുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തീർച്ച. തന്റെ മകനെയും കൂട്ടി തൊട്ടടുത്തുള്ള കൈവരിയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ കിണറ്റിൻ കരയിലേക്ക് അവർ നടന്നടുക്കുകയാണ്. ഇരുട്ടുവീണ കിണറ്റിനുള്ളിലേക്ക് അവർ സൂക്ഷ്മമായി നോക്കി. പിന്നീട് ഗ്രാമവാസികൾ നിറയെ ആ കിണറ്റിൻ കരയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കപ്പിയും കയറുമുപയോഗിച്ച് അവർ കിണറ്റിൽ നിന്നും ശ്രമകരമായി ഒരു ചാക്കുകെട്ട് വലിച്ചുകയറ്റുകയാണ്. ആ ചാക്കുകെട്ടിൽ പ്രകാശം പതിക്കുമ്പോൾ തന്നെ പശ്ചാത്തലത്തിൽ എല്ലാവരും മൂക്കുപൊത്തുന്നുണ്ട്. അവർ ചാക്കുകെട്ട് പതിയെ താഴെയിറക്കി. തുറന്ന് നോക്കുമ്പോൾ മുറിവുകളിൽ വ്രണങ്ങൾ നിറഞ്ഞ വിറങ്ങലിച്ചൊരു ശരീരം! അതൊരു ആൺകുട്ടിയുടെ ശരീരമായിരുന്നു. അടിവസ്ത്രം മാത്രം ബാക്കിയായ ആ ശരീരത്തെ വളരെ സാവധാനം ഒരു പുൽപായയിലേക്ക് കിടത്തി നാല് പേർ ചേർന്ന് അതിന്റെ അറ്റങ്ങളിൽ പിടിച്ച് അവനെയും കൊണ്ട് നടന്നുനീങ്ങി… പെട്ടെന്നൊരു ഞരക്കം!!! വെള്ളം! വെള്ളം! വെള്ളം!
ഇക്കാലമത്രെയും അനുഭവിച്ച നരകജീവിതത്തിന്റെ കയ്പേറിയ വിധി അന്ധകാരത്താൽ തളം കെട്ടിയ ആ കിണറിന്റെ അഗാധതയിൽ നിന്നും അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ച ഹരിയുടെ അമ്മ സ്നേഹം കൊണ്ട് അവനെ ശുദ്ധിയാക്കിയിട്ടുണ്ടാകണം. ആ നരകത്തിന്റെ ഗർഭപാത്രം ചുമന്നത് വെറുമൊരു ബാലനെയായിരുന്നില്ല. അവന്റെ പക അവന്റെ ഉള്ളിലെപ്പോഴോ ഉറങ്ങിപ്പോയിട്ടുണ്ടാകണം.
ജീവന്റെ കണികമാത്രം ബാക്കി വച്ച കിരാതന്മാരോട് തോറ്റ് കൊടുക്കാൻ അവന് മനസ്സില്ലായിരുന്നു! അവന്റെ മനസ്സിന്റെ ധൈര്യത്തിനും നീറുന്ന പ്രതികാരത്തിനും മുൻപിൽ മരണം പോലും തോറ്റുപോയിരിക്കുന്നു! അവന്റെ പേരാണ് ശിവ! ഹരിയുടെ സ്വന്തം ശിവ!
ഇവരുടെ കഥയാണ് ഗരുഡ ഗമന ഋഷഭ വാഹനായിലൂടെ നമ്മൾ കാണാൻ പോകുന്നത്.
സുഹൃദ്ബന്ധത്തിന്റെ അളവറ്റ സ്നേഹത്തിന്റെ വറ്റാത്ത ഉദാഹരണമാണ് ഇവരുടെ ജീവിതം. ശിവയ്ക്ക് ഹരിയോടുള്ള സ്നേഹത്തിന്റെ ആഴമറിയണമെങ്കിൽ ആദ്യം ഹരിയ്ക്ക് നേരെ തോക്ക് ചൂണ്ടിയ മനുഷ്യനെന്ത് സംഭവിച്ചു എന്നറിയണം. ഹരിയെ വേദനിപ്പിച്ച ഓരോരുത്തരുടെയും അവസ്ഥ എന്തെന്നറിയണം. പെയ്യുന്ന മഴയ്ക്കും തഴുകുന്ന കാറ്റിനും രക്തത്തിന്റെ മണമുള്ള മംഗലൂരുവിൽ ഓരോ മഴയിലും ഓരോ ഗ്യാംഗ്സ്റ്ററുകൾ വീതം ജന്മം കൊണ്ടു. പരസ്പരം പോരടിക്കുന്ന ഗ്യാംഗ്സ്റ്ററുകൾ. ഭരണസംവിധാനങ്ങൾ പോലും നിഷ്ക്രിയമാകുന്ന സന്ദർഭങ്ങൾ. അങ്ങനെയിരിക്കെയാണ് ഈ ചതുരംഗകളിയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി ഒരു പോലീസുകാരൻ എത്തുന്നത്. ശേഷമുള്ള സംഭവബഹുലമായ നിമിഷങ്ങൾ കണ്ടുതന്നെ അറിയൂ…
എഴുത്ത്: ഷിഹാസ് പരുത്തിവിള