എം-സോണ്‍ റിലീസ് – 2633

വാർദ്ധക്യത്തിൽ ഒറ്റക്കായിപ്പോയ ബ്യുൺ മുത്തശ്ശി ഒരു ദിവസം പുറത്ത് പോയി വരുമ്പോൾ കാണുന്നത് അവരുടെ വീട്ടുവരാന്തയിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു പെൺകുട്ടിയെയും കൂടെയൊരു കൈക്കുഞ്ഞിനെയുമാണ്. അവർ മറ്റാരുമായിരുന്നില്ല, വർഷങ്ങൾക്ക് മുൻപ് വീട് വിട്ട് പോയ അവരുടെ മകളുടെ കുഞ്ഞുങ്ങളാണ്. അച്ഛന്റേം അമ്മയുടേം മരണശേഷം അവർക്ക് പോവാൻ മറ്റൊരിടമില്ലായിരുന്നു. ബ്യുൺ മുത്തശ്ശി അവരെ സന്തോഷത്തോടെ സ്വീകരിച്ചു. മൂത്ത കുട്ടി ഗോങ്-ജു അവിടത്തെ സ്‌കൂളിൽ പോവാൻ തുടങ്ങി. വൈകാതെ തന്നെ അവൾക്കൊരു കൂട്ടുകാരനെയും കിട്ടി. തൂവാലകൾ തുണിയുണ്ടാക്കി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മുത്തശ്ശി കുടുംബം നോക്കുന്നത്. കഷ്ടതകൾക്കിടയിലും ചെറിയ സന്തോഷങ്ങളുമായി അവരുടെ ജീവിതം മുന്നോട്ട് പോയി.
എന്നാൽ അവരുടെ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇളയകുഞ്ഞ് ജിൻ-ജുവിന് വാക്സിൻ എടുക്കാനായി ഒരുനാൾ ആശുപത്രയിൽ കൊണ്ടു പോവുന്നു. അവിടെ വെച്ച് ജിൻ-ജുവിന്, കുട്ടികളിൽ വളരെ അപൂർവമായി കണ്ടു വരുന്ന ഒരു രോഗമുണ്ടെന്ന് കണ്ടെത്തുന്നു. തുടർ ചികിത്സക്കായി അവരുടെ കയ്യിൽ പണമില്ല. ആ സമയത്ത് തന്നെയാണ് മുത്തശ്ശിക്ക് മറവിരോഗം ആരംഭിക്കുന്നതും. തന്റെ കുടുംബം കൈവിട്ടുപോവാതിരിക്കാനായി ഗോങ്-ജു നടത്തുന്ന പരിശ്രമങ്ങളാണ് തുടർന്നുള്ള കഥ.