എം-സോണ്‍ റിലീസ് – 1440
ത്രില്ലർ ഫെസ്റ്റ് – 47
ഭാഷ | കൊറിയൻ |
സംവിധാനം | Young-Joo Byun |
പരിഭാഷ | ജിതിൻ.വി |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
ജാങ്ങ് മുൻ ഹോയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി കടന്നു വന്ന യുവതിയാണ് സിയോൻ-യങ്ങ്. പരസ്പരമുള്ള പരിചയപ്പെടലിലൂടെ പ്രണയബന്ധിതരായ അവർ വിവാഹം കഴിക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു. സ്വന്തമായി വീട്ടുകാരാരും യങ്ങിന് ഇല്ലെന്നറിയാവുന്നത് കൊണ്ട് തന്നെ അയാൾക്കവളോടുള്ള അടുപ്പം കൂട്ടി. വിവാഹത്തിന് മുന്നോടിയായി അയാൾ തന്റെ വധുവാകാൻ പോകുന്ന സിയോൻ യങ്ങിനൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു. കോരിച്ചൊരിയുന്ന മഴക്കിടയിൽ ഒരു റെസ്റ്റോറന്റിനു സമീപം കാറൊതുക്കി അയാൾ യങ്ങിന്റെ ആവശ്യപ്രകാരം കാപ്പി വാങ്ങാൻ പോകുന്നു. ഫുഡും കാപ്പിയും വാങ്ങി തിരികെ വന്ന അയാൾ കാണുന്നത്, തന്റെ കാർ വിജനമായി കിടക്കുന്നതാണ്. അതിനുള്ളിൽ അവളുണ്ടായിരുന്നില്ല. ആ പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും അയാൾക്ക് അവളെ കണ്ടെത്താനായില്ല. എവിടേക്കാണ് അവൾ അപ്രത്യക്ഷയായത്. എന്തായിരുന്നു അവളുടെ തിരോധാനത്തിന് പിന്നിൽ?
സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അതിർ വരമ്പുകൾ ഖണ്ഡിച്ചു കൊണ്ട് മുന്നേറുന്ന കാപട്യത്തെയാണ് Helpless എന്ന ഫിലിമിലൂടെ പ്രകടമാക്കുന്നത്. “അനിർവചനീയമാണ് സ്ത്രീ മനസ്” എന്ന വാദത്തെ ന്യായീകരിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. പതിഞ്ഞ താളത്തിൽ തുടങ്ങി, ദ്രുതഗതിയിൽ പ്രക്ഷുബ്ദമായ സ്ത്രീ മനസിന്റെ ക്രൂരഭാവത്തെ വിഭാവനം ചെയ്യുകയാണിതിലൂടെയെന്ന് നിഷ്പക്ഷമായും പറയാം.