എം-സോണ്‍ റിലീസ് – 1087
ഭാഷ | കൊറിയൻ |
സംവിധാനം | Soon-rye Yim |
പരിഭാഷ | സുഹൈൽ സൂഫി, മുൻഷീറ നാസർ |
ജോണർ | ഡ്രാമ |
കൊറിയൻ ഫീൽ ഗുഡ് മൂവി ശ്രേണിയിലേക്ക് നിസ്സംശയം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 2018 ൽ പുറത്തിറങ്ങിയ ലിറ്റില്‍ ഫോറസ്റ്റ് എന്ന ചിത്രം. കിം-റ്റേരി എന്ന നടിയുടെ അഭിനയ മികവിനെ വേണ്ട വിധം ഉപയോഗപ്പെടുത്താൻ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്. ഹേ-വൂ ആയി വേഷമിട്ട കിം-റ്റേരി യുടെ ബാല്യകാല സുഹൃത്തായി എത്തുന്ന ജിൻ കി-ജൂ വിൻറെ പ്രകടനവും എടുത്ത് പറയേണ്ടതുണ്ട്. ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകളെ അത്രയധികം സ്ത്രീസഹജമായ ഭാവപ്രകടനങ്ങൾ കൊണ്ട് മികവുറ്റതാക്കുന്നതിൽ 58 കാരിയായ യിം സുൻ-റൈ എന്ന സംവിധായിക അങ്ങേയറ്റം നീതി പുലർത്തിയിരിക്കുന്നു.
ഗ്രാമജീവിതം ഒട്ടും ഇഷ്ടമല്ലാതിരുന്ന ഹേ-വൂ ഉപരിപഠനത്തിനായി നഗരത്തിലേക്ക് താമസം മാറുന്നു. എന്നാൽ നഗരജീവിതവും ഹേ-വൂ വിന് അത്ര നല്ല അനുഭവങ്ങളല്ല നൽകുന്നത്. വീണ്ടും തന്‍റെ മനോഹരമായ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. തുടർന്ന് തന്‍റെ 2 ബാല്യകാല സുഹൃത്തുക്കളുമായി കൃഷിയും പാചകവുമൊക്കെയായി കഥ മുന്നോട്ട് പോകുന്നു.
ഇടക്കിടെ മുന്നിലെത്തുന്ന ഭക്ഷണവിഭവങ്ങളെ ഒരു സ്നേഹവിരുന്നെന്നോണമായിരിക്കും പ്രേക്ഷകൻ സ്വീകരിക്കുക. കാരണം നമ്മളറിയാതെ തന്നെ നമ്മളെ കഥയുടെ ഭാഗമാക്കിയെടുക്കുക എന്ന ജാലവിദ്യ കൂടി ഇതിനിടയിൽ സംഭവിക്കുന്നുണ്ട്. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം മനോഹരമായ ഒരു ഗ്രാമത്തിന്‍റെ എല്ലാ ഋതുഭേദങ്ങളിലൂടെയും പ്രേക്ഷകനെ കൈപിടിച്ച് നടത്തുന്നുണ്ട്.
കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി ശക്തമായി പ്രതിപാദിക്കുന്ന ചിത്രം 38ആമത് Korean Association of Film Critics Awards ന്‍റെ ടോപ്പ് ഇലവൻ പട്ടികയിൽ ഒന്നാണ്. 5ആമത് Korean Film Producers Association Awards ന്‍റെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 18ആമത് Director’s Cut Awards ന്‍റെ മികച്ച നടിക്കുള്ള പുരസ്കാരവും ചിത്രം നേടി.