Memoir of A Murderer
മെമ്വോർ ഓഫ് എ മർഡറർ (2017)
എംസോൺ റിലീസ് – 1180
ഭാഷ: | കൊറിയൻ |
സംവിധാനം: | Won Shin-yeon |
പരിഭാഷ: | അരുൺ അശോകൻ, പ്രവീൺ അടൂർ |
ജോണർ: | ആക്ഷൻ, ക്രൈം, ത്രില്ലർ |
താൻ നട്ടു നനച്ച് വളർത്തി വലുതാക്കിയ മുളയിലെ കൊഴിഞ്ഞു വീഴുന്ന ഇലകൾ ജീർണിക്കും പോലെ ദിനംപ്രതി ഓർമകൾ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അച്ഛൻ, അൽഷിമേഴ്സാണ്. അദ്ദേഹത്തിന് ആകെയുള്ള ഒരു മകൾ. അവൾക്ക് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത് തന്നെ. എന്നാൽ നാട്ടിൽ ഒരു സീരിയൽ കില്ലർ പെൺകുട്ടികളെ കൊന്നുതള്ളുന്നു. ഇനി അവനെങ്ങാനും തന്റെ മകളെ ഉപദ്രവിക്കുമോ? അതെ, അതുതന്നെ സംഭവിച്ചു. അവളെ സീരിയൽ കില്ലർ നോട്ടമിട്ടിരിക്കുന്നു. അടുത്ത ഇര അവളാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. സ്വന്തം മകളെപ്പോലും ചിലപ്പോൾ മറന്നു പോകുന്ന ആ അച്ഛൻ എങ്ങനെ അവളെ അയാളിൽ നിന്നും സംരക്ഷിക്കും? മകളറിയാത്ത ഒരു ഭൂതകാലം കൂടി അദ്ദേഹം ആ മുളംകാട്ടിൽ കുഴിച്ചുമൂടിയിട്ടുണ്ട്. ഓർമകളെ ഒരിക്കലും വിശ്വസിക്കരുത് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രേക്ഷകർക്കൊരു മുന്നറിയിപ്പാണ്. ട്വിസ്റ്റുകളാൽ സമ്പന്നമായ “ഒരു കൊലയാളിയുടെ ലേഖനം” എന്ന ഈ സിനിമ പറയുന്നത് അത്തരമൊരു കഥയാണ്.
ദക്ഷിണ കൊറിയയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുന്ന Gu Sol ഈ ചിത്രത്തിലും ജീവിക്കുകയാണ്.
ഒയാസീസ്, പെപ്പർമിന്റ് ക്യാന്റി, നോ മെഴ്സി എന്നീ ചിത്രങ്ങളിൽ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം അത്രമേൽ സ്വാഭാവികമായും തൻമയത്വത്തോടെയും ആ അച്ഛൻ വേഷം മനോഹരമാക്കിയിരിക്കുന്നു. 2017ലെ മികച്ച നടനുള്ള കൊറിയൻ ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയതിൽ ഒട്ടും അതിശയിക്കാനില്ല. – പ്രവീൺ അടൂർ.