Squid Game Season 01
സ്ക്വിഡ് ഗെയിം സീസൺ 01 (2021)

എംസോൺ റിലീസ് – 2791

Download

169275 Downloads

IMDb

8/10

456 മത്സരാർത്ഥികൾ!
4560 കോടി സമ്മാനം!
തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ!

പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസാണ് “സ്ക്വിഡ് ഗെയിം“. ഇറങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ മറ്റു പല പ്രമുഖ സീരിസുകളെയും പിന്നിലാക്കി നെറ്റ്ഫ്ലിക്സ് ടോപ്പ് ചാർട്ടിൽ ഇടം നേടിയ സീരീസ്, ലോകത്താകമാനം മികച്ച നിരൂപകപ്രശംസയും പിടിച്ചു പറ്റി. കൃത്യമായ ഇടവേളകളിൽ വരുന്ന ട്വിസ്റ്റുകളും, ഓരോ ഗെയിമുകളുടെ ത്രില്ലിംഗുമടക്കം പ്രേക്ഷകനെ കണ്ണെടുക്കാത്ത തരത്തിൽ പിടിച്ചിരുത്തും.

കടം വാങ്ങി മുടിഞ്ഞു, ഭാര്യയും ഉപേക്ഷിച്ചു, അങ്ങനെ നാട്ടുകാരുടേയും വീട്ടുകാരുടെയും മുന്നിൽ നിന്ന് ഓടി ഒളിക്കേണ്ട അവസ്ഥയാണ് നായകൻ കി ഹുണിന്. ഇങ്ങനെ ഒരുഗതിയും പരഗതിയുമില്ലാതെ, പണത്തിന് ഇനിയെന്ത് ചെയ്യുമെന്നറിയാതെ റെയിൽവേ സ്റ്റേഷനിൽ ചിന്താനിമഗ്നനായി ഇരിക്കുമ്പോഴാണ്, തനിക്ക് ഒരിക്കലും സ്വപ്നം കാണാൻ പറ്റാത്തത്രയും പണം സമ്മാനമായുള്ള ഒരു ഗെയിമിലേക്ക് ക്ഷണം വരുന്നത്. മുന്നും പിന്നും നോക്കാതെ അവൻ ഗെയിമിനായി ഇറങ്ങി തിരിക്കുന്നു. അവിടെ തന്നെപ്പോലെ തന്നെ ഒരുഗതിയുമില്ലാത്ത 455 പേർ കൂടി ഉണ്ടായിരുന്നു. അങ്ങനെ ഗെയിമിലേക്ക് കടന്നപ്പോഴാണ് അവർക്ക് വന്നു പെട്ടിരിക്കുന്ന കുരുക്കിനെപ്പറ്റി മനസ്സിലായത്. അവിടുന്നങ്ങോട്ട് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സംഭവങ്ങളായിരുന്നു നടന്നത്. പണത്തിനുവേണ്ടി ഗെയിം കളിക്കാൻ വന്നവർക്ക് ഒടുവിൽ സ്വന്തം ജീവനുവേണ്ടി ഗെയിം കളിക്കേണ്ടി വന്നാലോ? അതായിരുന്നു ശേഷം സംഭവിച്ചത്. പീന്നീടങ്ങോട്ട് അതിജീവനത്തിനായുള്ള ഗെയിമായിരുന്നു കളിക്കേണ്ടി വന്നത്!
അതെ… ജീവൻ വെച്ചുള്ള മരണക്കളി!

കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, ഗസ്റ്റ് റോളുകളിൽ സർപ്രൈസായി വരുന്ന അഭിനേതാക്കൾ. എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ” സ്ക്വിഡ് ഗെയിം“.

കടപ്പാട് : തൗഫീക്ക് എ