എംസോൺ റിലീസ് – 2776
നമ്മളിൽ മിക്കവരും കൊറിയൻ സിനിമയും അവരുടെ ഭാഷയും ഒക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാൽ ഇങ്ങനെ ഒരു ഭാഷ അവിടെ എങ്ങനെ ഉടലെടുത്തു എന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
വർഷങ്ങളോളം ജപ്പാന്റെ കൊടും ക്രൂരതകൾക്ക് വിധേയമാക്കപ്പെട്ട രാജ്യമാണ് കൊറിയ. അവരുടെ ഭാഷയേയും ദേശീയതയേയും അടിച്ചമർത്തി ജാപ്പനീസ് അവിടുത്തെ ഔദ്യോഗികഭാഷയാക്കി മാറ്റുക എന്നതായിരുന്നു ജപ്പാന്റെ ലക്ഷ്യം. എതിർ രാജ്യങ്ങളുടെ പീരങ്കി ഉണ്ടകൾക്ക് തടയായി മുന്നിൽ നിർത്താനായിരുന്നു ജപ്പാൻ കൊറിയൻ ജനങ്ങളെ ഉപയോഗിച്ചിരുന്നത്. കൊറിയൻ വിദ്യാഭ്യാസവും ഭാഷയും കൊറിയയിൽ നിരോധിക്കപ്പെട്ടു. പയ്യെപ്പയ്യേ അവിടുത്തെ ആളുകൾ കൊറിയൻ മറന്ന് ജാപ്പനീസ് സംസാരിച്ചു തുടങ്ങി.
ഈ സമയത്താണ് കൊറിയൻ ഭാഷാ സൊസൈറ്റി എന്ന സംഘടനയുടെ ഉദയം. കൊറിയൻ ഭാഷയുടെ പുനരുദ്ധാരണത്തിനായി അവർ ഒരു ഡിക്ഷണറി ഉണ്ടാക്കാൻ തീരുമാനിക്കുകയും, അതിനായി പല നാടുകളിലേയും പ്രാദേശിക വാക്കുകൾ കണ്ടെത്തി ശേഖരിക്കുകയും ചെയ്തു.
ജപ്പാന്റെ പിടിയിൽ നിന്നും കൊറിയൻ ജനതയെ സംരക്ഷിക്കുവാനും, അവരുടെ മാതൃഭാഷയെ ഉയർത്തിക്കൊണ്ട് വരുവാനും, കൊറിയൻ ഭാഷ സോസൈറ്റി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Eom Yu-na യുടെ സംവിധാനത്തിൽ യഥാർത്ഥ സംഭവങ്ങളെ അധികരിച്ച് എടുത്ത ഈ ചിത്രം, തകർന്നടിയപ്പെട്ട ഒരു രാജ്യത്തിന്റെ എക്കാലത്തെയും മികച്ച തിരിച്ചുവരവിന്റെ നേർക്കാഴ്ച കൂടിയാണ്. ആകാംഷയും നർമ്മവും നൊമ്പരങ്ങളുമെല്ലാം സമം ചാലിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം ഒരു സിനിമാപ്രേമി ഒരിക്കലും മിസ്സ് ആക്കിക്കളയരുത്.