എം-സോണ്‍ റിലീസ് – 1017
ഭാഷ | കൊറിയന്‍ |
സംവിധാനം | Tae-hwa Eom |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഫാന്റസി |
അമ്മയുടെ മരണശേഷം സൂ റിന്‍ തന്‍റെ രണ്ടാനച്ഛനോടൊപ്പം പുതിയൊരു നാട്ടിലേക്ക് മാറുന്നു. പുതിയ സ്കൂളിൽ അവളോട് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല. അതിനു കാരണം അവൾ എഴുതിയിരുന്ന വിചിത്രമായ ഒരു ബ്ലോഗ് ആയിരുന്നു. എന്നാൽ അനാഥനായ സംഗ് മിന്‍ അവളോടടുത്തു. സൗഹൃത്തിനപ്പുറം എന്തോ അവർക്കിടയിലുണ്ടായിരുന്നു. ഒരു ദിവസം സംഗ് മിനും രണ്ടു കൂട്ടുകാരും കൂടി സ്കൂളിനടുത്തുള്ള ഖനിയിൽ ഇടക്കിടയുണ്ടാവുന്ന സ്‌ഫോടനം കാണാൻ പോകാമെന്ന് പദ്ധതിയിടുന്നു.
സൂ റിനും അവരോടൊപ്പം ചേരുന്നു. ഖനിയുടെ അടുത്തുള്ള മലമുകളിൽ ആരുമറിയാതെ അവർ കയറുന്നു. പോകും വഴിയിൽ യാദൃശ്ചികമായി ഒരു ചെറിയ ഗുഹ അവരുടെ ശ്രദ്ധയിൽപ്പെടുന്നു. ഒരു കൗതുകത്തിന് അവരെല്ലാവരും ആ ഗുഹക്കുള്ളിലേക്ക് കയറിപ്പോകുന്നു. അവിടെയവർ ഒരു ചെറിയ കുളവും അതിന്‍റെയുള്ളിലായി തിളങ്ങിനിൽക്കുന്ന ഒരു വലിയ മുട്ടയും കാണുന്നു. സംഗ് മിന്‍ വെള്ളത്തിലിറങ്ങി ആ മുട്ടയെടുക്കുന്നു.
ഗുഹക്കു പുറത്തുവന്ന അവർ ആ മുട്ട പൊട്ടിക്കാൻ നോക്കുന്നു. എന്നാൽ ആ സമയം സൂ റിന്‍ ഗുഹക്കുള്ളിൽ മറന്നു വച്ച തന്‍റെ ഹെയര്‍പിന്‍ എടുക്കാനായി വീണ്ടും ഗുഹക്കുള്ളിലേക്ക് പോകുന്നു. ഹെയര്‍പിന്‍ കണ്ടെത്തി തിരിച്ചു പുറത്തു വന്നപ്പോൾ അവള്‍ കണ്ടത്, ആ മുട്ട പൊട്ടിയിരിക്കുന്നു, സംഗ് മിന്‍ അടക്കം കൂടെ വന്ന മൂന്നു പേരെയും കാണാതാവുന്നു! പിന്നീട് അവളുടെ ജീവിതത്തിൽ നടക്കുന്ന വളരെ വ്യത്യസ്തവും അവിശ്വസനീയവുമായ സംഭവവികാസങ്ങൾ കണ്ടു തന്നെ അറിയുക.