എം-സോണ് റിലീസ് – 1352
ഭാഷ | കൊറിയൻ |
സംവിധാനം | Kwang-Hyun Park |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | കോമഡി, ഡ്രാമ, വാർ |
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതേയുള്ളൂ. സൗത്തും, കമ്മ്യൂണിസ്റ്റ് നോർത്ത് കൊറിയൻസും തമ്മിൽ വീണ്ടും സംഘർഷം. അമേരിക്ക പ്രത്യക്ഷമായും സൗത്ത് കൊറിയയുടെ ഭാഗത്ത്.
പക്ഷേ, ഇതൊന്നും അതിർത്തിയിലെവിടെയോ മഞ്ഞുമൂടി കിടന്ന ഡോങ്മക്ഗോൾ എന്ന നിഷ്കളങ്ക ഗ്രാമം അറിഞ്ഞിട്ടേയില്ല. നിരക്ഷരരും ശുദ്ധരുമായ ഈ ഗ്രാമീണർക്കിടയിലാണ് ഒരു അമേരിക്കൻ വിമാനം തകർന്നു വീണത്. പരിക്കുകളോടെ രക്ഷപ്പെട്ട അമേരിക്കൻ പൈലറ്റ് ആശയ വിനിമയം നടത്താൻ പറ്റാതെ ക്ഷീണിതനായി ഗ്രാമീണർക്കൊപ്പം അസ്വസ്ഥ ഹൃദയവും പേറി ജീവിച്ചു പോരുന്ന കാലത്താണ് അവിടേക്ക് അവിചാരിതമായി അവരെത്തിയത്. വേട്ടയാടപ്പെട്ട ഒരു ട്രൂപ്പിൽ അവശേഷിച്ച 3 നോർത്ത് കൊറിയൻ സൈനികർ. അതേ സമയം തന്നെ സൗത്ത് കൊറിയൻ ട്രൂപ്പിൽ നിന്നും ഒളിച്ചോടിയ രണ്ട് പട്ടാളക്കാർ വേറെ വഴിക്കും എത്തിയിട്ടുണ്ട്.
രണ്ടു കൂട്ടരും നേർക്ക് നേർ ആയുധം ചൂണ്ടി നിൽക്കുന്നു. ഗ്രാമീണർ ഇവർക്കിടയിൽ കിടന്ന് വീർപ്പു മുട്ടുന്നു. അവരുടെ കാർഷിക സംഭരണമൊക്കെ ഇവന്മാർ കാരണം നശിച്ചതും വലിയ പ്രശ്നം തന്നെ. അവസാനം പുറത്തു നിന്നു വന്നവരെല്ലാം കൂടി ഒരുമിച്ച് നിന്ന് കൃഷിഭൂമിയിൽ പണിയെടുത്ത് ഗ്രാമീണരുടെ നഷ്ടം നികത്താൻ തീരുമാനിക്കുന്നു. അങ്ങനെ ഗ്രാമീണരുമായി വലിയ ചങ്ങാത്തത്തിലുമായി. ശത്രുതയൊക്കെ മെല്ലെ മെല്ലെ മറന്ന് എല്ലാവരും സൗഹൃദചിത്തരായി.അതിനിടയിൽ ആ ഗ്രാമം ബോംബിങ്ങിൽ ചുട്ടെരിക്കാൻ U. S ട്രൂപ്പ് തീരുമാനിച്ചതറിഞ്ഞ് ആറു പേരും കൂടി ഗ്രാമത്തെ രക്ഷിക്കാൻ പ്ലാൻ തയ്യാറാക്കുന്നു.
ഫീൽ ഗുഡ് മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം.