എം-സോണ്‍ റിലീസ് – 85

ഭാഷ | ലാവോ |
സംവിധാനം | Kim Mordaunt |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | ഡ്രാമ |
ഓസ്ട്രേലിയൻ സിനിമയായ ദി റോക്കറ്റ്, ഏഷ്യൻ രാജ്യമായ ലാവോസിൽ നടക്കുന്ന ഒരു ചെറിയ കഥയാണ് പറയുന്നത്. ഇരട്ടക്കുട്ടികൾ പിറന്നാൽ അതിൽ ഒരാൾ ദൈവാനുഗ്രഹമുള്ളയാളും മറ്റെയാൾ ശാപം പേറുന്നയാളുമായിരിക്കുമെന്നാണ് ലാവോസിലെ ഒരു ഉൾഗ്രാമത്തിലുള്ള അന്ധവിശ്വാസം. ചെറുപ്പത്തിൽ ഇത് തിരിച്ചറിയാനാകാത്തതുകൊണ്ട് രണ്ട് കുട്ടികളേയും കൊന്ന് കളയുകയാണ് അവിടെ പതിവ്. ജനിക്കുമ്പോൾത്തന്നെ അലോയ്ക്ക് തന്റെ സഹോദരനെ നഷ്ടപ്പെടുന്നു. അവന്റെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇരട്ടകളിലൊന്നാണെന്ന സത്യം മറച്ചുവെച്ച് അലോയെ കുടുംബം വളർത്തുന്നു. അലോ ദൈവാനുഗ്രഹമുള്ളവനാണെന്ന് അവന്റെ അമ്മയും ശാപംകിട്ടിയവനാണെന്ന് അമ്മൂമ്മയും വിശ്വസിച്ചുവന്നു.
അപ്രതീക്ഷിതമായി ഗ്രാമത്തിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന അലോയുടെ കുടുംബത്തിന് അവൻ ശാപമാണോ നൻമയാണോ വരുത്തിവെക്കുക എന്നതാണ് ചിത്രം പറയുന്നത്. യുദ്ധക്കെടുതിയും മനുഷ്യജീവിതങ്ങളും സ്വാഭാവികമായിത്തന്നെ വരച്ചുകാട്ടുന്ന ചിത്രം ധാരാളം അവാർഡുകളും വാരിക്കൂട്ടിയിട്ടുണ്ട്. പ്രധാന കഥാപാത്രമായ അലോയായി വേഷമിട്ട ഡിസമോ എന്ന കുട്ടിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.