എംസോൺ റിലീസ് – 2950
ഭാഷ | മാൻഡറിൻ |
സംവിധാനം | Chih-yen Yee |
പരിഭാഷ | മനീഷ് ആനന്ദ് |
ജോണർ | ഡ്രാമ, റൊമാൻസ് |
ഒരു ദിവസം, സന്തുഷ്ടമായ ഹൈസ്‌കൂൾ ജീവിതം നയിക്കുന്ന 17-കാരിയായ മെങിന്റെ ഉറ്റസുഹൃത്തായ യുഏഷെൻ പ്രണയത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങി. നീന്തൽ ക്ലബ്ബിലെ ഷങ്ങ് ഷിഹാവോ ആണ് കക്ഷി. അവൾക്കും ഷിഹാവോയ്ക്കും ഇടയിലുള്ള സ്നേഹത്തിന്റെ സന്ദേശവാഹകനായി പ്രവർത്തിക്കാൻ യുഏഷെൻ മെങിനോട് ആവശ്യപ്പെടുന്നു. എന്നാൽ യുഏഷെനിന് വേണ്ടിയുള്ള മെങിന്റെ പരസ്പര കണ്ടുമുട്ടലുകളിൽ തെറ്റിദ്ധരിച്ച് ഷിഹാവോയ്ക്ക് മെങിനോട് പ്രണയം തോന്നുന്നു. ഷിഹാവോയുമായി കൂടുതൽ ഇടപഴകുന്നതിൽ അവൾക്ക് പ്രത്യേക താൽപ്പര്യമില്ലെങ്കിലും അവൾ തന്റെ സുഹൃത്തിനെ സഹായിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഷിഹാവോയുടെ ശല്യം കൂടുതൽ സങ്കീർണതകൾ ഉണ്ടാക്കുന്നതോടെ താൻ മറച്ചു പിടിക്കാൻ ശ്രമിച്ച ഒരു രഹസ്യം ഷിഹാവോയുമായി അവൾ പങ്കുവച്ചു…യുവത്വത്തെക്കുറിച്ചും കൗമാരത്തെക്കുറിച്ചും ഒരുപാട് ചിത്രങ്ങളുണ്ടെങ്കിലും പ്രധാന കഥാപാത്രം തന്റെ വ്യക്തിത്വവുമായും ലൈംഗികതയുമായും മല്ലിടുന്നതിനെക്കുറിച്ചുള്ള കമിങ്-ഓഫ്-ഏജ് അല്ലെങ്കിൽ ടീനേജ് ചിത്രങ്ങൾ വളരെ കുറവാണ്. അത്തരത്തിലൊന്നാണ് ടീനേജ്, കമിങ്-ഓഫ്-ഏജ്, LGBT ചിത്രങ്ങൾക്ക് പേരു കേട്ട തായ്‌വാനീസ് സിനിമയിൽ നിന്നും 2002-ൽ പുറത്തിറങ്ങിയ “ബ്ലൂ ഗേറ്റ് ക്രോസിങ്“.
സിനിമയിൽ, തന്റെ വ്യക്തിത്വം സ്ഥിതീകരിക്കാനും മറികടക്കാനും ശ്രമിക്കുന്ന മെങിലൂടെ, ‘സ്നേഹം’ എന്ന സാർവത്രിക വികാരത്തിൽ അധിഷ്ഠിതമായ അവളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഉത്തരം കണ്ടെത്തുന്ന പ്രക്രിയ നമ്മളെ കാണിക്കുകയാണ് സംവിധായകനായ യി ഷിയെൻ (Yi Chih-yen). മെങ് കെറോ തന്റെ വ്യക്തിത്വം സ്ഥിരീകരിക്കാനും അത് മറികടക്കാനും ശ്രമിക്കുന്ന രംഗങ്ങൾ ചിലർക്ക് ബാലിശമായി തോന്നിയേക്കാമെങ്കിലും, വാസ്തവത്തിൽ അതൊരു വേദനാജനകമായ കാര്യമാണ്.
യഥാർത്ഥത്തിൽ, മെങ് കെറോയെ പോലെ സ്വയം പരീക്ഷിക്കാൻ പലർക്കും ധൈര്യമില്ലെന്നും നമ്മുടെ സമൂഹത്തിന് അഗാധമായ വിലക്കുകളുണ്ടെന്നും ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും പ്രതീക്ഷയുമുള്ള ഒരു കഥാന്ത്യത്തോടെ അവസാനിക്കുന്ന “ബ്ലൂ ഗേറ്റ് ക്രോസിങ്”, കഥാപാത്രങ്ങളെ അതിവൈകാരികതയിലേക്ക് തള്ളിവിടാതെയും, തന്റെ ലൈംഗികതയെക്കുറിച്ച് ആശയക്കുഴപ്പത്തിലായ മെങിന്റേയും അവളുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റു രണ്ടു കൗമാര പ്രായക്കാരുടേയും ഇഴപിരിഞ്ഞ ബന്ധങ്ങളും വികാരങ്ങളും സൂക്ഷ്മമായും സൗമ്യവും ലോലവും ആകർഷണീയവുമായ ആഖ്യാനഘടന കൊണ്ടും ചിത്രീകരിച്ചിരിക്കുന്ന ഒരു മികച്ച ചിത്രമാണ്. സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ അഭിനേതാക്കളും യഥാർത്ഥത്തിൽ കഥാപാത്രത്തെ ഉൾക്കൊള്ളുകയും, പരസ്പരം മികച്ച രീതിയിൽ അഭിനയിക്കുകയും അവരെ നിഷ്കളങ്കമായി, യാഥാർത്ഥ്യം നഷ്ടപ്പെടുത്താത്ത വിധത്തിൽ മധുരതരമായി പകർത്തുകയും ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.