എം-സോണ്‍ റിലീസ് – 26
ഭാഷ | മായന്‍ |
സംവിധാനം | Mel Gibson |
പരിഭാഷ | രൂപേഷ് കാലിക്കറ്റ്, നിതിന്‍ കാലിക്കറ്റ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
ബ്രേവ് ഹാര്‍ട്ട്, ദി പാഷന് ഓഫ് ദി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും ശ്രദ്ധേയനായ മെല്‍ ഗിബ്സണ് സംവിധാനം ചെയ്ത ചിത്രമാണ് അപ്പോകാലിപ്റ്റോ(2006). മായന്‍ വംശീയതയുടെ അവസാനനാളുകളില്‍ നടക്കുന്ന ഈ കഥ എഴുതിയിരിക്കുന്നത് മെല്‍ ഗിബ്സണ്, ഫര്‍ഹദ് സഫീനിയ എന്നിവര്‍ ചേര്‍ന്നാണ്. മായന്‍ ഭാഷ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നതെന്നതും ഇതിന്റെ സവിശേഷതയാണ്.
ജാഗര്‍ പോയും (റൂഡി യങ്ങ്ബ്ലഡ്) അച്ഛന് ഫ്ലിന്റ് സ്കൈ (മോറിസ് ബേഡ്യെല്ലോഹെഡ്) യും കൂട്ടരുടെയും അധികാരത്തിലാണ് ആ പ്രദേശങ്ങള്‍. ഒരു ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുന്ന ജാഗര്‍, ഗ്രാമത്തില്‍ അപരിചിതര്‍ കടന്നു കയറിയത് മനസിലാക്കുന്നു. മായന്‍ വംശജരായ സീറോ വോള്‍ഫും (റൌള്‍ ട്രുജീലോ) കൂട്ടരുമായിരുന്നു അതിക്രമിച്ചു കയറിയവര്‍. അവര്‍ ഗ്രാമം നശിപ്പിക്കുകയും, ഫ്ലിന്റ് സ്കൈയുള്പ്പടെ അനേകം പേരെ വകവരുത്തുകയും ചെയ്യുന്നു. ശേഷിച്ച പ്രായപൂര്‍ത്തിയായ പുരുഷന്മാരേയും സ്ത്രീകളേയും ബന്ദികളാക്കി മായന്‍ നഗരത്തിലേക്ക് നയിക്കുന്നു.
പൂര്‍ണ്ണഗര്‍ഭിണിയായ ജാഗര്‍ പോ യുടെ ഭാര്യ സെവനേയും (ഡാലിയ ഹെര്‍ണാഡെസ്) മകന് ടര്‍ട്ടില്‍സ് റണ്ണി (കാര്‍ലോസ് എമിലിയോ ബേസ്) നേയും അടുത്തുള്ള കിടങ്ങിനുള്ളിലേക്ക് ഇറക്കിവിട്ട് അവരില്‍ നിന്ന് രക്ഷിക്കുന്നു . അവര്‍ക്ക് കിടങ്ങില്‍ നിന്ന് കയറുവാന്‍ പാകത്തില്‍ ഇട്ടിരുന്ന വള്ളി അക്രമികളില്‍ ഒരാള്‍ മുറിച്ചു കളയുന്നു. തുടര്‍ന്ന് ജാഗര്‍ പോ അവരുടെ പിടിയില്‍ ആവുന്നു. അതില്‍ പിന്നെ ജാഗര്‍ പോ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും, അവയെ എങ്ങിനെ തരണം ചെയ്ത് കിടങ്ങില്‍ നിന്നും ഭാര്യയേയും മക്കളേയും രക്ഷിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.