എംസോൺ റിലീസ് – 2889
ഭാഷ | റഷ്യൻ |
സംവിധാനം | Aleksandr Domogarov |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ, ഫാമിലി |
1974-1976 കാലഘട്ടത്തിൽ മോസ്കോയിലെ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Aleksandr Domogarov സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ റഷ്യൻ ചിത്രമാണ് പാൽമ (Palma).
ജോലി സംബന്ധമായ വിദേശയാത്രക്കായി തന്റെ നായയോടൊപ്പം വിമാനത്താവളത്തിലെത്തുന്ന ഒരാൾക്ക് നായയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ അതിനെ കൂടെ കൊണ്ടുപോവാൻ സാധിക്കാതെ വരുന്നു. വേറെ വഴിയില്ലാത്തതിന്റെ പേരിൽ നായയെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് അയാൾ യാത്ര പോവുകയും, നായ അയാളെയും കാത്ത് അവിടത്തന്നെ കഴിയുകയുമാണ്. അയാൾ യാത്ര പോയ വിമാനം എപ്പോൾ ലാൻഡ് ചെയ്താലും ആ നായ എവിടെയാണേലും ഓടി വന്ന് യാത്രക്കാർ ഇറങ്ങുന്നയിടത്ത് വന്ന് നിന്ന് അവളുടെ യജമാനനെ തേടും.
ഈ സമയത്താണ് അമ്മയുടെ മരണത്തെത്തുടർന്ന് താൻ മുൻപ് കാണുക പോലും ചെയ്തിട്ടില്ലാത്ത പൈലറ്റായ അച്ഛന്റെ കൂടെ ഒൻപത് വയസ്സുകാരനായ നിക്കോളായ് ആ വിമാനത്താവളത്തിലെത്തുന്നത്. തുടർന്ന് ആ നായയും അവനുമിടയിൽ ഉണ്ടാവുന്ന സൗഹൃദവും ഇരുവരുടെയും ജീവിതങ്ങളിൽ വന്നു ചേരുന്ന പ്രശ്നങ്ങളുമായി ചിത്രം മുന്നോട്ട് പോവുന്നു.
വളർത്തുമൃഗങ്ങൾക്ക് തന്റെ യജമാനനോടുള്ള സ്നേഹവും വിശ്വസ്തതയും എത്രത്തോളം ആഴമേറിയതാണെന്ന് ഈ ചിത്രം മനോഹരമായി വെളിപ്പെടുത്തുന്നുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥയും സംഭവവികാസങ്ങളും നിറഞ്ഞ ചിത്രം കുടുംബത്തോടെ ബോറടിക്കാതെ ആസ്വദിക്കാൻ തക്കതാണ്.