എം-സോണ്‍ റിലീസ് – 305
ഭാഷ | സ്പാനിഷ് |
സംവിധാനം | Luis Estrada |
പരിഭാഷ | അനീബ് PA |
ജോണർ | കോമഡി, ഡ്രാമ, ത്രില്ലർ |
ദരിദ്രരില്‍ ദരിദ്രനായ ജുവാന്‍ പെരെസ് വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്ററിന്റെ മുകളില്‍ അറിയാതെ കുടുങ്ങുന്നു. സര്‍ക്കാരിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങള്‍ മൂലം ദരിദ്രനായതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാനാണ് ജുവാന്‍ എത്തിയതെന്നു പ്രചരിപ്പിക്കപ്പെടുന്നു. ഇതോടെ ധനമന്ത്രാലയം പഴി കേള്‍ക്കേണ്ടി വരുകയാണ്. രാജ്യത്ത് 63 ദശലക്ഷം ദരിദ്രരുണ്ടെന്ന കാര്യം സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രശ്‌നം എങ്ങനെയും മറച്ചുവക്കാന്‍ ജുവാന് ഒരു വീടും കാറും ജോലിയും സര്‍ക്കാര്‍ നല്‍കും. ഇതറിഞ്ഞ ജുവാന്റെ സുഹൃത്തുക്കളായ മറ്റു ദരിദ്രരും മെക്‌സിക്കോ സിറ്റിയിലെ വന്‍കെട്ടിടങ്ങള്‍ക്കു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്.
ജുവാന് നല്‍കിയതെല്ലാം തങ്ങള്‍ക്കും വേണമെന്നാണ് ആവശ്യം. ഇതിലെ അപകടം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ജുവാന് നല്‍കിയ ആനുകൂല്യങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കും. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ദരിദ്രരെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കാമെന്നു തീരുമാനിക്കും. ജുവാനെ കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കുന്ന സര്‍ക്കാര്‍ ദരിദ്രരായിക്കുന്നത് കുറ്റകൃത്യമായും നിയമം കൊണ്ടുവരും.
മൂന്നു വര്‍ഷത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തുവരുന്ന ജുവാന്‍ ജീവിതകാലം മുഴുവന്‍ ദരിദ്രനായിരിക്കുന്നതിനേക്കാള്‍ നല്ലത് ഒരു ദിവസം സമ്പന്നനായിരിക്കുന്നതാണെന്നു വിലയിരുത്തുന്നു. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തും ചെയ്യുന്നവനായി മാറുന്നു. അതാണ് ഈ സിനിമ.
ആഗോളവല്‍ക്കരണ, നവ ഉദാരവല്‍ക്കരണ, ലോകബാങ്ക് വിരുദ്ധ സിനിമയായ ‘അല്‍ഭുദ ലോകം’ സംവിധാനം ചെയ്തത് ലൂയിസ് എസ്ട്രാഡയാണ്.