എം-സോണ് റിലീസ് – 2180
ഭാഷ | ടിബറ്റൻ, ലഡാക്കി |
സംവിധാനം | Pan Nalin |
പരിഭാഷ | സ്റ്റെഫിൻ മാത്യു ആൻഡ്രൂസ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് |
പാൻ നളിൻ സംവിധാനം ചെയ്ത്, ടിബറ്റൻ, ലഡാക്കി ഭാഷയിൽ 2001ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡന്റ് സിനിമയാണ് ‘സംസാര’. എംസോണിൽ പുറത്തിറങ്ങുന്ന ടിബറ്റൻ/ലഡാക്കി ഭാഷയിലുള്ള ആദ്യത്തെ സിനിമകൂടിയാണ് ‘സംസാര’.വളരെ ചെറുപ്പത്തിലേ ‘ലാമ'(ടിബറ്റൻ ബുദ്ധമത സന്യാസി) യാകാൻ നിയോഗിക്കപ്പെട്ട ടാഷിയെ അതിനായി തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മോണസ്ട്രിയിൽ (ആശ്രമത്തിൽ) കൊണ്ടുവിട്ടു. അവിടുത്തെ 12 വർഷം നീണ്ട അച്ചടക്കവും ശിക്ഷണവും നിറഞ്ഞ പഠനം ടാഷി പൂർത്തിയാക്കി.
ശേഷം ടിബറ്റൻ ബുദ്ധമതക്കാർ വിശുദ്ധമായി കണക്കാക്കുന്ന ഗുഹയിൽ (Sacred Cave) മൂന്ന് വർഷം നീണ്ട കഠിനമായ ഏകാംഗ മൗനധ്യാനം പൂർത്തിയാക്കിയ ടാഷി, പരിപൂർണ്ണമായി നിത്യ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു ലാമയായിതീർന്നു.
ഒരിക്കൽ ഒരു ഗ്രാമത്തിലെ വിളവെടുപ്പ് ഉത്സവത്തിൽ വെച്ച് ടാഷി ഒരു പെൺകുട്ടിയെ കാണുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവളോട് ടാഷിക്ക് അനുരാഗം തോന്നി. തിരികെ ആശ്രമത്തിൽ എത്തിയ ടാഷിക്ക് അവളെക്കുറിച്ചുള്ള ഓർമകളാൽ ഉറക്കം നഷ്ട്ടപ്പെട്ടു.
തന്റെ ആത്മീയ ഗുരുവിന്റെ ഉപദേശപ്രകാരം അവളെ തേടിയുള്ള താഷിയുടെ യാത്രയും , പിന്നീടുള്ള അയാളുടെ ജീവിതവുമാണ് കഥയുടെ ഇതിവൃത്തം.
ഭൗതിക ആഹ്ലാദവും, ലൗകിക ജീവിതവും ത്യജിച്ച് നിത്യ ബ്രഹ്മചാരിയായി ജീവിക്കുന്നതാണോ, അതോ വിവാഹം കഴിച്ച് ലൗകിക ജീവിതവും, ഭൗതിക ആഹ്ലാദവും, ലൈഗിക സുഖവും എല്ലാം ആസ്വദിച്ചു ജീവിക്കുമ്പോളാണോ ജീവിതത്തിൽ കൂടുതൽ സന്തോഷവും സംതൃപ്‌തിയും ലഭിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി തേടിയാണ് ടാഷിയുടെ ആ യാത്ര.