സിനിമ എന്ന പ്രാന്ത്

ജംഷീദ് ആലങ്ങാടൻ

സിനിമ എല്ലാക്കാലത്തും ഒരു ഭ്രാന്തു തന്നെയായിരുന്നു. കാണുന്ന സിനിമകളെല്ലാം തിയേറ്ററിൽത്തന്നെ പോയിക്കാണണം എന്ന നിർബന്ധവും, അത് മമ്മൂക്ക, തല, ഷാരൂഖ് ഇവരുടെ സിനിമകളാണെങ്കിൽ  എന്തു തന്നെയായാലും ആദ്യ ദിവസം തന്നെ കാണുന്ന പക്കാ ഒരു സിനിമാ ഭ്രാന്തൻ. പഠനത്തോടൊപ്പം ഉച്ചക്ക് ഓട്ടോ ഓടിക്കുന്ന പരിപാടിയുള്ളത് കൊണ്ട് ഒരു സിനിമയും തിയേറ്ററിൽ നിന്ന് മിസ്സാവാറില്ല. എംസോൺ ഗ്രൂപ്പിലുള്ള പലരെയും പോലെ മലയാളം, ഹിന്ദി, തമിഴ് സിനിമകൾ തന്നെയാണ് ആ ടൈമിൽ ഞാനും കണ്ടിരുന്നത്. ഹോളിവുഡ് സിനിമകൾ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാഹചര്യമുണ്ടാവാറില്ല.  നാട്ടിൽ വല്ലപ്പോഴും പേൾ ഹാർബർ, സ്പൈഡർമാൻ, ദി മമ്മി പോലെ ലോകം മുഴുവൻ കൊണ്ടാടിയ സിനിമകൾ മാത്രമേ വരൂ. അതും ഒരു നേരം പോക്കായിട്ടെ കാണാറുള്ളൂ. 
സൗദിയിലേക്ക് വിമാനം കയറിയതുമുതലാണ് ആസ്വാദനത്തിന്റെ വേറെ ഒരു തലത്തിലേക്ക് എത്തുന്നത്.  അതിന് കാരണമായത് എന്നെക്കാൾ സിനിമ ഒരു ആവേശമായി കൊണ്ടുനടക്കുന്ന, എന്നെങ്കിലും സ്വന്തമായി ഒരു ഷോർട്ട് ഫിലിമെങ്കിലും എടുക്കണമെന്ന സ്വപ്നവുമായി നടക്കുന്ന Manu Periya എന്ന ചങ്കും. അവന്റെ കൈയിൽ സിനിമക്ക് വേണ്ടി മാത്രമായി ഒരു ഹാർഡ് ഡിസ്ക് തന്നെ ഉണ്ടെന്നൊക്കെ അറിഞ്ഞപ്പോൾ അന്തം വിട്ടുപോയി. പിന്നെ അവന്റെ കയ്യിൽ നിന്ന് ദിവസവും ഓരോ സിനിമ വച്ച് മൊബൈലിലേക്ക് കയറ്റി, അത് ഇംഗ്ലീഷ് സബ് വച്ച് കണ്ടു തുടങ്ങി. അതിൽ  inception മൂവിയുടെ ഫോൾഡറിൽ ഒരുപാട് വീഡിയോ ഫയലുകളും, text ഫയലുകളുമൊക്കെയായി ഒരു പത്തിരുപത് എക്സ്ട്രാ ഫയലുകൾ കണ്ടു, അതെന്താണെന്ന് അന്വേഷിച്ചു, അതെല്ലാം ഈ സിനിമയെക്കുറിച്ചുള്ള പലരുടെയും വ്യത്യസ്ത നിരീക്ഷണങ്ങളാണ് എന്ന് മറുപടി. എന്നാൽ അതൊന്ന് കണ്ടേക്കാം, കണ്ടു നോക്കി. ഒരു വക മനസ്സിലായില്ല. അതങ്ങനെ വിട്ടു. അവൻ വഴി പല സിനിമാ ഗ്രൂപ്പുകളിലും അംഗമായി. വിദേശ സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾ കാണുമ്പോൾ അത് ഡൌൺലോഡ് ചെയ്തു ഇംഗ്ലീഷ് സബ് വച്ച് കാണും.  ഒരു ദിവസം, മലയാളം സബ് കിട്ടുന്ന ഒരു ഗ്രൂപ്പുണ്ടെന്നും അവനതിൽ ജോയിൻ ചെയ്തെന്നും പറഞ്ഞു. മലയാളം സബ് ഇട്ടു കണ്ടാൽ ഒരു സുഖം കിട്ടുമോ എന്ന് ഡൗട്ട് തോന്നിയെങ്കിലും അവന്റെ ആവേശം കണ്ടപ്പോൾ ഒന്ന് വിസിറ്റ് ചെയ്തുകളയാമെന്ന് വിചാരിച്ചു ഗ്രൂപ്പിൽ ജോയിൻ ചെയ്തു. 

എംസോണിൽ അംഗമായതിന് ശേഷം ആദ്യം കണ്ണിൽ പെട്ട പോസ്റ്റ് The Martian എന്ന മൂവിയായിരുന്നു. അതാണെങ്കിൽ മുമ്പ് ഇംഗ്ലീഷ് സബ് വച്ച് കണ്ടതും, കാര്യമായിട്ടൊന്നും മനസ്സിലായില്ലെന്നത് വേറെ കാര്യം. Martian ന്റെ ഫയൽ ഡിലീറ്റാക്കിയിരുന്നില്ല. ഒന്നൂടെ കാണണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് അത് മൊബൈലിൽ തന്നെ സൂക്ഷിച്ചിരുന്നു. മലയാളം സബ്ബ് വെച്ച് ഒന്ന് കാണാം എന്ന ആഗ്രഹത്തിന്റെ പുറത്ത് എംസോണിൽ നിന്നും എന്റെ ആദ്യത്തെ മലയാളം സബ് ഡൌൺലോഡ് ചെയ്തു. അങ്ങനെ ആവേശത്തോടെ കാണാൻ ഇരുന്നപ്പോൾ, ഒരു തരത്തിലും സബ് മൂവിയുമായി യോജിക്കുന്നില്ല. ഉടനെ ചങ്കിന് മെസ്സേജ് ചെയ്തു.നാളെ റൂമിൽ വാ, സ്യൂട്ടാവുന്ന വീഡിയോ ഫയൽ ഡൗൺലോഡ് ചെയ്ത് വെക്കാമെന്ന് അവൻ മറുപടി തന്നു. പിറ്റേ ദിവസം ഡ്യൂട്ടി കഴിഞ്ഞ ഉടനെ അവന്റെ റൂമിൽ പോയി. അവൻ കറക്റ്റ് ഫയൽ തരികയും ചെയ്തു. ഇതെങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോഴാണ് അവൻ പറയുന്നത്, നമ്മൾ ഡൌൺലോഡ് ചെയ്ത ഫയലാവില്ല എംസോൺ സബ്ബ് റിലീസ് ചെയ്തിട്ടുണ്ടാവുക. അവിടെ ഏത് ഫയലാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളതെന്നറിയാൻ, സബിന്റെ സിപ്പ് ഫയൽ extract ചെയ്ത ശേഷം  Rename ഓപ്‌ഷൻ എടുത്തു അത് കോപ്പി ചെയ്ത് ഗൂഗിളിൽ പേസ്റ്റ് ചെയ്താൽ അതിനു സ്യൂട്ടാവുന്ന ഫയൽ കിട്ടുമെന്നവൻ പറഞ്ഞു.  പിന്നെ blueray, brrip, bdrip അങ്ങനെ പല വീഡിയോ ഫോർമാറ്റുകളെക്കുറിച്ചും അതിന്റെ സൈസുകളെ കുറിച്ചും അവയുടെ ക്ലാരിറ്റി വ്യത്യാസത്തെ കുറിച്ചും ഒരു നീണ്ട ക്ലാസ്സ് തന്നെ അവനെടുത്തു. പലതും മനസ്സിലായി, പലതും മനസ്സിലായില്ല.  ഏതായാലും അവനിലൂടെ ഞാനെത്തിച്ചേർന്നത് സിനിമയുടെ ഒരു വലിയ ലോകത്തേക്കാണ്. അങ്ങനെ കിട്ടിയ ഫയലുമായി Martian കണ്ടു. മുൻപ് കാഴ്ചയുടെ മാത്രം സുഖം നൽകിയ ആ ചിത്രം മലയാളം സബോടുകൂടി കണ്ടപ്പോൾ കിട്ടിയ ആസ്വാദനം വേറെ ലെവൽ തന്നെയായിരുന്നു. ആ ആവേശത്തിൽ ആ സിനിമക്ക് സബ് ചെയ്ത സുഹൃത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റുമിട്ടു. Fb ഗ്രൂപ്പുകളിൽ ഞാനിട്ട ആദ്യ പോസ്റ്റും അതായിരുന്നു. അത്രക്ക് ത്രില്ലടിച്ചുപോയി.  പിന്നെ മറ്റ് സിനിമാ ഗ്രൂപ്പുകളൊക്കെ ഒഴിവാക്കി, ഫേസ്ബുക്ക് തുറന്നാൽ ആദ്യം സെർച്ച് ചെയ്യുന്ന ഗ്രൂപ്പ് എംസോണായി മാറി . 

എംസോൺ ഗ്രൂപ്പിൽ സ്ഥിരം വരുന്നത് കൊണ്ട് തന്നെ എന്റെ അറിവുകളും അതുവഴി വർദ്ധിക്കുകയായിരുന്നു. പ്രധാനപെട്ടത്, സബ്ബിന് സ്യൂട്ടായ ഫയൽ എങ്ങനെ കണ്ടെത്താം എന്നതുതന്നെ. അതിന് ഏറ്റവും കൂടുതൽ സഹായമായത് Yoosuf Kochi യുടെ വീഡിയോകളാണ്. പലപ്പോഴും തോന്നിയിട്ടുണ്ട്, ഗ്രൂപ്പിലെ മറ്റുള്ളവരുടെ എംസോണിനോടുള്ള സ്നേഹവും ഇങ്ങേരുടെ സ്നേഹവും തൂക്കിനോക്കിയാൽ ഇങ്ങേരുടെ തട്ട് താണുതന്നെ ഇരിക്കുമെന്ന്. മുൻപ് സബിന്റെ പേര് കോപ്പി ചെയ്ത് ഗൂഗിളിൽ പേസ്റ്റ്  ചെയ്ത് അവസാനം ടോറന്റ് എന്ന് ടൈപ് ചെയ്ത് സെർച്ച് ചെയ്യുന്ന പരിപാടിയായിരുന്നെങ്കിൽ, യൂസുഫ് ബ്രോയുടെ വീഡിയോകൾ കണ്ടതിന് ശേഷമാണ് മനസ്സിലായത്, അത്രക്കൊന്നും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല, ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്ന ടോറന്റ് ഇൻഫോ കോപ്പി ചെയ്ത് ടോറന്റ് ആപ്പിൽ കൊണ്ടുപോയി മാഗ്നറ്റിക് കോഡിനോടൊപ്പം സെർച്ച് ചെയ്താൽ മതിയെന്ന്. 

എംസോണിലെ സിനിമകൾ ഓരോന്നോരോന്നായി കണ്ടു തുടങ്ങിയപ്പോഴാണ് നമ്മുടെ ഇഷ്ട ഭാഷയായ ഹിന്ദി സിനിമക്കും സബ് ലഭ്യമാണെന്ന് കാണുന്നത്.  അങ്ങനെ ആദ്യം കാണുന്ന സിനിമയാണ് PK. ഹിന്ദി സിനിമകൾ വളരെ കുറവാണെന്നും പിന്നീട് മനസ്സിലായി. അത് തെല്ലൊരു വിഷമമായെങ്കിലും, വരുന്നത് കാണാം എന്ന് ചിന്തിച്ച് ആ വിഷമമങ്ങ് മായ്ച്ച് കളഞ്ഞു. ഒരുപാട് പ്രാവശ്യം കണ്ട ഹിന്ദി സിനിമയാണ് My name is Khan. അതൊന്നു മലയാളം സബ് വച്ച് കണ്ടാലോ എന്ന ആഗ്രഹവുമായി എംസോണിൽ സെർച്ച് ചെയ്തു. അപ്പോഴാണ് മനസ്സിലായത്, ആ സിനിമക്ക് എംസോണിൽ സബ് ഇല്ലാ എന്ന കാര്യം. എപ്പോഴെങ്കിലും വന്നോളും എന്ന വിശ്വാസത്തിൽ കാത്തിരുന്നു. പിന്നീടങ്ങോട്ട് എംസോണിൽ കയറിയാൽ ആദ്യം സെർച്ച് ചെയ്യുന്നത് My name is Khan ആവും. അത് ഇന്നും വന്നിട്ടില്ല എന്നുറപ്പായ ശേഷമാണ് മറ്റുള്ള സിനിമകളിലേക്ക് തിരിയാറ്. 

ഇതേ പോലെ ഒരു ദിവസം My name is Khan സെർച്ച് ചെയ്തപ്പോൾ ആ പടത്തെക്കുറിച്ച് പുതിയൊരു പോസ്റ്റ് കണ്ടത്. Habeeb Rahman എന്ന സുഹൃത്തിന്റെ My name is Khan, Rabne Banadi Jodi, Swades തുടങ്ങിയ സിനിമകളിൽ ഏതാണ്  ചെയ്യേണ്ടത് എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഉടനെ My name is Khan എന്ന് ഞാൻ കമന്റുമിട്ടു. പക്ഷെ ആളുകൾ കൂടുതൽ സ്വദേശിനും റബ്‌നെ ബനാദിക്കുമായിരുന്നു.  അങ്ങനെ ആ മോഹം ഉടനെ നടക്കില്ല എന്ന് മനസ്സിലായി. My name is Khan ആരെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചു കൊണ്ട് ഗ്രൂപ്പിൽ ഒരു പോസ്റ്റുമിട്ടു.  പക്ഷെ അതാണെങ്കിൽ അഡ്മിൻ അപ്പ്രൂവ് ചെയ്തതുമില്ല. ഒടുക്കം ഞാൻ തന്നെയങ്ങു ചെയ്താലോ എന്നൊരാലോചന മനസ്സിൽ വന്നു. ആ ചിന്ത കുറച്ചു കാലം അങ്ങനെ കൊണ്ടുനടന്നു, ഒരു നിമിത്തം പോലെ എന്റെ ഡ്യൂട്ടി നൈറ്റിലേക്ക് ഷിഫ്റ്റ് ചെയ്തു. അതൊരു അഡ്‌വാന്റെജായി എടുത്ത് മൈ നെയിം ഈസ് ഖാൻ സബ് ചെയ്തു തുടങ്ങാൻ തന്നെ തീരുമാനിച്ചു. എന്നെപോലും അമ്പരപ്പിച്ചുകൊണ്ട് വെറും നാല് ദിവസം കൊണ്ട് ആ പടം ചെയ്ത് തീർത്തു. അന്ന് എംസോണിൽ ഓപ്പൺ ആൽബം എന്നൊരു പരിപാടിയുണ്ടായിരുന്നു. പൂർത്തിയായ സബ് എംസോണിൽ ഒഫീഷ്യലി റിലീസാക്കുന്നതിന് മുൻപ് ആവശ്യമുള്ള അംഗങ്ങൾക്ക് കാണാനും, അഭിപ്രായമറിയിക്കാനും തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനുമൊക്കെ ഉതകുന്ന ഒരു വേദിയായിരുന്നു അത്. അവിടെ ഈ പടം പൂർത്തിയായി എന്നുപറഞ്ഞു പോസ്റ്റിട്ടു. പ്രതികരണം അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. ദിവസവും എത്രയോ പേര് ഇൻബോക്സിൽ വന്ന് ആ സബ് ആവശ്യപ്പെട്ടു. അവർക്കൊക്കെ കൊടുക്കുകയും ചെയ്തു.  അങ്ങനെ ആദ്യം കിട്ടിയ അഭിനന്ദനം Hisham Ashraf ബ്രോയുടേതായിരുന്നു. അദ്ദേഹം മുൻപ് സബ് ചെയ്ത് തഴക്കം വന്ന ആളാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അടുത്ത് നിന്നും കിട്ടിയ അഭിനന്ദനം, എന്റെ ആദ്യ യത്നം പാഴായിപ്പോയിട്ടില്ല എന്ന ഉറപ്പ് നൽകുന്നതായിരുന്നു.

ആ സബ് വെരിഫൈ ചെയ്തത് Shan Vs ആയിരുന്നു. വലിയ തെറ്റൊന്നും അധികമില്ല. സാധാരണ ഫസ്റ്റ് വർക്കിലൊക്കെ ഒരുപാട് തെറ്റുകൾ കാണാറുണ്ട്. ഇതിലത്രക്കൊന്നുമില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് എന്നെ വീണ്ടുമൊരു സബ് ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് Warhorse സബ് ചെയ്യാൻ തുടങ്ങുന്നത്. അത് കുറച്ചു ബുദ്ധിമുട്ടി പൂർത്തിയാക്കാൻ. പലപ്പോഴും അർഥം കിട്ടാതെ സ്റ്റക്കായി നിന്നുപോയിട്ടുണ്ട്. പല തവണ, ഇതെന്നെകൊണ്ട് നടപ്പിലാവുന്ന കേസല്ല എന്നും പറഞ്ഞു ഇട്ടെറിഞ്ഞു പോയതാണ്. പക്ഷെ, വീണ്ടും വീണ്ടും അതിലേക്കു തന്നെ ചിന്ത പോയിക്കൊണ്ടേയിരുന്നു. ആയിടക്കാണ് Nishad JN പരിഭാഷകർക്കുവേണ്ടി ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ടെന്ന് കേട്ടത്. അങ്ങനെ അതിൽ ജോയിൻ ചെയ്തു, അവിടെ നമുക്ക് കിട്ടാത്ത അർത്ഥങ്ങളൊക്കെ മെസേജ് ചെയ്തു. ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു എന്നു പറഞ്ഞപോലെ ആ ഗ്രൂപ്പിലൊരു അഡാർ സിംഹമുണ്ടായിരുന്നു. Safeer Shareef. നമ്മളേത് അർഥം ചോദിച്ചാലും അടുത്ത സെക്കന്റിൽ മറുപടി റെഡി. അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെ Warhorse ന്റെ പണി അതിവേഗം പുരോഗമിച്ചു. ഏകദേശം നാലു മാസത്തോളം പ്രതീക്ഷയും നിരാശയുമൊക്കെ അനുഭവിച്ചു ആ സബ് പൂർത്തിയാക്കി സബ്മിറ്റ് ചെയ്തു. ഇനി ഏതായാലും ഈ പണിക്കില്ല. മറ്റുള്ളവർ ചെയ്യുന്ന സബ്ബും കണ്ട് സ്വസ്ഥമായിട്ടിരിക്കാം എന്നുകരുതി സബ് ചെയ്യുന്ന പണി നിർത്തി.

Warhorse റിലീസായപ്പോൾ, അതിനും കിട്ടിയത് മികച്ച അഭിപ്രായങ്ങളായിരുന്നു. അതുകേട്ട്,  ഒന്നും കൂടെ ചെയ്താലോ എന്ന് മനസ്സ് ഇടക്കിടക്ക് ഇങ്ങനെ ശല്യം ചെയ്തുകൊണ്ടിരുന്നെങ്കിലും, Warhorse ചെയ്തപ്പോ അനുഭവിച്ച ബുദ്ധിമുട്ട് ഓർത്തപ്പോൾ ചെയ്യാനും തോന്നിയില്ല. അങ്ങനെ മറ്റുള്ളവർ ചെയ്യുന്ന സബ് കണ്ട് കാലം കഴിച്ചു. ഇതിനിടക്കാണ്  500 സബ് എന്ന നാഴികക്കല്ല് എംസോൺ പിന്നിടുന്നത്. അതിന്റെ ഭാഗമായി പരിഭാഷകർക്കൊരു അഭിനന്ദനം എന്ന നിലയിൽ എല്ലാ പരിഭാഷകരുടെ പേരും അവർ ചെയ്ത പരിഭാഷകളുടെ എണ്ണവും വച്ചൊരു പോസ്റ്റ് എംസോണിൽ വന്നു. അതിൽ പലരും പത്തിൽ കൂടുതൽ സബ് ചെയ്തവരായിരുന്നു. എന്റെ പേരിന്റെ സ്ഥാനത്ത് വെറും രണ്ട് സബുകൾ എന്ന് കണ്ടപ്പോൾ സങ്കടമായി. ഒരു അഞ്ചു സബെങ്കിലും എംസോണിന് വേണ്ടി എന്റെ പേരിൽ ഉണ്ടാവണം എന്ന് കരുതി വീണ്ടും പരിഭാഷകന്റെ കുപ്പായം എടുത്തണിഞ്ഞു.  പടം സെലക്ട് ചെയ്യാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മൈ നെയിം ഈസ് ഖാൻ സബ് ഇറങ്ങിയ സമയത്ത്, സബ് ചെയ്യാൻ എനിക്ക് ഏറ്റവും കൂടുതൽ റിക്വസ്റ്റ് വന്ന പടങ്ങളായിരുന്നു കഭി ഖുശി കഭി ഘം ഉം ചക് ദേ ഇന്ത്യയും. അതുരണ്ടും തന്നെയാവട്ടെ അടുത്തത് എന്നുകരുതി ചെയ്തു തുടങ്ങി. അതിൽത്തന്നെ കഭി ഖുശി മൂന്നര മണിക്കൂറോളമുണ്ടായിരുന്നു. പിന്നെ അഞ്ച് സബ് എന്ന ടാർഗറ്റ് മുന്നിൽ കണ്ട് ഒരാവേശത്തോടെ അങ്ങ് ചെയ്തു രണ്ടും പൂർത്തിയാക്കി. 

ഇനി അഞ്ചാമത്തേത് ഒരു ഹോളിവുഡ് സിനിമയാവട്ടെ എന്നുകരുതി അതിനുള്ള തിരച്ചിലിലായി.  അങ്ങനെ ഒരുപാട് ഇഷ്ടപ്പെട്ട, ഡെൻസൽ വാഷിംഗ്ടന്റെ Man On Fire ചെയ്യാൻ തീരുമാനിച്ചു. മാൻ ഓൺ ഫയറിന്റെ സബ് ചെയ്യാൻ തീരുമാനിച്ചതാവും എനിക്കേറ്റവും ഉപകാരം നൽകിയ തീരുമാനം. കാരണം അതിലൂടെയാണ് Extra ലൈൻ എങ്ങനെ ആഡ് ചെയ്യാം, അതിന്റെ സമയങ്ങൾ എങ്ങനെ അഡ്ജസ്റ്റ് ചെയാം, അതിൽ ഫോണ്ടെങ്ങനെ വ്യത്യാസപ്പെടുത്താം, ഫോണ്ടിന്റെ കളർ എങ്ങനെ മാറ്റാം എന്നൊക്കെ പഠിക്കുന്നത്.കാരണം ആ സിനിമയിൽ ഒരുപാട് സ്പാനിഷ് ഡയലോഗുകളുണ്ട്. അതിന്റെയൊന്നും സബ് അതിൽ ആഡ് ചെയ്തിട്ടില്ലായിരുന്നു. അതില്ലാതെ ആ സിനിമ മനസ്സിലാവുകയുമില്ല. അതിനെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണറിയുന്നത്, അതിന്റെ സ്പാനിഷ് ഡയലോഗുകളൊക്കെ ഇംഗ്ലീഷിൽ ഹാർഡ് കോഡ് ചെയ്ത വേറെ പ്രിന്റുണ്ടെന്ന്.അങ്ങനെ അത് തേടിപ്പിടിച്ചു ആ ഫയലും ഡൌൺലോഡ് ചെയ്തു, അതിൽ നോക്കി അതിന്റെ അർഥം ടൈമിംഗ്‌ അനുസരിച്ചു ആഡ് ചെയ്തു അതും പൂർത്തിയാക്കി. ഇതൊക്കെക്കൊണ്ടുതന്നെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന വർക്കും Man on fire ആണ്.

ഇനി സ്വസ്ഥമായിട്ടിരിക്കാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ്, നിങ്ങൾ ചെയ്യുന്നതൊക്കെ വേസ്റ്റാണ്, ഇംഗ്ലീഷ് കണ്ടാലേ വക്കാബുലറി വർദ്ധിക്കൂ എന്നൊക്കെപ്പറഞ്ഞ് മലയാളം സബ്ബിനെയും പരിഭാഷകരെയും വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റ് എംസോണിൽ വരുന്നത്. അത് വായിച്ചപ്പോ സത്യം പറഞ്ഞാൽ വല്ലാതെ വിഷമം വന്നു.  എത്രയൊക്കെ അഭിനന്ദനങ്ങൾ കിട്ടിയാലും ഒരു നെഗറ്റീവ് പക്ഷെ നമ്മളെ വല്ലാതെ വിഷമിപ്പിക്കും എന്ന് അപ്പോൾ മനസ്സിലായി. പക്ഷെ ആ വിഷമത്തിന്റെ ആയുസ്സ് സെക്കന്റുകൾ മാത്രമായിരുന്നു.  കാരണം അതിന്റെ കമന്റ് ബോക്സ് തന്നെ. പോസ്റ്റിട്ട ആ സുഹൃത്തിനെ ഗ്രൂപ്പിലെ അംഗങ്ങൾ കണ്ടം വഴി ഓടിക്കുന്ന കാഴ്ചയായിരുന്നു കമന്റ് ബോക്സിൽ നിറയെ. കമന്റുകൾ വായിച്ചപ്പോൾ രോമാഞ്ചം എന്നൊക്കെ പറയുന്ന അവസ്ഥയായിരുന്നു. അന്നാണ് ശരിക്കും ഗ്രൂപ്പിലെ ചങ്കുകളുടെ മനസ്സിൽ പരിഭാഷകർക്ക് ഇത്ര വലിയ ഒരിടമുണ്ടെന്ന് മനസ്സിലായത്.  പല കമന്റും വായിച്ചു അറിയാതെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഈ സ്നേഹത്തിന്റെ ഒരു ഭാഗം എനിക്കും കൂടി അവകാശപ്പെട്ടതാണല്ലോ എന്നോർത്ത്. അന്ന് തീരുമാനമെടുത്തു, കഴിയുന്നിടത്തോളം സബ് എംസോണിന് വേണ്ടി ചെയ്യണമെന്ന്. അഞ്ചിൽ നിർത്തണമെന്ന് തീരുമാനിച്ചടത്തു നിന്ന്, ഇപ്പൊ അതിൽക്കൂടുതൽ ചെയ്തുകൊണ്ടിരിക്കുന്നു. അഡ്മിന്റെയും ഗ്രൂപ്പിലെ ചങ്കുകളുടെയും കട്ട സപ്പോർട്ടുള്ളെടത്തോളം കാലം ഈ പണി തുടരാൻ തന്നെയാണ് തീരുമാനം. 

പുതുതായി സബ് ചെയ്യാനാഗ്രഹിച്ച്, അതെനിക്ക് സാധിക്കുമോ, ഞാൻ ചെയ്താൽ സബ് നന്നാവോ, എന്നൊക്കെ ആലോചിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ എന്നകൺഫ്യൂഷനിൽ നിൽക്കുന്നവർക്ക് വേണ്ടിയാണ് ഇതെഴുതിയത്. ആഗ്രഹമുണ്ടെങ്കിൽ മലയാളവും ഇംഗ്ലീഷും നന്നായിട്ടറിയാമെങ്കിൽ ധൈര്യമായി മുന്നിട്ടിറങ്ങുക. എന്ത് സംശയം ചോദിച്ചാലും ഉടനടി മറുപടി നൽകാൻ സദാ മനസ്സ് കാണിക്കുന്ന അഡ്മിനുകളും, ഏത് ഫയൽ ചോദിച്ചാലും അതിന്റെ ടെലഗ്രാം ലിങ്കും ടോറന്റ് ലിങ്കും നിമിഷങ്ങൾക്കകം കൈയിലെത്തിച്ചു തരുന്ന യൂസുഫ് കൊച്ചിയെപ്പോലെയുള്ളവരും, സിനിമക്ക് മികച്ച സിനോപ്സുകൾ കണ്ടെത്തിത്തരുന്ന വിഷ്ണു പ്രസാദിനെപ്പോലെയുള്ള ചങ്കുകളും, പരിഭാഷകർക്ക് തന്റെ പോസ്റ്റുകളിലൂടെ കട്ട സപ്പോർട്ട് നൽകുന്ന മുഹമ്മദ് ഷാഫിയെപോലെ ഉള്ളവരും, പിന്നെ പ്രതിരോധിക്കാനാണെങ്കിൽ പ്രതിരോധിക്കാൻ, ചേർത്ത് നിർത്താനാണെങ്കിൽ ചേർത്ത് നിർത്താൻ എന്ന കണക്ക് പരിഭാഷകരെ സ്നേഹിച്ചു കൊല്ലുന്ന അംഗങ്ങളുമുള്ളപ്പോൾ മടിച്ചു നിൽക്കേണ്ട കാര്യമില്ല. ധൈര്യമായി ചെയ്തു തുടങ്ങിക്കോളൂ.