മൂയിച്ചിറോയിലെ ‘മൂ’യും പരിഭാഷ ചെയ്യുമ്പോഴുള്ള ചില പൊല്ലാപ്പുകളും

എൽവിൻ ജോൺ പോൾ

പലപ്പോഴും പരിഭാഷകള്‍ എഴുതുന്ന സമയത്ത് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് എഴുതണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഇതുവരെ അങ്ങനെ എഴുതാന്‍ സാധിച്ചിട്ടില്ല. ഇന്ന് ആദ്യത്തെ പരിഭാഷയുടെ ആദ്യ ഡ്രാഫ്റ്റ്‌ എഴുതിയിട്ട് മൂന്ന് വര്‍ഷമായി എന്ന് ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിച്ചു. കൂടാതെ എഴുതിയ സബുകളുടെ എണ്ണം മൂന്നക്കവും കഴിഞ്ഞ സ്ഥിതിക്ക് ഒരെണ്ണം എഴുതാമെന്ന് അങ്ങ് വിചാരിച്ചു. എഴുതി വന്നപ്പോള്‍ ലേശം നീളമുള്ള പോസ്റ്റായി, എന്നാലും കഴിയുമെങ്കില്‍ വായിക്കുക.

പലപ്പോഴും വേറൊരു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ഒരു പരിഭാഷകൻ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളില്‍ ഒന്നാണ് മലയാളത്തിൽ തനതായി ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയാത്ത മറ്റ് ഭാഷയിലുള്ള ഒറ്റവാക്കുകൾ അല്ലെങ്കിൽ ആശയങ്ങൾ. ഈ ഒറ്റവാക്കുകൾ അല്ലെങ്കിൽ ആശയങ്ങൾക്ക് മലയാളത്തിൽ ഒറ്റവാക്കിൽ തന്നെ പറയാന്‍ സാധിക്കുന്ന വാക്കുകൾ കണ്ടെത്താൻ കഴിയില്ല. കേരളവും നാം പരിഭാഷ ചെയ്യുന്ന ഭാഷയുടെ നാടും തമ്മിലുള്ള സാംസ്കാരിക വ്യത്യാസങ്ങളാണ് സാധാരണഗതിയിൽ ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്.

ഉദാഹരണമായി ഡേറ്റിംഗ്(Dating) എന്ന പദം എടുക്കുക. ഇംഗ്ലീഷ് സിനിമകളിലും സീരിസുകളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പദമാണ് ഡേറ്റിംഗ്. മലയാളത്തിൽ ഒറ്റവാക്കിൽ ഈ ആശയത്തിന് ഒറ്റവാക്കില്ല എന്നാണ് എന്റെ അറിവ്. (ഇനി ന്യൂജെന്‍ ആയ വാക്കുണ്ടോ എന്ന് എനിക്കറിയില്ല. ന്യൂജെന്‍ എന്ന പ്രയോഗം ആര്‍ക്കെങ്കിലും നീരസം വരുത്തുമോ എന്നറിയില്ല. ഭാഷ എന്നത് എല്ലാ കാലത്തും പരിണാമം സംഭവിക്കുന്ന ഒന്നാണല്ലോ. ഇന്നത്തെ കാലത്ത് ഭാഷയില്‍ പുതിയ പ്രയോഗങ്ങള്‍ കൂടുതല്‍ കൊണ്ടുവരുന്നതും ചെറുപ്പക്കാരാണല്ലോ?) ഡേറ്റിംഗ് എന്നതിന് തനതായി ഒരു മലയാളം വാക്കില്ലാത്താത്തതിന്റെ കാരണം, ഡേറ്റിംഗ് എന്നൊരു സമ്പ്രദായം നമ്മുടെ നാട്ടില്‍ പണ്ടില്ലായിരുന്നു എന്നതാണ്. സമകാലീന സമയത്ത് നടക്കുന്ന ഒരു സിനിമ അല്ലെങ്കിൽ സീരീസ് ആണെങ്കിൽ പരിഭാഷകൻ ഈയൊരു കടമ്പ മറികടക്കുന്നത് പ്രസ്തുത പദം മംഗ്ലീഷിൽ അതേപടി ഡേറ്റിംഗ് എന്ന് എഴുതി വെച്ചുകൊണ്ടാണ്. ഇതില്‍ കുഴപ്പമില്ല, കാരണം കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാളിയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുറെ ഇംഗ്ലീഷ് പദങ്ങൾ സാധാരണ സംസാരഭാഷയിലേക്ക് കടമെടുത്ത് നമ്മളവ ശീലമാക്കിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ മലയാളം പദങ്ങളെക്കാൾ ചില ഇംഗ്ലീഷ് പദങ്ങളാണ് നമ്മുടെ സംസാരഭാഷയ്ക്ക് കൂടുതൽ പരിചിതമായിരിക്കുന്നത്. ഉദാഹരണത്തിന്, സുപ്രഭാതം എന്ന് പറയുന്നതിനേക്കാൾ ഗുഡ്മോണിങ് എന്നും നന്ദി എന്ന് പറയുന്നതിനേക്കാൾ കൂടുതൽ താങ്ക്യൂ എന്നും പറയുന്ന മലയാളികളെയാണ് ഇന്ന് നമ്മൾ കൂടുതലായും കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സമകാലീന കാലഘട്ടങ്ങളിൽ നടക്കുന്ന സിനിമകൾ അല്ലെങ്കിൽ സീരീസുകളിൽ പരിഭാഷകൻ മംഗ്ലീഷ് കലർത്തി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. മാത്രമല്ല, ഇപ്പോള്‍ ഇറങ്ങുന്ന മിക്ക മലയാളസാഹിത്യകൃതികള്‍ പരിശോധിച്ചാലും, കഥയായാലും, നോവലായാലും സമകാലീന ചുറ്റുപാടില്‍ നടക്കുന്ന കഥയാണെങ്കില്‍ അവിടെയും കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന സംസാരഭാഷ ഈ ഇംഗ്ലീഷ് കലര്‍ന്ന മലയാളമാണ്. ഓരോ കാലഘട്ടത്തില്‍ പിറക്കുന്ന കൃതികളും ആ കാലഘട്ടത്തെക്കൂടി അടയാളപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ സബ്ടൈറ്റിലിലും അര്‍ത്ഥവ്യത്യാസങ്ങള്‍ വരാത്തയിടത്തോളം മംഗ്ലീഷും കലര്‍ന്നോട്ടെ.

എന്നാൽ സമകാലീന കാലഘട്ടത്തിൽ അല്ലാതെ പഴയകാലത്ത് നടക്കുന്ന കഥകൾ (Period pieces) പരിഭാഷ ചെയ്യുമ്പോൾ ഈ മംഗ്ലീഷ് പ്രയോഗം കൊണ്ട് ഒരു പരിഭാഷകന് രക്ഷപെടാൻ സാധിക്കില്ല. 1600കളില്‍ നടക്കുന്ന ഒരു കഥയില്‍ ഒരു പ്രജ മഹാരാജാവിന്റെ അടുത്ത് ചെന്ന് “ഹലോ രാജാവേ, എന്റെ വീട്ടില്‍ കുറച്ച് പ്രോബ്ലംസ് ഉണ്ട്, നിങ്ങളുടെ എന്തേലും ഹെല്‍പ്പ് കിട്ടിയെങ്കില്‍ നന്നായേനെ.” എന്ന് പറയില്ലല്ലോ? അവിടെ സർഗാത്മകമായ വേറെ രീതിയിൽ ഈ പ്രശ്നം പരിഭാഷകൻ പരിഹരിക്കേണ്ടിയിരിക്കുന്നു. ഓരോ പരിഭാഷക്കും ആ കഥ നടക്കുന്ന ചുറ്റുപാടിനും കാലഘട്ടത്തിനും അനുസൃതമായി വേണം വാക്കുകള്‍ തിരഞ്ഞെടുക്കാന്‍. ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ കഴിഞ്ഞ ദിവസം ഇറങ്ങിയ സബ് ചെയ്യുമ്പോള്‍ ഉണ്ടായൊരു ആശയക്കുഴപ്പത്തെക്കുറിച്ച് പറയാം.

ഡീമൺ സ്ലേയറിലെ ചില പ്രയോഗങ്ങള്‍ ഇംഗ്ലീഷ് സബ്/ഡബില്‍ എഴുതിയിരിക്കുന്നത് അതേ പടി എടുത്ത് മംഗ്ലീഷിലാക്കിക്കൂടെ എന്നൊരു അഭിപ്രായം പണ്ട് ആരോ പറഞ്ഞതായി ഓര്‍ക്കുന്നു. ഡീമൺ സ്ലേയർ എന്ന അനിമേയുടെ കഥ നടക്കുന്നത് 1920കളിലെ ജപ്പാനിലാണ്. ഈ കാലഘട്ടത്തെ വിളിക്കുന്നത് തായ്ഷോ യുഗമെന്നാണ്(Taisho Era). അക്കാലത്ത് ജപ്പാൻ ഭരിച്ചിരുന്ന ചക്രവർത്തിയാണ് തായ്ഷോ. തായ്ഷോക്ക് മുൻപുള്ള ചക്രവർത്തിയായ മെയ്ജിയാണ് നൂറ്റാണ്ടുകൾക്ക് ശേഷം ജപ്പാനും വിദേശികളുമായിട്ടുള്ള നയതന്ത്ര ബന്ധങ്ങളും കച്ചവടവും പുനസ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി ജപ്പാനിൽ വൈദ്യുതി, ട്രെയിനുകൾ, ഇംഗ്ലീഷ് വിദ്യാഭ്യാസം, പാശ്ചാത്യ വൈദ്യശാസ്ത്രം മുതലായവ വന്നു തുടങ്ങി. ഇത് ജപ്പാന്റെ വ്യവസായവൽക്കരണം വൻ വേഗത്തിലാക്കി. ഈ സംഭവവികാസങ്ങളെ Meiji Restoration എന്നു വിളിക്കുന്നു. അങ്ങനെ മെയ്ജിക്ക് ശേഷം തായ്ഷോയിലേക്ക് വരുമ്പോൾ നഗരത്തിലുള്ള, സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന മനുഷ്യര്‍ ഇംഗ്ലീഷ് മുതലായ ഭാഷകളിൽ പ്രാവീണ്യം നേടിയെങ്കിലും, ഇംഗ്ലീഷ് ഇന്ന് നമ്മൾ കേരളത്തിൽ കാണുന്ന പോലെ അന്ന് സർവസാധാരണമായി ഉപയോഗിച്ചിരുന്നൊരു ഭാഷയല്ല. അതുകൊണ്ട് തന്നെ സംസാര ജാപ്പനീസില്‍ അപ്പോഴും ഇംഗ്ലീഷ് പദങ്ങളുടെ കടന്നുകയറ്റം ഉണ്ടായിട്ടില്ല. (നേരെ മറിച്ച് സമകാലീന ഘട്ടത്തില്‍ നടക്കുന്ന ചെയിന്‍സോ മാന്‍ അനിമേയില്‍ ഇത് കാണാന്‍ സാധിക്കും.) പറഞ്ഞുവന്നത് തായ്ഷോ യുഗത്തില്‍ സാധാരണക്കാരന് ഇംഗ്ലീഷ് അപ്പോഴും അന്യമാണ്. കഥാനായകനായ തന്‍ജിറോയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എല്ലാവരും തന്നെ നമ്മുടെ പഴയ നാട്ടിന്‍പുറം പോലുള്ള ഗ്രാമങ്ങളില്‍ നിന്ന് വരുന്നവരാണ്. ഇവരില്‍ മിക്ക കഥാപാത്രങ്ങളും സീരീസിലെ കഥയുടെ സ്വഭാവം കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കാത്തവരാണ്. അതുകൊണ്ടുതന്നെ അത്രയും നേരം മലയാളം മാത്രം സംസാരിച്ചിരുന്ന തന്‍ജിറോ പെട്ടെന്ന് ചാടിയങ്ങ് ഇംഗ്ലീഷില്‍ വാട്ടര്‍ ബ്രീത്തിങ്ങ് എന്നൊക്കെ പറയുന്നത് ഈ സീരീസിൽ ഒരു കല്ലുകടിയായി തോന്നാം. കുറഞ്ഞപക്ഷം, എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. (ഈ പറഞ്ഞ വാട്ടര്‍ ബ്രീത്തിങ്ങ് എന്ന് സബില്‍ കൊടുത്തിരിക്കുന്ന വാചകത്തിന് തന്‍ജിറോ പറയുന്നത് “മിസു നോ കോക്യു”, അതായത് ജലത്തിന്റെ ശ്വാസം എന്നാണ്അങ്ങനെ നോക്കിയാല്‍ കൃത്യമായ ഇംഗ്ലീഷ് പരിഭാഷ അപ്പോള്‍ ‘Breath of the Water‘ എന്ന് വരണം, പക്ഷേ ഞാനതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.) പോരാത്തതിന് ഈ പ്രയോഗങ്ങള്‍ എല്ലാം ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ഉള്ള സബ്/ഡബ് തുടങ്ങിയവയില്‍ ഭൂരിഭാഗത്തിലും അതാത് ഭാഷയിലേക്ക് തന്നെ മുഴുവനായും പരിഭാഷ ചെയ്തിട്ടുണ്ട്. ഇവയില്‍ ഇംഗ്ലീഷിന്റെ കടന്നുകയറ്റം ഒട്ടും തന്നെയില്ല. മലയാളത്തില്‍ എഴുതുമ്പോള്‍ മാത്രം അതിന് ഇംഗ്ലീഷ് കേറ്റി ഒരു എലീറ്റിസം സ്ഥാപിക്കണ്ടെന്നാണ് എന്റെ അഭിപ്രായം. ഇതുകൊണ്ടുതന്നെ കഴിവതും കാലഘട്ടത്തിനനുസൃതമായുള്ള ഭാഷ പിന്തുടരാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഈ സീരീസിന് സബ് ചെയ്യാൻ എന്റെ മറ്റ് സബുകളെ അപേക്ഷിച്ച് താരതമ്യേന സമയം എടുക്കുന്നത്. അങ്ങനെയിരിക്കുമ്പോഴും സീസണ്‍ ഇറങ്ങി രണ്ട് മാസം കഴിഞ്ഞ് മുഴുവന്‍ എപ്പിസോഡും പരിഭാഷ ചെയ്തു തീര്‍ത്തു. അതും വേഗം പോരാ എന്ന് അഭിപ്രായം ഉള്ളവര് ഉണ്ടെന്നത് വേറൊരു വിരോധാഭാസം. ഒരു ദിവസം ഇന്‍ബോക്സില്‍ ഇതിന് തുരുതുരാ വന്ന് അപ്പ്ഡേറ്റ് ചോദിക്കുന്നതിന് ഒരു കണക്കുമില്ല. ഇതില്‍ ചിലരെങ്കിലും നേരെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ചെയ്ത ഒരു സബ് കൊടുത്താല്‍ പോലും തൊണ്ട തൊടാതെ വിഴുങ്ങി “മികച്ച പരിഭാഷ” എന്ന് പൊക്കി അടിക്കും എന്നത് വേറൊരു വിരോധാഭാസം. അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല.

ഇനി ജാപ്പനീസ് ഭാഷക്ക് ഉള്ള ഒരു പ്രത്യേകത പറയാം. ആധുനിക ജാപ്പനീസില്‍ മൂന്ന് തരത്തിലുള്ള writing scripts അഥവാ എഴുത്ത് ശൈലികള്‍ ഉണ്ട്. ഇവ യഥാക്രമം ഹിരഗാന(Hiragana), കറ്റക്കാന(Katakana), കാഞ്ചി(Kanji) എന്നിവയാണ്. ഇവയില്‍ ഹിരഗാനയും കറ്റക്കാനയും മലയാളം പോലെ ഉച്ചാരണപ്രകാരം എഴുതപ്പെടുന്ന അക്ഷരമാലകളാണ്. തനതായ ജാപ്പനീസ് വാക്കുകളെ എഴുതാന്‍ ഹിരഗാനയും (eg: ありがとう- അറിഗാത്തോ – നന്ദി എന്നര്‍ത്ഥം), വൈദേശിക ഭാഷകളില്‍ നിന്ന് കടമെടുത്ത പദങ്ങള്‍ എഴുതാന്‍ കറ്റക്കാനയും (eg: バス – Bus ഉച്ചാരണം : ബാസു) ഉപയോഗിക്കുന്നു. ഹിരഗാനയിലും, കറ്റക്കാനയിലും അടിസ്ഥാനമായി 46 അക്ഷരങ്ങള്‍ വീതമാണ് ഉള്ളത്. ഇവ കൂട്ടി എഴുതുമ്പോള്‍ വേറെയും രൂപങ്ങള്‍ വരാം.

കാഞ്ചി എന്നത് ട്രെഡിഷനല്‍ ചൈനീസില്‍ നിന്ന് കടമെടുത്ത ഒരു എഴുത്ത് രീതിയാണ്. ഇവിടെ അക്ഷരങ്ങള്‍ക്ക് പകരം ഓരോ വസ്തു അല്ലെങ്കില്‍ ആശയത്തെ സൂചിപ്പിക്കുന്ന ഒരു സിമ്പല്‍ കാണും. ഉദാഹരണമായി ഈ കൊടുത്തിരിക്കുന്നത് 雨 (ആമേ) മഴയേ സൂചിപ്പിക്കുന്ന കാഞ്ചിയാണ്. ഇങ്ങനെ ഏകദേശം 50000 ത്തിന് മുകളില്‍ കാഞ്ചി ഉണ്ട്. ഭൂരിഭാഗം കാഞ്ചിയും ചരിത്രരേഖകളില്‍ മാത്രമായി ഒതുങ്ങിയെങ്കിലും, ഇന്നും പ്രാബല്യത്തില്‍ ഉള്ള 8000 ത്തിലധികം കാഞ്ചി ഉണ്ട്. തമാശ എന്ന് പറയുന്നത് ജാപ്പനീസുകാരില്‍ തന്നെ കുറെയധികം ആളുകള്‍ക്ക് ഈ കാഞ്ചികള്‍ എല്ലാം മുഴവനായി അറിയില്ല എന്നതാണ്. ജാപ്പനീസ് പഠിക്കുന്ന വ്യക്തികള്‍ക്ക് അത് സംസാരിക്കാന്‍ പൊതുവേ എളുപ്പം തോന്നുന്നതും, എന്നാല്‍ അത് എഴുതുന്നതും, വായിക്കുന്നതും ഒരു ബാലികേറാമലയായി തോന്നാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ എഴുത്ത് ശൈലിയാണ്.

ഡീമണ്‍ സ്ലേയര്‍ മൂന്നാം സീസണില്‍ മൂയിച്ചിറോ ടോക്കിറ്റോ എന്ന കഥാപാത്രത്തിന്റെ Character arc (കഥാപാത്രത്തിന് കഥയില്‍ സംഭവിക്കുന്ന മാറ്റം) അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ ഈ കാഞ്ചി ഉപയോഗിക്കുന്ന രീതി, അതിന്റെ ചില വിശേഷണങ്ങള്‍ കൂടെ അറിയണം. അറിഞ്ഞില്ലേലും വലിയ കുഴപ്പമില്ല, കണ്ടിരിക്കുമ്പോള്‍ ഒന്ന് രണ്ട് മിസ്സിംഗ്‌ തോന്നുമെങ്കിലും. മൂയിച്ചിറോയുടെ പേരിന്റെ കാഞ്ചി ഇതാണ് 無一郎 ഇതിലെ ആദ്യ കാഞ്ചിയായ 無 (മൂ), ഉപയോഗിക്കുന്നത് (nothingness) ഒന്നുമില്ലായ്മയെ അല്ലെങ്കില്‍ എന്തിന്റെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. വേറെ വാക്കുകളുടെ ആരംഭത്തില്‍ കൊണ്ടുപോയി ഈ ‘മൂ’ വെക്കുക വഴി പ്രസ്തുത വാക്ക് സൂചിപ്പിക്കുന്നതിന്റെ ഇല്ലായ്മയെ സൂചിപ്പിക്കുന്നു. മലയാളത്തില്‍ ‘അ’ എന്ന അക്ഷരം ഉപയോഗിക്കുന്നതിന് തുല്യമായ ഒരു ശൈലിയാണിത്‌. ഉദാഹരണത്തിന് ‘അ’ ചേര്‍ത്ത് സമത്വം എന്ന വാക്കിനെ അസമത്വം (സമത്വമില്ലായ്മ) ആക്കുന്ന പോലെ.

കഥയില്‍ ഒരു സംഭാഷണത്തിനിടയില്‍ ഒരു കഥാപാത്രം ഈ മൂ(無) എന്താണ് സൂചിപ്പിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. അവനെ താറടിക്കാന്‍ ആയിട്ട് അര്‍ത്ഥം എന്ന് അര്‍ത്ഥം വരുന്ന ഇമി എന്ന വാക്കിന്റെ കൂടെ ചേര്‍ത്ത് മൂഇമിയിലെ (無意味) മൂ പോലെയാണ് നീയും എന്ന് പറയുന്നു. അതായത് അയാളുടെ കാഴ്ചപ്പാടില്‍ ഒരു അര്‍ത്ഥവുമില്ലാത്ത ജീവിതമാണ് മൂയിച്ചിറോ നയിക്കുന്നത്. എന്നാല്‍ കുറെ കഴിഞ്ഞ് ഇതേ വ്യക്തി തന്നെ മൂയിച്ചിറോയെ അംഗീകരിച്ച് കൊണ്ട് ഗെന്‍, പരിധി(limit) എന്ന് അര്‍ത്ഥം വരുന്ന വാക്കിന്റെ മുന്നില്‍ മൂ ചേര്‍ത്ത് കൊണ്ട് മൂഗെനിലെ (無限, limitless, infinite) മൂ പോലെയാണ് നീ എന്ന് പറയുന്നു. (അതിരുകള്‍ ഇല്ലാത്തത്, അനന്തമായത്) എന്നര്‍ത്ഥത്തില്‍. ഈ സംഭാഷണങ്ങളുടെ ഇംഗ്ലീഷ് സബിലെ പരിഭാഷകള്‍ ചുവടെ കൊടുത്തിരിക്കുന്നതാണ്.

The “mu” in Muichiro stands for “meaningless.”

The truth is the “mu” in Muichiro stands for “infinity.”

ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന പോലെ ഇംഗ്ലീഷ് മാത്രം അറിയുന്ന ജാപ്പനീസ് കാഞ്ചി എന്തുവാണെന്ന് പോലും അറിയാത്ത ഒരാള്‍ ഈ സംഭാഷണം കാണുമ്പോള്‍ meaningless, infinity എന്നിവയില്‍ എവിടെയാണ് mu എന്ന് ചോദിച്ചു പോകാം. ഞാന്‍ കണ്ട ഇംഗ്ലീഷ് സബില്‍ ആകട്ടെ (Netflix) മേല്‍പ്പറഞ്ഞ വിശദീകരണങ്ങള്‍ ഉള്ള കുറിപ്പ് പോലുമില്ല. മലയാളത്തിലേക്ക് ഈ മൂയും, അര്‍ത്ഥമില്ലാത്തവനും, അനന്തമായതും ഒക്കെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരും എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന ഞാന്‍ ഇംഗ്ലീഷ് ഡബില്‍ ഇതെങ്ങനെ അവര്‍ പരിഹരിച്ചെന്ന് നോക്കാമെന്ന് വിചാരിച്ചു ഡബ് എടുത്തുനോക്കി. അപ്പോ ദേ കിടക്കുന്നു സബ് അതേ പോലെ എടുത്തു വെച്ചിരിക്കുന്ന ഡബ്. ആകെ കുഴപ്പത്തിലായ ഞാന്‍ അവസാനം പല വഴി ആലോചിച്ച് ഈ ആശയം, അര്‍ത്ഥം ചോര്‍ന്ന് പോകാതെ, കല്ലുകടി തോന്നാത്തൊരു രീതിയില്‍ മലയാളത്തില്‍ ആക്കി. എന്താണ് ചെയ്തത് എന്നത് സീരീസ് കാണുമ്പോള്‍ കാണുന്നവര്‍ക്ക് മനസ്സിലാകും. വെറുതെ എന്തിനാണ് ഇവിടെ അത് എഴുതി സ്പോയില്‍ ചെയ്യുന്നത്?

ഇത്രയും നീണ്ട ഒരു പോസ്റ്റ്‌ എഴുതിയതിന്റെ ഉദ്ദേശ്യം, പലപ്പോഴും പുതിയതായി ഇറങ്ങുന്ന സിനിമ, സീരീസുകള്‍ പെട്ടെന്ന് ഇറക്കാത്തത് എന്താണ് എന്നിങ്ങനെ മുറവിളി കൂട്ടുന്ന ചിലര്‍ക്കെങ്കിലും ഒരു പരിഭാഷയില്‍, കണ്ടാല്‍ നിസ്സാരമെന്ന് തോന്നുന്ന കൊച്ച് കൊച്ച് കാര്യങ്ങള്‍ക്ക് പിന്നില്‍ പോലും പരിഭാഷകന്‍ എത്രത്തോളം എഫര്‍ട്ട് എടുക്കുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ്. മുകളില്‍ ഞാന്‍ അത്തരത്തില്‍ ഒരു സന്ദര്‍ഭം മാത്രമാണ് സൂചിപ്പിച്ചത്. എല്ലാം എഴുതാന്‍ നിന്നാല്‍ ഈ പോസ്റ്റ്‌ ഒരുകാലത്തും തീരില്ല. ഇത്തരത്തില്‍ എഫര്‍ട്ട് എടുക്കുന്ന മറ്റ് പരിഭാഷകരോട് എന്നും എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ. അതോടൊപ്പം ഒരു സിമ്പിള്‍ ഗൂഗിള്‍ സേര്‍ച്ച്‌ കൊണ്ട് തീരാവുന്ന സംശയത്തിന്, തോന്നിയ പോലെ കൈയില്‍ നിന്നിട്ട്, അല്ലെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ചെയ്തു പണി തീര്‍ക്കുന്ന സബുകള്‍, ഫ്രെഷര്‍ സബുകള്‍ തുടങ്ങിയവ വേരിഫിക്കേഷനില്‍ കാണുമ്പോള്‍ എനിക്ക് ദേഷ്യം കേറാന്‍ കാരണവും ഇതാണ്. വസ്തുനിഷ്ഠമായ അറിവ് പറയുന്ന സംഭാഷണത്തില്‍ കൈയ്യില്‍ നിന്ന് ഡയലോഗ് ഇട്ട് ഇല്ലാത്ത കോമഡി കുത്തി തിരുകി അര്‍ത്ഥം വരെ മാറ്റി കളയുന്ന രീതിയും കണ്ടുവന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യും മുന്നേ പരിഭാഷകര്‍ ഓര്‍ക്കേണ്ട കാര്യം പ്രേക്ഷകന് അറിയാത്ത ഒരു ഭാഷ, സംസ്കാരം എന്നിവ സംസാരിക്കുന്ന ഒരു കഥയുടെ അനുഭവം അവര്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് പരിഭാഷയില്‍ കൂടെ ഉദ്ദേശിക്കുന്നത്. അവര്‍ക്ക് എളുപ്പം വായിച്ച് മനസ്സിലാക്കുന്ന രീതിയില്‍ ആ ആശയത്തെ പകര്‍ന്ന് കൊടുക്കുകയാണ് നമ്മുടെ പ്രധാന ജോലി. അവരെ എന്റര്‍ടെയിന്‍ ചെയ്യേണ്ടത് ആ കഥയാണ്, അല്ലാതെ പരിഭാഷയല്ല. പരിഭാഷ അതിനെ സഹായിക്കുന്ന ഒരു ഉപാധി മാത്രമായിരിക്കണം.

എത്രയും പെട്ടെന്ന് സബ് ചെയ്തു തീര്‍ക്കാന്‍ തിടുക്കം കൂട്ടുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവരോട് പറയാനുള്ളത് എല്ലാ പരിഭാഷയും ഒരേ വേഗത്തില്‍ ചെയ്യാന്‍ പറ്റില്ല, ഓരോ പരിഭാഷക്കും അതിന്റേതായ എടുക്കേണ്ട വേഗവും, സമയവും ഉണ്ട്. ആ കഥാപാത്രങ്ങളെ, സംസ്കാരത്തെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക, തോന്നുന്ന സംശയങ്ങള്‍ ഗൂഗിള്‍ ചെയ്തു പൂര്‍ണ്ണമായി മനസ്സിലാക്കിയെടുത്തിട്ട് എഴുതാന്‍ ശ്രമിക്കുക.

പ്രേക്ഷകരോട് ഒന്നേ പറയാനുള്ളൂ. വേഗം പരിഭാഷ ചെയ്തിറക്കാന്‍ പറയുന്നതിന് പകരം ക്വാളിറ്റി ഉള്ള പരിഭാഷകള്‍ നിങ്ങള്‍ ഡിമാന്‍ഡ്‌ ചെയ്യുക. കാരണം, ഈ പരിഭാഷകള്‍ പുതിയതായി ഇറങ്ങിയ സിനിമ ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമുള്ളതല്ല, നാളെ, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയും, സീരീസുകളും കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കാന്‍ സാധിക്കണം. അത്തരത്തില്‍ ഉള്ള പരിഭാഷകള്‍ ഉണ്ടാക്കുവാന്‍ തിടുക്കത്തില്‍ എഴുതുമ്പോള്‍ ബുദ്ധിമുട്ടാണ്.

പരിഭാഷകരോട് പറയാനുള്ളത്, ഓരോ പുതിയ സബ് ചെയ്യുമ്പോഴും, അത് നിങ്ങളുടെ കഴിഞ്ഞ സബിനെക്കാള്‍ മികച്ചതാക്കാന്‍ കഴിയുന്ന രീതിയില്‍ ചെയ്യണം എന്ന വാശിയോടെ ചെയ്യാന്‍ ശ്രമിക്കുക. സബില്‍ അറിയാത്ത കാര്യങ്ങള്‍ വന്നാല്‍ അത് തേടി പിടിച്ച് മനസ്സിലാക്കി എടുക്കാന്‍ ശ്രമിക്കുക. വിദേശസിനിമകള്‍ കാണുന്നതിന്റെ ഉദ്ദേശ്യങ്ങളില്‍ ഒന്ന് തന്നെ നമുക്ക് അന്യമായ, നമുക്ക് അറിയാത്ത നാടുകള്‍, ആളുകള്‍, സംസ്കാരങ്ങള്‍ എന്നിവയെ കുറിച്ച് അറിയുകയാണല്ലോ? കൂടുതല്‍ നല്ല പരിഭാഷകള്‍ വരട്ടെ. ഞാന്‍ പ്രതീക്ഷിച്ചതിലും വളരെ നീണ്ടയൊരു പോസ്റ്റായി ഇത്. അങ്ങനെ ഒരു നീണ്ട പോസ്റ്റ്‌ വായിക്കേണ്ടി വന്നതില്‍ ക്ഷമിക്കണം. ഇവിടം വരെ നിങ്ങള്‍ വായിച്ചെങ്കില്‍ നന്ദി.