ഒരു ഭയങ്കര സംഭവം

ഫഹദ് അബ്ദുൾ മജീദ്

(ജൂൺ 29, 2019 ൽ നടന്ന ഒരു യഥാർത്ഥ സംഭവം)
വെള്ളിയാഴ്‌ച രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയ്ക്ക് വന്നത് രണ്ടര വയസ്സുള്ള കുഞ്ഞ് മോനെ കാണാമെന്ന് കരുതിയായിരുന്നു. ഉറങ്ങുന്നതിന് മുൻപ് “നാളെ വാവയ്ക്കും വാപ്പിക്കും കൂടി പന്ത് കളിക്കാം” എന്ന് ഞാൻ മോന് വാക്ക് കൊടുക്കുകയും ചെയ്തിരുന്നു.
വാപ്പ ബാത്ത് റൂമിൽ തലചുറ്റി വീണു എന്ന വാർത്ത കേട്ടു കൊണ്ടാണ് ശനിയാഴ്‌ച രാവിലെ എഴുന്നേറ്റത്. വീട്ടിൽ ഉമ്മയല്ലാതെ ആരുമില്ലാത്തതുകൊണ്ട് ആലപ്പുഴയിലേക്ക് പോകണം. തൊടുപുഴ KSRTC സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം രാവിലെ 10:30. ആലപ്പുഴയ്ക്ക് ഇനി രണ്ടരയ്‌ക്കേ ബസ്സുള്ളൂ. വൈക്കം വഴി പോകാമെന്ന് വെച്ചാൽ വൈക്കത്തേയ്ക്ക് ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ബസ്സുള്ളൂ. കഴിഞ്ഞ തവണ വൈക്കം വഴി പോയപ്പോൾ ഒന്നര മണിക്കൂർ കാത്ത് നിന്നിട്ടാണ് വൈക്കത്ത് നിന്ന് ആലപ്പുഴയ്ക്ക് ബസ്സ് കിട്ടിയത്. അതുകൊണ്ട് നേരെ എറണാകുളത്ത് വന്നിട്ട് അവിടെ നിന്നും ആലപ്പുഴയ്ക്ക് പോകാമെന്ന് ഞാൻ തീരുമാനിച്ചു. അത് പിന്നീട് ഒരു പാരയാകുമെന്ന് ഞാനറിഞ്ഞുരുന്നില്ല.

കഴിഞ്ഞയാഴ്‌ച ജോലി തിരക്ക് കുറച്ചു കൂടുതലായിരുന്നതിനാൽ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്ന Money Heist S2 വിന്റെ ഒരു എപ്പിസോഡ് മാത്രമേ എഴുതാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ട് ഈ യാത്രയിൽ ബാക്കി എഴുതാമെന്ന് കരുതി. S2E2 എഴുതി നിർത്തിയിടത്ത് നിന്നും എഴുതി തുടങ്ങി. വോൾവോ ബസ്സിൽ ഒരു വിൻഡോ സീറ്റിൽ ഞാനിരുന്നു. അടുത്തുള്ള സീറ്റ് കാലി. ബസ്സ് ഓടിത്തുടങ്ങി. മൂവാറ്റുപുഴ കഴിഞ്ഞപ്പോൾ ഒരു കോൾ. ഭാര്യയായിരുന്നു വിളിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച ഓർഡർ ചെയ്ത പോർട്ടബിൾ കബോർഡ് ഇന്ന്(ശനിയാഴ്‌ച) കൊണ്ടുവരുമെന്ന്. എറണാകുളത്തെ വാടക വീടിന്റെ അഡ്രസ്സ് ആയിരുന്നു കൊടുത്തിരുന്നത് കഴിഞ്ഞ 5 week daysൽ എപ്പോഴെങ്കിലും വരുമെന്നും ഓഫീസിൽ നിന്നും പോയി മേടിച്ച് വീട്ടിൽ വെക്കാം എന്നുമായിരുന്നു  എന്റെ കണക്കുകൂട്ടൽ. ഇന്ന് ആണെങ്കിൽ ഞങ്ങൾ അവിടെയില്ല. എങ്കിൽ വീട്ടുടമസ്ഥനായ ബിജു ചേട്ടനെ വിളിച്ച് പറയാമെന്ന് കരുതി, പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ബസ്സ് ഒരു സ്റ്റോപ്പിൽ നിർത്തി. കണ്ടാൽ നിരുപദ്രവകാരിയെന്ന് തോന്നിക്കുന്ന എട്ടിലോ പത്തിലോ മറ്റോ പഠിക്കുന്ന ഒരു പയ്യൻ ബസ്സിൽ കയറി എന്റെ അടുത്ത് വന്നിരുന്നു. അപ്പോഴും ഞാൻ ഫോണിൽ സംസാരിക്കുകയായിരുന്നു. അവസാനമായി ഞാൻ ഒന്ന് കൂടി ഉറപ്പിക്കാനായി ബിജു ചേട്ടനോട് പറഞ്ഞു “മുകളിൽ ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണ്. സാധനം വന്നാൽ മേടിച്ച് വെച്ചേക്കണേ. ബിജു ചേട്ടൻ : ശരി.
ഞാൻ കോൾ കട്ട് ചെയ്തു. വീണ്ടും എഴുത്ത് തുടങ്ങി. ആ ഒരു കോൾ പിന്നീട് ഒരു വലിയ പാരയാകുമെന്നും ഞാൻ അറിഞ്ഞിരുന്നില്ല. മണി ഹെയ്സ്റ്റിന്റെ ഉള്ളിൽ ആ ബാങ്കിൽ കയറിയിരുന്ന് സബ്ടൈറ്റിൽ എഴുതിയിരുന്ന ഞാൻ അടുത്തിരുന്ന പയ്യനെ കാര്യമായി ശ്രദ്ധിച്ചില്ല. രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ആ പയ്യൻ ഇറങ്ങി പോയി. വേറെയൊരാൾ വന്ന് അടുത്തിരുന്നു. ബസ്സ് വീണ്ടും നീങ്ങി തുടങ്ങി. ഞാനിതൊന്നും അറിയാതെ തകർത്ത് എഴുതിക്കൊണ്ടിരിക്കുകയാണ്.

പുത്തൻ കുരിശ് ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ വണ്ടി നിന്ന് കുറച്ചു നേരം കഴിഞ്ഞിട്ടും അനങ്ങുന്നില്ല. ഞാൻ മൊബൈലിൽ നിന്നും തല ഉയർത്തി നോക്കി, അല്ല ബ്ലോക്ക് അല്ല പിന്നെയെന്താ ? കുറച്ചു പോലീസുകാർ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കൈ കാണിച്ച് വണ്ടി നിർത്തിയിരിക്കുകയാണ്. ഞാൻ കരുതി ആരെയെങ്കിലും തിരയാനോ ഏതെങ്കിലും പ്രതിയെ കൊണ്ടുപോകാനോ ആയിരിക്കുമെന്ന്. ഒരു SI കണ്ടക്ടറിനോട് എന്തൊക്കെയോ പറയുന്നുണ്ട്. അകത്തേയ്ക്ക് ചൂണ്ടുന്നതും കണ്ടു. ബസ്സിലെ ആളുകൾ എല്ലാവരും എന്താ കാര്യമെന്ന് അറിയാതെ അന്ധാളിചിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ നാല് പൊലീസുകാർ ബസ്സിലേയ്ക്ക് ഓടിക്കയറി. പക്ഷേ പ്രതികളെയൊന്നും കയറ്റിയതുമില്ല. ബസ്സിൽ ഒരു സീറ്റ് പോലും ഒഴിവില്ല. ഇനി ഇവർ യാത്രക്കാരെ ആരെയെങ്കിലും എഴുന്നേല്‍പിക്കുമോ എന്ന ശങ്കയിലായി ഞാൻ. എല്ലാവരും ബസ്സിന്റെ നടുക്ക് നിന്ന് പിന്നിലെ സീറ്റുകളിൽ കണ്ണ് കൊണ്ട് പരതുകയാണ്. കൃത്യം എന്നെ കണ്ടപ്പോൾ SI പറഞ്ഞു ആളെ കിട്ടി ദേ ഇരിക്കുന്നു. എന്നിട്ട് എന്നോട് എഴുന്നേൽക്കാൻ പറഞ്ഞു. ബസ്സിൽ നിന്നും പുറത്തിറക്കി. വേറെ ആരെയും ഇറക്കിയതുമില്ല. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്താ കാര്യം സർ? ഞാൻ ചോദിച്ചു.
SI 1 : അതൊക്കെ പറയാം. SI 2 : ഇയാൾ തന്നെയാണോ സർ? SI 3 : അതേന്നേ കണ്ടില്ലേ വെള്ള ഷർട്ട് അവിടെ വേറെ ആരുമില്ലല്ലോ വിൻഡോ സീറ്റിൽ വെള്ള ഷർട്ട്. SI 2 : ശരി…
ഞാൻ : സാറേ, എന്താ കാര്യം? ആൾ മാറിയതായിരിക്കും?
ആളെ കണ്ടാൽ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അയാളെയൊന്ന് വിളിച്ച് എന്നെ കാണിച്ച് നോക്ക് അല്ലെങ്കിൽ എന്റെയൊരു ഫോട്ടോ എടുത്ത് അയച്ചു കൊടുക്ക്. കാര്യങ്ങൾ പെട്ടെന്ന് ക്ലിയർ ആക്കാല്ലോ. SI 2: അതൊക്കെ നമുക്ക് അയക്കാം. ഒരു SI എന്റെ മൊബൈൽ മേടിച്ചു. നിങ്ങൾ ആരെയോ പൂട്ടിയിട്ടിരിക്കുന്നു എന്നൊക്കെ ഫോണിൽ പറയുന്നത് കേട്ടിട്ട്, ഒരാൾ കൺട്രോൾ റൂമിലേക്ക് വിളിച്ച് പറഞ്ഞിട്ട് അവിടെ നിന്നും നിർദ്ദേശം കിട്ടിയിട്ടാണ് ഞങ്ങൾ നിങ്ങളെ പിടിച്ചു നിർത്തിയിരിക്കുന്നത്.
SI 4 : എന്നാപ്പിന്നെ ഇവർ (ബസ്സ്) പൊയ്ക്കോട്ടെ അല്ലേ സാറേ? SI 1 : ആ അവര് പോട്ടെ..
ഞാൻ : അയ്യോ പോകല്ലേ. എനിക്ക് ആലപ്പുഴയ്ക്ക് പോകാനുള്ളതാണ്. ബസ്സിലെ കണ്ടക്ടർ അനുമതിക്കായി ഒരു SI യെ നോക്കി.
SI 3 : എന്നാ നിങ്ങൾ പൊയ്ക്കോ. ഇയാളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.
കേട്ടപാടെ ബസ്സ് വിട്ട് പോയി.

രണ്ട് സൈഡിലും ഓരോ SI യും പിന്നിൽ രണ്ട് SI മാരുമായി എന്നെ പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ ചെന്നയുടൻ അവർ എനിക്കൊരു കസേര ചൂണ്ടി കാണിച്ച് അതിൽ ഇരുന്നോളാൻ പറഞ്ഞു. പിന്നെ ഒരായിരം ചോദ്യങ്ങളായിരുന്നു. പേര്? സ്ഥലം? ജോലി? ഭാര്യയുടെ പേര് ? അച്ഛന്റെ പേര്? ജോലി ചെയ്യുന്ന കമ്പനിയുടെ പേര്? അങ്ങനെയങ്ങനെ…
എല്ലാത്തിനും ഞാൻ മണി മണി പോലെ ഉത്തരം പറഞ്ഞു.
സാറേ എന്റെ ഒരു ഫോട്ടോ എടുത്ത് അയക്ക്. അപ്പോൾ എല്ലാം  മനസ്സിലാകും
SI എന്നെ എഴുന്നേല്‍പിച്ച് നിർത്തി ഒരു ഫോട്ടോ എടുത്തു. എങ്ങോട്ടോ അയച്ചുകൊടുത്ത ശേഷം ആരെയോ ഫോൺ വിളിച്ചു
SI 2: ഒരു വെള്ള ഷർട്ട് ഇട്ട താടിയുള്ള ആളാണെന്നോ?
ഞാൻ മനസ്സിൽ  ഓ രക്ഷപ്പെട്ടു. എനിക്ക് താടിയില്ലല്ലോ. തൊട്ട് നോക്കി താടിയുണ്ട്. (താടി എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് തീവ്രവാദികളുടെ നീളമുള്ള താടിയായിരുന്നു)
SI 2 : ങാ, ചെറിയ കുറ്റി താടിയല്ലേ…
എന്റെ ഉള്ളൊന്ന് പിടച്ചു. പക്ഷേ ഫോട്ടോ അങ്ങോട്ട് ചെല്ലട്ടേ എല്ലാം ശരിയാകും
SI 2: എത്രയും വേഗം പറയണം. അവരോട് വേഗം നോക്കി പറയാൻ പറ. അറിഞ്ഞാൽ ഉടനെ വിളിക്കണം. SI ഫോൺ വെച്ചു. 
പിന്നെയും ചോദ്യങ്ങൾ ?
SI 1 : എവിടുന്നാ കയറിയത് ?
ഞാൻ : തൊടുപുഴ KSRTC സ്റ്റാൻഡിൽ നിന്ന്.
SI 2: എങ്ങോട്ടാടാ മോനേ ഈ രണ്ട് ജോഡി ഡ്രസ്സ്‌ ഒക്കെയായിട്ട് ? (അപ്പോഴേയ്ക്കും രണ്ട് SI മാർ എന്റെ ബാഗ് പരിശോധിച്ചു കഴിഞ്ഞിരുന്നു)
ഞാൻ : ആലപ്പുഴയ്ക്ക്. രാവിലെ ഫാദർ തലചുറ്റിവീണു. വീട്ടിൽ ആൺമക്കൾ ആരുമില്ലാത്തതുകൊണ്ട് ഞാൻ 2 ദിവസം ലീവ് എടുത്ത് വീട്ടിൽ പോയി നിക്കാൻ പോകുവായിരുന്നു.
അതിനിടയിൽ ഫോട്ടോ കണ്ട് അതിന്റെ മറുപടി വന്നു. ഇവൻ തന്നെയാണ് ആള്. അവർ ഉറപ്പിച്ചു പറയുന്നു. അതോടെ എന്റെ അത്ഭുതം ഭയമായി മാറി.
SI 2 : അതിന് നീയെന്തിനാടാ മോനേ എറണാകുളത്തേയ്ക്ക് പോകുന്നത്?
SI 3 : അതേ വൈക്കം വഴി–
ഞാൻ : വൈക്കത്തേയ്ക്ക് വണ്ടി ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞു. പിന്നെ കഴിഞ്ഞ തവണ വൈക്കം വഴി പോയപ്പോൾ വൈക്കത്ത് ഒരു 1 മണിക്കൂർ കാത്തിരുന്നിട്ടാണ് ആലപ്പുഴയ്ക്ക് ബസ്സ് കിട്ടിയത്.
SI 4 : ശരി, ഇനി പറ ആരെയോ പൂട്ടിയിട്ടിരിക്കുന്നു എന്ന് താൻ ആർക്കാ മെസ്സേജ് അയച്ചത്?
ഞാൻ : ഇല്ല സാറേ ഞാൻ അങ്ങനെയൊരു മെസ്സേജ് ആർക്കും അയച്ചിട്ടില്ല..
SI 1 : കള്ളം പറയരുത്. ഒന്ന് കൂടി ആലോചിച്ച് നോക്കിക്കേ. 
ഞാൻ ശരിക്കും ആലോചിച്ചു. പെട്ടെന്ന് എനിക്ക് ഓർമ്മ വന്നു.

ഒന്ന് രണ്ട് ദിവസം മുമ്പ് കുഞ്ഞു മോൻ ഇബ്ബു ഭാര്യ റംസിയെ ബാത്ത് റൂമിൽ ഇട്ട് പൂട്ടിയത് എനിക്ക് മെസ്സേജ് അയച്ചിരുന്നത് (എന്നെയും അവൻ ഒരിക്കൽ ബാത്ത് റൂമിൽ ഇട്ട് പൂട്ടിയിട്ടുണ്ട്)
ഞാൻ : ങാ സാറേ ഓർമ്മ വന്നു. രണ്ട് മൂന്ന് ദിവസം മുൻപ് ഇബ്ബു എന്റെ ഭാര്യയെ ബാത്ത് റൂമിൽ ഇട്ട് പൂട്ടിയിരുന്നു. അപ്പോൾ എനിക്കൊരു മെസ്സേജ് അയച്ചിരുന്നു. അതായിരിക്കുമോ സാറേ?
SI 2 : ആര് പൂട്ടിയിട്ടെന്ന്?
ഞാൻ : ഇബ്ബു, അതെന്റെ രണ്ടര വയസ്സുള്ള മോനാ സാറേ.
SI 3 : എന്നിട്ട് മെസ്സേജ് അയച്ചിരുന്നോ?
ഞാൻ : കുറച്ചു നേരം കഴിഞ്ഞപ്പോൾ ഭാര്യയുടെ ഫാദർ വന്ന് തുറന്നു. അതുകഴിഞ്ഞ് ഭാര്യ എനിക്ക് മെസ്സേജ് അയച്ചിരുന്നു.
SI 3 : എങ്കിൽ ആ മെസ്സേജ്‌ കാണിക്ക്.
ഞാൻ ഉടൻ തന്നെ മൊബൈൽ തിരിച്ച് വാങ്ങി ഭാര്യയുമായി ചാറ്റ് ചെയ്തതിലും, കുടുംബ ഗ്രൂപ്പിലും എല്ലാം കയറി സെർച്ച് ചെയ്യാൻ തുടങ്ങി.
“പൂട്ടിയിട്ടു” ഇല്ല ഒന്നും കിട്ടിയില്ല.
“പൂട്ടി” അങ്ങനെ ആ മെസ്സേജ് എവിടെയോ കണ്ടു കാണിക്കാൻ  നേരം.
SI 4, SI 3 നോട് അല്ല സാറേ ആ മെസ്സേജ് ഇന്ന് ബസ്സിൽ ഇരുന്ന് അയച്ചു എന്നല്ലേ അവർ പറഞ്ഞത്?
SI 3 : അതേ ശരിയാണല്ലോ.
ഞാൻ : ഇല്ല സാറേ. ഞാൻ ഇന്ന് ബസ്സിൽ കയറിയിട്ട് ആർക്കും ഒരു മെസ്സേജും അയച്ചിട്ടില്ല സാറേ. ഞാൻ നെറ്റ് പോലും ഓൺ ചെയ്തിട്ടില്ല.
SI 1 : ആരെയെങ്കിലും ഫോൺ വിളിച്ചിരുന്നോ?
ഞാൻ : ങാ, ഭാര്യയെ വിളിച്ച് ആലപ്പുഴയ്ക്ക് പോകുന്നത് എറണാകുളം വഴിയാണെന്ന് പറഞ്ഞിരുന്നു.
SI 1 : വേറെ ആരെയും വിളിച്ചില്ല..?
ഞാൻ : ഇല്ല (ആ സമയത്ത് ഒരു മിനിറ്റിൽ താഴെയുള്ള ബിജു ചേട്ടനെ വിളിച്ച കോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല)
SI 1 : താൻ ആരെയോ ഏതോ ഫ്ലാറ്റിൽ പൂട്ടിയിട്ടിരിക്കുകയാണ് ആയുധം വന്നാൽ മേടിച്ച് വെച്ചേക്കണമെന്ന് പറഞ്ഞില്ലേ?
ഞാൻ : ആയുധമോ? (കരിക്ക് : ലോലൻ.jpg)
ഇല്ല സാറേ ആയുധമൊന്നും മേടിച്ച് വെക്കാൻ ആരോടും ഞാൻ പറഞ്ഞിട്ടില്ല.
SI 1 : ഫ്ലാറ്റിൽ ആരെയാ പൂട്ടിയിട്ടിരിക്കുന്നത്?
ഭാഗ്യത്തിന് പെട്ടെന്ന് എനിക്ക് ഓർമ്മ വന്നു. ബിജു ചേട്ടനെ വിളിച്ച കാര്യം.
ഞാൻ സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. ഏറ്റവും അവസാനം ഞാൻ പറഞ്ഞത് “മുകളിൽ ഫ്‌ളാറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. സാധനം വന്നാൽ മേടിച്ച് വെച്ചേക്കണേ” എന്നായിരുന്നു.  ഇനി അത് കേട്ടിട്ട് ആരെങ്കിലും വിളിച്ചു പറഞ്ഞതായിരിക്കും സാറേ?

ഓണറിന്റെ നമ്പർ എടുക്ക്. അവർ ഓണറിന്റെ നമ്പറിൽ വിളിച്ചു..
SI : ഹലോ ബിജു എഡ്വേർഡ് അല്ലേ?
SI: അവിടെ ഫഹദ് അബ്ദുൽ മജീദ് എന്നൊരാൾ താമസിക്കുന്നുണ്ടോ?
SI : അയാൾ ഇന്ന് നിങ്ങളെ വിളിച്ചിരുന്നോ?
SI : അയാൾ എന്താ പറഞ്ഞത്?
SI: കബോർഡ് അല്ലേ? ആളെ നിങ്ങൾക്ക് നന്നായിട്ട് അറിയാമോ, പ്രശ്നക്കാരനൊന്നുമല്ലല്ലോ അല്ലേ? ശരി. 
ഫോൺ വെച്ചു.
SI 2 : എന്നാലും ആയുധത്തിന്റെ കാര്യമോ സാറേ? അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.
SI 1:  ശരിയാണല്ലോ.
ഞാൻ : സാറേ ആയുധമോ. ഞാൻ “സാധനം”  മേടിച്ചു വെച്ചേക്കണം എന്ന് പറഞ്ഞത് റിപ്പോർട്ട് ചെയ്തപ്പോൾ ആയുധമായതായിരിക്കും
SI 4 : താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പർ?
ഞാൻ : മൊബൈലിൽ നോക്കണം
SI 4 : ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പർ നിനക്ക് അറിഞ്ഞു കൂടേടാ മോനേ?
ഞാൻ : ഇല്ല സാറേ. HR ന്റെ നമ്പർ ഉണ്ട്.
എങ്കിൽ അതെടുക്ക്.
നമ്പർ കൊടുത്തു 0484 ൽ തുടങ്ങുന്ന ഒരു ലാൻഡ് ഫോൺ നമ്പർ. ഇത് അടിക്കുന്നുണ്ട് ആരും എടുക്കുന്നില്ലല്ലോ.
ഞാൻ : സാറേ ഇന്ന് ശനിയല്ലേ ഞങ്ങൾക്ക് അവധിയാണ്. അവിടെയാരും കാണില്ല.
ഭാര്യയുടെ നമ്പർ എടുക്ക്. അതിനും ഞാൻ  മൊബൈലിൽ നോക്കുന്നു.
SI 4 : അതും നിനക്ക് അറിയില്ലേടാ മോനേ?
ഞാൻ : ഇല്ല സർ, മൊബൈലിൽ ഉണ്ടല്ലോ.
SI 4 നമ്പർ ഡയൽ ചെയ്യുന്നു റിങ് ചെയ്യുന്നു.
ഞാൻ : സാറേ, ഇതൊന്നും പറഞ്ഞ് പേടിപ്പിക്കേണ്ട. വല്ല വെരിഫിക്കേഷനും ആണെന്ന് പറഞ്ഞാൽ മതി.
SI 4 എന്നേയൊന്ന് അടിമുടി നോക്കിയിട്ട്… മ്മ്… എന്ന് നീട്ടിയൊരു മൂളൽ…
ഭാര്യ ഫോൺ എടുത്തു.
SI : ഹലോ റാംസി ഇല്ലിയാസ് അല്ലേ?
ഞാൻ : റാംസിയല്ല സാറേ റംസി.(ഗെയിം ഓഫ് ത്രോൺസിലെ റാംസിയുടെ മുഖം മനസ്സിൽ ഒന്ന് മിന്നി മാഞ്ഞു.)
SI : ഞാൻ പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിലെ SI ആണ്.
ഈ ഫഹദ് അബ്ദുൽ മജീദ് ആരാ? ഹസ്ബൻഡ് ആണല്ലേ. ഒരു സംശയാസ്പദമായ സാഹചര്യത്തിൽ ആളെ ഞങ്ങൾക്കൊന്ന് ബസ്സിൽ നിന്ന്  ഇറക്കി സ്റ്റേഷനിൽ കൊണ്ടു വരേണ്ടി വന്നു.
(അവിടെ നിന്നും കരച്ചിൽ…)
SI ഒന്ന് പരുങ്ങി… ഇന്നാ സംസാരിച്ചോ…
ഞാൻ ഫോൺ വാങ്ങി സംസാരിച്ചു.
കുഴപ്പമൊന്നുമില്ല.. ആരോ ഞാൻ കബോർഡ് മേടിച്ച് വെക്കാൻ പറഞ്ഞത് കേട്ട് തെറ്റിദ്ധരിച്ചതാണ്. ഇപ്പോൾ എല്ലാം ശരിയാകും. പേടിക്കേണ്ട. ഞാൻ സാറിന് കൊടുക്കാം.
ഫോൺ തിരിച്ച് SI യ്ക്ക് കൊടുത്തു.
ഏതാണ്ട് എല്ലാം ക്ലിയർ ആയി എന്ന് കരുതി. 
SI 4 : മ്മ്… ബാഗ് എടുത്ത് മടിയിൽ വെച്ചോ.
SI 2 : അല്ല സാറേ അപ്പോൾ ആയുധം വെച്ചിരിക്കുന്ന മുറിയിൽ നിന്ന് തോക്ക് മാറി എടുക്കാൻ പറഞ്ഞതോ?
ഞാൻ : ആയുധമോ? തോക്കോ? (വീണ്ടും കരിക്ക് ലോലൻ.jpg)
SI 2 : അതേ സാറേ അങ്ങനെയല്ലേ കണ്ട്രോൾ റൂമിൽ നിന്നും പറഞ്ഞത്. ആയുധം വെച്ചിരിക്കുന്ന മുറിയിൽ നിന്നും തോക്ക് മാറിയെടുക്കണമെന്നോ. അങ്ങനെ എന്തൊക്കെയോ മെസ്സേജ് അയക്കുന്നത് കണ്ടെന്ന്??
എനിക്ക് മിന്നി തുടങ്ങി… ആയുധം വെച്ചിരിക്കുന്ന മുറി, തോക്ക് മാറിയെടുക്കാൻ…
പക്ഷേ….
SI 1:  എവിടെയാ ജോലി ചെയ്യുന്നതെന്നാ പറഞ്ഞേ?
ഞാൻ : മൈക്രോ ഒബ്ജക്ട്സ്, പുല്ലേപ്പടി…
എത്ര കാലമായി?
ഏതാണ്ട് 10 വർഷം.
അവിടെയുള്ള ആരുടെയെങ്കിലും നമ്പർ ?
ഞാൻ : സാറേ എനിക്ക് മനസ്സിലായി ഞാൻ പറയാം.
SI 1 :  ടാ മോനേ നീ നമ്പർ പറയടാ.
ഞാൻ : അല്ല, സാറേ എനിക്ക് മനസ്സിലായി എന്താ സംഭവിച്ചതെന്ന്. എനിക്ക് ശരിക്കും മനസ്സിലായി.
SI 1 : കോളീഗിന്റെ നമ്പർ പറയടാ മോനേ…
ഞാൻ ജേസിൽ എന്ന എന്റെ സുഹൃത്തിന്റെ നമ്പർ കൊടുത്തു. പുള്ളി അതും  കൊണ്ട് പുറത്തേയ്ക്ക് പോയി.
SI 3 യും ഞാനും മാത്രം അവിടെ ബാക്കിയുള്ളവരൊക്കെ പുറത്തേയ്ക്ക് പോയി.
ഞാൻ : സാറേ, എനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി. വിളിച്ചറിയിച്ചത് ഒരു പയ്യൻ അല്ലേ?
SI 3 : അറിയില്ലടാ മോനെ. ഞങ്ങളെ പോലുമല്ല വിളിച്ചത് നേരെ കണ്ട്രോൾ റൂമിലേയ്ക്കാ വിളിച്ചത്.

ഞാൻ സംഭവിച്ചത് പുള്ളിക്ക് വിശദമായി വിവരിച്ചു കൊടുത്തു.
ഞാൻ ബിജു ചേട്ടനെ വിളിച്ചു ഫോൺ വെക്കാറായ സമയാത്തായിരുന്നു ആ പയ്യൻ എന്റെ അടുത്ത് വന്നിരുന്നത്. അപ്പോൾ അവൻ അവസാനം പറഞ്ഞ ” മുകളിൽ ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണ്. സാധനം വന്നാൽ മേടിച്ചു വെച്ചേക്കണേ എന്നത് മാത്രമാണ് കേട്ടത്.
അതേ… സാറേ ഞാൻ ഈ ഇംഗ്ലീഷ് സിനിമകൾക്കും അന്യ ഭാഷാചിത്രങ്ങൾക്കുമൊക്കെ സബ്ടൈറ്റിൽ എഴുതുന്ന ആളാണ്.
SI 3 : അതെന്തുവാടാ മോനേ?
ഞാൻ : അല്ല സാറേ നമ്മളീ ഇംഗ്ലീഷ് സിനിമയൊക്കെ കാണുമ്പോൾ താഴെ ഇംഗ്ലീഷിൽ എഴുതി വരില്ലേ?
SI 3 : മ്മ്…
ഞാൻ : അത് പക്ഷേ ഇംഗ്ലീഷ് അറിയാവുന്നവർക്കല്ലേ മനസ്സിലാകൂ… ഞങ്ങൾ കുറച്ച് പേരുണ്ട് സാറേ, ഈ ഭാഷ സിനിമാ ആസ്വാദനത്തിന് ഒരു പ്രശ്നമാകാതിരിക്കാൻ അത് മലയാളത്തിൽ എഴുതും  അപ്പോൾ സിനിമ കാണുമ്പോൾ താഴെ കൂടി മലയാളത്തിൽ എഴുതി വരും
SI 3 : ഓ.. അപ്പോ കഥയൊക്കെ കൂടുതൽ മനസ്സിലാകും… അല്ലേ…?
ഞാൻ : അതേ… അപ്പോ ഞാൻ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ സബ്ടൈറ്റിൽ എഴുതാറുണ്ട്. അങ്ങനെ ഞാൻ ഒരു ബാങ്ക് കൊള്ളയുടെ കഥ പറയുന്ന ഒരു സീരീസിന് സബ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.
SI 3: ഹ ഹ ഹ എങ്കിൽ അത് തന്നെയാടാ മോനേ കാര്യം. അതൊക്കെ തന്നെയാ അവരും പറഞ്ഞത്. ആയുധം വെച്ചിരിക്കുന്ന മുറിയെന്നോ തോക്ക് മാറ്റിയെടുക്കണമെന്നോ ഒക്കെ തന്നെയാ പറഞ്ഞത്. അല്ല ഇത് നിങ്ങളെങ്ങനെയാ ബാക്കിയുള്ളവർക്ക് കൊടുക്കുന്നത്?
തീയറ്ററിൽ ഇടാൻ കൊടുക്കുവോ? അതെങ്ങനെയാ?
വീണ്ടും അടുത്ത പണി… (ജഗതി മിന്നാരം.jpg)
തീയറ്ററിൽ ഓടുന്ന സിനിമയ്ക്ക് അനധികൃതമായി സബ് ചെയ്യുന്നതിന് ഉള്ളിൽ തള്ളാനുള്ള നമ്പർ…
ഞാൻ : ഏയ് ഇല്ല സാറേ… ഈ പഴയ ക്ലാസിക്ക് സിനിമകൾ ഇല്ലേ… ഗോഡ്ഫാദർ പോലെയുള്ളത് അതൊക്കെ ഇപ്പോൾ നെറ്റിൽ എല്ലാവർക്കും കിട്ടുമല്ലോ, അതിനൊക്കെ ഞങ്ങൾ സബ് ചെയ്യും. പിന്നെ DVD ഇറങ്ങിയ ശേഷം കുറെ കാലം കഴിഞ്ഞ സിനിമകൾക്ക്. ഇംഗ്ലീഷ് മാത്രമല്ല. ചൈനീസ്, കൊറിയൻ, സ്പാനിഷ്, അങ്ങനെ എല്ലാ അന്യഭാഷകൾക്കും ഞങ്ങൾ സബ് ചെയ്യുന്നുണ്ട്. സാമ്പത്തികമായി ഒന്നും പ്രതീക്ഷിച്ചിട്ടൊന്നുമല്ല സാറേ. ഒരു ഹോബി.
SI 3: ഇതെങ്ങനെ ബാക്കിയുള്ളവർ അറിയും?
ഞാൻ : അതിന് ഞങ്ങൾക്ക് Msone എന്ന ഒരു Facebook Group ഉണ്ട് സാറേ.
ഓ അതിൽ ഇടുമ്പോൾ ബാക്കിയുള്ളവർക്ക് അത് കാണാം അല്ലേ?
ഞാൻ : അതേ.
പുറത്ത് പോയ SI 1 തിരിച്ചെത്തി. SI 3, SI 1 നോട്.
സാറേ ഇപ്പോ എല്ലാം മനസ്സിനായി. ഇവനെ മറ്റേത് എഴുതുന്ന പരിപാടിയുണ്ട്. ഈ സിനിമയുടെ അടിയിൽ ഇങ്ങനെ പറയുന്നതൊക്കെ എഴുതി കാണിക്കല്ലേ. അത്.
ഇവൻ ഇപ്പൊ എഴുതിക്കൊണ്ടിരുന്നത് ഒരു ബാങ്ക് കൊള്ള ചെയ്യുന്ന സീരിയലിന്റെ കഥയാണ്.
ഞാൻ : കഥയല്ല സാറേ സബ്ടൈറ്റിൽ..
SI 3 : ങാ, അത് തന്നെ. അത് കണ്ടിട്ട് ആരോ തെറ്റിദ്ധരിച്ച് കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞതാണ്.
SI 1 : അപ്പോ ആർക്കോ മെസ്സേജ് അയച്ചെന്ന് അവർ പറഞ്ഞതോ?
ഞാൻ : സാറേ, ഞാൻ നെറ്റ് പോലും ഓൺ ആക്കിയിരുന്നില്ല. ഇപ്പോ കാണിച്ചു തരാം.
എന്നിട്ട് എന്റെ ഫോൺ എടുത്ത് മണി ഹേയ്സ്റ്റിന്റെ S02E04 എടുത്ത് കാണിച്ച് കൊടുത്തു. അവർ രണ്ട് പേരും നോക്കി.
SI 1: ഓ അപ്പൊ ഇതാണ് സംഭവം അല്ലേ ഇത് ആർക്കാ അയച്ചുകൊടുക്കുന്നത്?
ഞാൻ : അയ്യോ, സാറേ ഞാൻ ആർക്കും അയച്ചിട്ടില്ല. ഇത് എഴുതി ഞാൻ Msone എന്ന ഗ്രൂപ്പിന് അയക്കും. അവർ അത് നോക്കി, തിരുത്തി പബ്ലിഷ് ചെയ്യും.
SI 1 : അപ്പോൾ മെസ്സേജ് അയച്ചെന്ന് അവർ പറഞ്ഞതോ?
ഞാൻ : എന്റെ സാറേ അത് ആ വിവരമില്ലാത്ത നല്ലവൻ തെറ്റിദ്ധരിച്ചതാണ്.
SI 1 : മ്മ്… എന്നാൽ ഇയാളെ വിട്ടേക്കാം അല്ലേ?
SI 3: അതേ സാറേ. ഇത് ഒന്നുമില്ല. ഇവനൊരു പാവമാ. പൊയ്ക്കോട്ടെ.
SI 1 വീണ്ടും പുറത്തേയ്ക്ക് പോയി.
SI 3 : അല്ലടാ മോനേ നീ ഇപ്പോ എഴുതിയത് എവിടെ? ഞാൻ ഈ പുകിൽ എല്ലാം ഉണ്ടാകാൻ കാരണമായ ഭാഗവും പിന്നെ സബ് എഴുതി നിർത്തിയിരിക്കുന്ന പാതി ഇംഗ്ലീഷും മലയാളവുമായി നിൽക്കുന്ന ഭാഗവുമെല്ലാം SI3 യ്ക്ക് കാണിച്ചു കൊടുത്തു.
SI 3 : എന്നാ ശരിയെടാ മോനേ.. തൊട്ട് അപ്പുറത്താണ് ബസ്സ് സ്റ്റോപ്പ് ഞാൻ കൊണ്ടുപോയി ആക്കണോ?
ഞാൻ : വേണ്ട സാറേ, ഞാൻ പൊയ്ക്കോളാം.(മനസ്സിൽ : എന്റെ പൊന്നോ വേണ്ടായേ ഞാൻ എങ്ങനെയെങ്കിലും പൊയ്ക്കോളാവേ!)
ബാഗുമായി ഞാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ.
SI 3 : എടാ മോനെ നീ ഇങ്ങനെ ആൾക്കാർക്ക് സംശയം ഉണ്ടാക്കുന്ന പോലെയുള്ള സാധനങ്ങളൊക്കെ എഴുതിയാൽ ഇനിയും പോലീസ് സ്റ്റേഷനിൽ വന്ന് ഇതുപോലെ നിക്കേണ്ടി വരും. അതുകൊണ്ട് ഇനി എഴുതുമ്പോൾ അടുത്ത് ആരെങ്കിലും വന്ന് ഇരുന്നാൽ അവരോടൊന്ന് പറഞ്ഞേക്ക്. ഞാൻ ഇങ്ങനെ സബ്ടൈറ്റിൽ എഴുതുവാണെന്ന്. 
കൊണ്ടുപോയി ആക്കണോ… നിന്നെ ഞങ്ങൾ ആ ബസ്സിൽ നിന്നും വിളിച്ച് ഇറക്കുകയും ചെയ്തു… ഇനിയിപ്പോ വേറെയൊരു ബസ്സിൽ കയറി പൊയ്ക്കോളാൻ അല്ലാതെ വേറെയൊന്നും ഞങ്ങൾക്ക് പറയാൻ പറ്റില്ല … എന്നാ ശരി പൊയ്ക്കോ…
SI 1 : വല്ല സ്ഥലത്തും എന്തെങ്കിലും സംഭവിച്ചാൽ  പിന്നെ ഞങ്ങളാ അപ്പോൾ ഉത്തരം  പറയേണ്ടത്, എല്ലാ വിവരങ്ങളും വിശദമായി എഴുതിയെടുത്തല്ലോ അല്ലേ.
അവർ ഞാൻ പറഞ്ഞ വിവരങ്ങൾ എല്ലാം വിശദമായി എഴുതി എടുത്തു. എന്നിട്ട് എന്നെ വിട്ടയച്ചു.

പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ബസ്സ് സ്റ്റാണ്ടിലേയ്ക്ക് നടക്കുമ്പോൾ ഈ അടുത്ത കാലത്ത് റിയാസ് എന്നയൊരു ഭീകരനെ പിടി കൂടിയതും എറണാകുളത്ത് ഒരു സ്ഫോടന പരമ്പര പ്ലാൻ ചെയ്തിരുന്നതും എല്ലാം എന്റെ മനസ്സിൽക്കൂടി പാഞ്ഞു പോയി.
യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്? ആ പയ്യൻ തന്നെയായിരിക്കുമോ കണ്ട്രോൾ റൂമിലേക്ക് വിളിച്ചത് ആകില്ല. രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അവൻ ഇറങ്ങി. അതിനിടയിൽ ഞാൻ എഴുതുന്നതിന്റെ ഒന്നോ രണ്ടോ സംഭാഷണങ്ങൾ അവൻ കണ്ടു. നേരത്തെ കേട്ട ഫോൺ സംഭാഷണവും കൂടി അതിനോട് ചേർത്ത് ആലോചിച്ചപ്പോൾ അവൻ ഉറപ്പിച്ചു. ഇവൻ ഭീകരൻ തന്നെ…(പാവം ഞാൻ) 
അവൻ സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന അച്ഛനോടോ മറ്റോ കാര്യം പറയുന്നു, അയാൾ കണ്ട്രോൾ റൂമിൽ വിളിച്ച് പറയുന്നു, അവർ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുന്നു. ഇതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. എന്ന് ഞാൻ ഊഹിക്കുന്നു…
അതിന് ശേഷം ഭാര്യയെ വിളിച്ച് ഞാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങിയെന്ന് പറഞ്ഞ് കിട്ടിയ ബസ്സിൽ കയറി എറണാകുളത്തേയ്ക്ക് പോയി. ബസ്സിൽ സീറ്റ് കിട്ടി അടുത്ത് ആരും ഇരുന്നില്ല. എന്നിട്ടും ഞാൻ പിന്നെ സബ് എഴുതിയില്ല. (മനസ്സ് വല്ലാതെ പേടിച്ചു പോയി ജഗതി.jpg)
വൈകിങ്‌സ് മലയാളം സബ്‌ വെച്ച് രണ്ട് എപ്പിസോഡ് കണ്ടു.
ഇത് ശരിക്കും സംഭവിച്ച കാര്യമാണ്. ഒട്ടും വെള്ളം ചേർത്തിട്ടില്ല. ചിലതൊക്കെ വിട്ട് പോയിട്ട് ഉണ്ടെങ്കിലേയുള്ളൂ…
കണ്ട്രോൾ റൂമിലെ കോൾ കിട്ടി, ഒരു ഭീകരനെ കിട്ടി എന്ന് കരുതി അടുത്തുള്ള സ്റ്റേഷനുകളിലെ SI മാരെയെല്ലാം വിളിച്ച് വരുത്തി ബസ്സ് തടഞ്ഞ് എന്നെ ഇറക്കികൊണ്ടുപോയി ചോദ്യം ചെയ്‌തെങ്കിലും ഒരാൾ പോലും ഒരിക്കൽ പോലും മോശമായി സംസാരിക്കുകയോ എന്റെ ദേഹത്ത് ഒന്ന് തൊടുകയോ പോലും ചെയ്തില്ല എന്നത് പ്രത്യേകം പറയേണ്ട കാര്യമാണ്.