സ്റ്റേയില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍
തയ്യാറാക്കിയത് : മുജീബ് സിപിവൈ
2005 ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് സ്റ്റേ. മാര്‍ക്ക് ഫോസ്റ്റര്‍ സംവിധാനം ചെയ്ത സിനിമയുടെ രചന ഗെയിം ഓഫ് ത്രോൺസ് സീരിസ് സ്ക്രിപ്റ്റ് റൈറ്റർ ഡേവിഡ് ബെന്നിയോഫ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ഓര്‍ത്ത് നമ്മളൊന്ന് അന്തം വിടും. അപരിചിതമായ എഡിറ്റിംഗ്, തുടര്‍ച്ചയില്ലാത്ത രംഗങ്ങള്‍, സ്ഥാനം മാറുന്ന അഭിനേതാക്കള്‍, ഒരോ രംഗത്തില്‍ നിന്നും മറ്റൊരു രംഗത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റം, ഇമോഷൻസിന് പ്രാധാന്യമില്ലാതെ അഭിനിയച്ച അഭിനേതാക്കള്‍, പാന്റ് എപ്പോഴും ഞെരിയാണിയില്‍ നിന്നും അല്പം പൊങ്ങി മാത്രം കാണപ്പെടുന്ന നായകൻ ഇങ്ങനെ ഒട്ടനവധി പിടികിട്ടാത്ത സംഗതികളാണ് സിനിമ മുഴുവൻ. എന്നാല്‍ ഇതിനെല്ലാം ഒരു വ്യക്തമായ കാരണം സിനിമയിലുണ്ട്. അത് മനസ്സിലാക്കിയാല്‍ ഇതിനകത്തൊളിഞ്ഞിരുന്ന പലതും നമ്മെ തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും.

സാധാരണ പോലെ ഒരു സിനിമ കണ്ടയുടനെ അതങ്ങ് വിട്ട് പോകാൻ സ്റ്റേ നിങ്ങളെ അനുവദിക്കില്ല. നിങ്ങള്‍ നന്നായി ചിന്തിച്ചാല്‍ മാത്രമേ കാര്യങ്ങളുടെ കിടപ്പുവശം മനസിലാകൂ..
ആദ്യം നമുക്ക് സിനിമയുടെ കഥ ഒന്ന് പരിചയപ്പെടാം.
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയർ പൊട്ടി അപകടത്തില്‍പ്പെടുന്ന സീനോടെയാണ് സിനിമ ആരംഭിക്കുന്നത്. അടുത്ത സീനിൽ ഹെൻറിലെതം താനാണ് ഈ അപകടത്തിന് കാരണമെന്ന വിഷമത്തോടെ പാലത്തിലിരിക്കുന്നു. പിന്നീട് എണീറ്റ് നടന്നുപോകുന്ന ഹെൻറിയുടെ മുഖം പെട്ടെന്ന് സാം ആയി മാറുന്നു.

സാം തന്റെ കയ്യിലുള്ള കല്യാണമോതിരത്തിലേക്ക് നോക്കുന്നു. പുറകിലായി ഒരു പെയിന്റിംഗും കാണാം.
പിന്നീട് ഫ്രെയിം സഞ്ചരിക്കുന്നത് ലൈലയിലേക്കാണ്. ലൈലയെ കണ്ടുമുട്ടുന്ന സാം അയൽവക്കത്തെ കുട്ടിയുടെ കരച്ചില്‍ കാരണം ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് പറയുന്നു. അയല്‍വക്കത്തുള്ളവര്‍ തൊണ്ണൂറ് കഴിഞ്ഞവരാണെന്ന് ലൈലയും. പിന്നീട് തിരിഞ്ഞുനോക്കുമ്പോഴേക്കും സാം അപ്രതക്ഷ്യമാകുന്നു. അടുത്തതായി കാണുന്നത് സാമിന്റെ സൈക്യാട്രിക് ക്ലിനിക്കിലെത്തിയ ഹെൻറിയെയാണ്. കല്ലുമഴ (ആലിപ്പഴം) പെയ്യാൻ പോവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഹെൻറിയുടെ എൻട്രി. തന്റെ സ്ഥിരം സൈക്യാട്രിസ്റ്റിന് പകരം സാം ആണ് വന്നതെന്ന് ഹെൻറി മനസിലാക്കുന്നു. ഹെൻറിയോട് സംസാരിക്കാൻ ശ്രമിക്കുന്ന സാമിന് അവൻ സ്വന്തം കാര്‍ കത്തിച്ചുവെന്ന് മനസിലാകുന്നു. ഹെൻറി തിരിച്ചുപോകുന്നതോടെ പാൻ ചെയ്യുന്ന ക്യാമറ താഴെ കാണിക്കുന്നത് സാമും ലൈലയും സംസാരിച്ചിരിക്കുന്നതാണ്. ഇവിടെയുള്ള ആള് പെട്ടെന്നവിടെയങ്ങനെ വന്നു എന്ന് തോന്നുന്ന കട്ട്. ഇവിടെ സാമിന്റെ പാന്റ് കൂടുതല്‍ പൊങ്ങിയിരിക്കുന്നത് ശ്രദ്ധിക്കുക. ആ ചിത്രം മുകളില്‍ കണ്ടുകാണുമല്ലോ.
തുടര്‍ന്ന് ഹെൻറി പ്രവചിച്ചതുപോലെ കല്ലുമഴപെയ്യുന്നു. ഏതോ ഒരു സ്ത്രീ കാറില്‍ പോകുന്ന രംഗം അല്പനേരം കാണിച്ചശേഷം ഹെൻറി ട്രെയിനില്‍ പോകുന്നതാണ് കാണുന്നത്. ട്രെയിനിലെ പാസഞ്ചേഴ്സിനെ ഒന്ന് ഓര്‍ത്ത് വെച്ചേക്കുക.

ആ സീൻ അവസാനിക്കുന്നത് ട്രെയിനിന്റെ ഡോർ തുറക്കുന്ന സീനിലാണ്. എന്നാല്‍ തുറന്ന ഡോറിലൂടെ തന്റെ
അപ്പാര്‍ട്ട്മെന്റിലേക്ക് കടക്കുന്ന ലൈലയെയാണ് നമ്മള്‍ പിന്നീട് കാണുന്നത്. ഇത്തരത്തില്‍ അനേകം കട്ടുകള്‍ നമുക്ക്
സിനിമയിലുടനീളം കാണാം.
അടുത്ത സീനില്‍ ഹെൻറി വീണ്ടും സാമിനെ വന്ന് കാണുന്നു. സാമിന്റെ കയ്യിലുള്ള മോതിരത്തെക്കുറിച്ചും പുറകിലുള്ള ചിത്രത്തെക്കുറിച്ചും
ചോദിക്കുന്നു. തുടര്‍ന്ന് താൻ എന്തൊക്കെയോ സംസാരങ്ങൾ കേൾക്കുന്നുവെന്ന് ഹെൻറി പറയുന്നു. ഈ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്.
ഹെൻറി കേള്‍ക്കുന്ന ശബ്ദം ഞാൻ സബ് ചെയ്തതില്‍ മഞ്ഞ നിറത്തില്‍ കൊടുത്തിട്ടുണ്ട്.
” ഞാനവനെ മാറ്റിയിട്ടില്ല, നീയല്ല അവനെ മാറ്റേണ്ടതെന്നെനിക്കറിയാം”
“എനിക്കിതിനിയും കാണാൻ വയ്യ”
“എന്റെ കൂടെ നിൽക്ക് ഹെൻറീ എന്റെ കൂടെ നിൽക്ക്”
പക്ഷേ അവരുടെ സംസാരം സാമിന്റെ സുഹൃത്ത് തടസപ്പെടുത്തുന്നു. ഇയാളുടെ മുഖവും ഒന്ന് ഓര്‍ത്ത് വെച്ചോളൂ..

പിന്നീട് മൂന്ന് ദിവസത്തിനകം ഹെൻറി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അവിടനിന്നും പോകുന്നു. മെന്റല്‍ ഹോസ്പിറ്റലില്‍ ഹെൻറിയെ
രണ്ട് ദിവസത്തേക്ക് തടവിലാക്കണമെന്ന് ആവശ്യപ്പെടാൻ പോയ സാം കാണുന്നത് ഒരു സ്ത്രീ കിടന്ന് കരയുന്നതാണ്. അവര്‍ പലതവണ
ആവര്‍ത്തിക്കുന്ന ഡയലോഗ് ശ്രദ്ധിക്കുക
“ അവൻ വെറുമൊരു കുട്ടിയാണ്….”
അടുത്ത സീനില്‍ ആര്‍ട്ട് ക്ലാസിലിരിക്കുന്ന ഹെൻറിയെ മുകളില്‍ നിന്ന് സാം വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഹെൻറി പുറത്തിറങ്ങുമ്പോള്‍ പൊടുന്നനെ സാം ഡോറിന് മുമ്പില്‍ നില്‍ക്കുന്നു.

അവര്‍ സംസാരിച്ചുകഴിയുമ്പോള്‍ കാണുന്നത് സ്ക്രീനില്‍ മുഴുവൻ ട്വിൻസും ട്രിപ്പിള്‍സും ആയ ആളുകളെയാണ്.

പിന്നീടുള്ള അവരുടെ സംസാരത്തില്‍നിന്നും അവന്റെ 21-ാം പിറന്നാളിന് ആത്മഹത്യ ചെയ്യുമെന്നും അച്ഛനും അമ്മയും മരിച്ചു എന്നും മനസ്സിലാക്കുന്നു. അവര്‍ ഒരു ഭാഗത്തേക്ക് നടന്ന് പോയിട്ട് ഓപോസിറ്റ് വശത്തേക്ക് നടന്നുപോകുന്നതും ഇവിടെ കാണാം.

തുടര്‍ന്ന് തന്റെ കാമുകിയെക്കുറിച്ച് പറയുന്ന ഹെൻറി സാമിന്റെ കയ്യിലുള്ള അതേമോതിരമാണ് തന്റെ കാമുകിക്ക് വേണ്ടി വാങ്ങിയതെന്ന് പറയുന്നു. പെട്ടെന്ന് അവനൊരു അക്വേറിയത്തിലെത്തിപ്പെടുന്നു. അവിടെ നിന്ന രണ്ടുപേര്‍ പറയുന്നു “അവൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല”
അക്വേറിയത്തിലെ വെള്ളത്തിലൂടെ നീങ്ങുന്ന ഫ്രെയിം സാമിന്റെയും ലൈലയുടെയും വീടിന്റെ ജനലിലൂടെ അവരിലേക്കെത്തുന്നു. ഈ ഭാഗത്ത് സൂക്ഷിച്ച് കേട്ടാല്‍ ഒരു കുട്ടി കരയുന്ന ശബ്ദം കേള്‍ക്കാം. ആദ്യം സിനിമ കണ്ടപ്പോള്‍ ഞാനിതൊന്നും കേട്ടതുപോലുമില്ല. ഈ സീൻ അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പ് ലൈല സാമിനെ ഹെൻറി എന്ന് വിളിക്കുന്നു. ആ സമയത്തെ ഫ്രെയിം ശ്രദ്ധിക്കുക. അവിടെ Floor 21 എന്ന് എഴുതിവെച്ചിട്ടുണ്ട്.

അടുത്ത സീനില്‍ കാഴ്ചശക്തിയില്ലാത്ത ലിയോണുമായി ചെസ് കളിക്കുന്ന രംഗമാണ്. ഇവിടെയും മോതിരത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ലിയോണ്‍
പ്രശസ്ത മനശാസ്ത്രജ്ഞനായ ഫ്രോയ്ഡ് ഉദ്ധരിച്ച ഒരു കഥ പറയുന്നു. ഒരാൾ തന്റെ മകൻ മരണപ്പെട്ടശേഷം മകന് ചുറ്റും മെഴുകുതിരി
വെച്ചിരുന്നു. ക്ഷീണം കാരണം മയങ്ങിപ്പോയ അച്ഛൻ കാണുന്ന സ്വപ്നം മകൻ വന്ന് “അച്ഛാ ഞാൻ കത്തുന്നത് കാണുന്നില്ലേ ? “ എന്ന്
ചോദിക്കുന്നതാണ്.
പിന്നീട് ആ സീനിലേക്ക് ഹെൻറി കടന്നുവരുന്നു. ലിയോണ്‍ തന്റെ അച്ഛനാണെന്നും അദ്ദേഹത്തെ താൻ കൊന്നതാണെന്നും പിന്നെ എങ്ങനെ ഇവിടെ വന്നുവെന്നും ആശ്ചര്യപ്പെടുന്നു. ആ സീൻ അവസാനിക്കുമ്പോള്‍ ഹെൻറി ഇങ്ങനെ പറയുന്നു
“ നിന്റെ പ്രശ്നങ്ങൾ അവസാനിക്കും, നിന്റെ ഭാഗ്യം നിന്നെ നോക്കി പുഞ്ചിരിക്കും.”
തുടര്‍ന്ന് ലൈലയുടെ മുഖം അഥീനയുടെ മുഖമായി മാറുന്നത് കാണിക്കുന്നു. ഒരു സ്റ്റെയറിലൂടെ ഓടിയിറങ്ങുന്ന സാം പിന്നീട് പോകുന്നത് ഹെൻറിയുടെ
വീട്ടിലേക്കാണ്. അവിടെ എന്നോട് ക്ഷമിക്കണം എന്ന് ചുമരില്‍ എഴുതിവെച്ചിരിക്കുന്നു. അവിടെയുള്ള ഫോണില്‍ വന്നുകിടക്കുന്ന വോയ്സ് മെസേജ് ഇങ്ങനെ പറയുന്നു
“എന്റെ ശബ്ദം ശ്രദ്ധിക്കൂ ഹെൻറീ, എന്റെ കൂടെ നില്‍ക്ക് ഹെൻറീ”
ശേഷം ഹെൻറിയുടെ അടുത്തേക്ക് വരുന്ന ഒരു കുട്ടി ചോദിക്കുന്നു
“ അമ്മേ ഇയാള്‍ മരിക്കാൻ പോവുകയാണോ ? “
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ലൈല ഭാഗ്യബിസ്കറ്റ് തുറന്നപ്പോള്‍ അതിലെഴുതിയിരിക്കുന്നു
“ നിന്റെ പ്രശ്നങ്ങൾ അവസാനിക്കും, നിന്റെ ഭാഗ്യം നിന്നെ നോക്കി പുഞ്ചിരിക്കും.” പഴയ സൈക്യാട്രിസ്റ്റ് ബെത്തിനെ കാണാൻ പോകുന്ന സാമിനെ കാണിക്കുന്നത് തുടരെത്തുടരെയുള്ള കട്ടുകളിലൂടെയാണ്. സാം അവിടെ എത്തുമ്പോള്‍ അവളാദ്യം പറയുന്നത് ഇതാണ്
“ഞാനവനെ മാറ്റിയിട്ടില്ല, നീയല്ല അവനെ മാറ്റേണ്ടതെന്നെനിക്കറിയാം”
തുടര്‍ന്ന് ഹെൻറിയുടെ അമ്മയെ കാണാൻ പോകുന്ന സീനിലാണ് കൂടുതല്‍ വിചിത്രമായി തോന്നുക. അടുക്കളയില്‍ നിന്ന് സംസാരിക്കുന്ന ഹെൻറിയുടെ അമ്മയെ കാണാൻ അങ്ങോട്ട് പോകുമ്പോള്‍ പുറകില്‍ നിന്ന് സംസാരിക്കുന്നു, ആയിരം വര്‍ഷങ്ങളായി താമസിക്കുന്നു എന്ന് പറയുകയും ബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്നു, പെട്ടന്നെ് തലയില്‍ നിന്ന് ചോരപൊടിയുന്നു, സാമിന് നായയുടെ കടികിട്ടുകയും ചെയ്യുന്നു. അടുത്ത സീനില്‍ ഹെൻറിയുടെ അമ്മ മരിച്ചിട്ട് മാസങ്ങളായി എന്ന് പോലീസുകാരൻ പറഞ്ഞറിയുന്നു. അതിനുശേഷം ഒരു ക്ലബിൽ ചെല്ലുമ്പോൾ ഹെൻറിയുടെ ചില ഫ്ലാഷ്ബാക്കുകള്‍ അവിടത്തെ സ്ക്രീനില്‍ തെളിയുന്നു. പിന്നീട് സാമിന്റെ വീട്ടില്‍ത്തന്നെ ഹെൻറി പ്രത്യക്ഷപ്പെടുന്നു. അവിടെയും ഈ ഡോര്‍ നമ്പറൊന്ന് ശ്രദ്ധിച്ച് നോക്കൂ..

അതിനുശേഷം അഥീനയെ അന്വേഷിച്ചിറങ്ങുന്ന സാം ഒരുപാട് റെസ്റ്റോറന്റുകള്‍ തിരഞ്ഞ് നടന്ന് അവസാനമെത്തുന്ന സ്ഥലത്തുനിന്ന് ഒരു waitress അഥീനയെക്കുറിച്ച് വിവരം നൽകുന്നു. അവരെ ഒന്ന് ശ്രദ്ധിച്ച് നോക്കൂ.. ഇതിന് മുമ്പെവിടെയെങ്കിലും കണ്ടോ ? മെന്റൽ ഹോസ്പിറ്റലില്‍ പിടിച്ചുകൊണ്ടുപോയിരുന്ന അതേ സ്ത്രീയാണിത്.

സാം അഥീനയെ കണ്ടുമുട്ടുമ്പോൾ ഹാംലെറ്റ് എന്ന നാടകത്തിലെ ഡയലോഗ് പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. ആ നാടകത്തിനും ഈ സിനിമയിലൊരു പ്രധാന റോളുണ്ടെന്ന് പറയാം. ഹാംലെറ്റിലെ ടുബി ഓര്‍ നോട്ട് ടു ബി എന്ന പ്രശസ്തമായ ഭാഗത്തില്‍ ഹാംലെറ്റ് ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. HAMLET എന്നതിന്റെ Anagram (ഒരു പദത്തിലെയോ വാക്യത്തിലെയോ അക്ഷരങ്ങളേയും മറ്റും മാറ്റിമറിച്ചിട്ട് മറ്റൊരു പദമോ വാക്യമോ രചിക്കല്‍) ആണ് പ്രധാന കഥാപാത്രമായ HENRY LETHAM എന്നൊരു ഹിഡൻ സവിശേഷതകൂടി സിനിമയ്ക്കുണ്ട്. അഥീനയോട് സംസാരിച്ച് ഹെൻറിയെ കണ്ടെത്താനുള്ള പുസ്തക സ്റ്റോറിലേക്ക് പോകാനൊരുങ്ങുമ്പോള്‍ അഥീന അപ്രതക്ഷ്യമാകുന്നു. പിന്നീട് തിരിച്ചെത്തുമ്പോള്‍ തൊട്ട് മുമ്പ് കണ്ട കാര്യമാണ് സാം വീണ്ടും അനുഭവിക്കുന്നത്.
അതിനുശേഷം ഹെൻറിയും അച്ഛനുമായുള്ള സീക്വൻസ് ആദ്യ കാഴ്ചയില്‍ ഒരുപിടിയും തരുന്നില്ല. കാഴ്ചശക്തിയില്ലാത്ത അച്ഛന് കാഴ്ചശക്തി തിരികെനല്‍കുന്ന ഹെൻറി. പക്ഷേ അതിനും സിനിമയില്‍ ഒരര്‍ഥമുണ്ട്. അത് പിന്നീട് പറയാം.
മറ്റൊരു സീനില്‍ അഥീന, ഹെൻറി, അഥീനയുടെ അച്ഛൻ, അമ്മ എന്നിവര്‍ ആക്സിഡണ്ട് നടക്കുമ്പോള്‍ കാറിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.

പിന്നീട് പുസ്തകക്കടയില്‍ ഹെൻറിയെ അന്വേഷിച്ച് ചെല്ലുന്ന സാം അവിടെ ഹെൻറിയുടെ ചിത്രം തൂക്കിയിട്ടതായി കാണുന്നു. ഇതേ ചിത്രം ആദ്യ സീനില്‍ സാം എഴുന്നേൽക്കുമ്പോഴും സാമിന്റെ ഓഫീസിലുമെല്ലാം നാം കാണുന്നുണ്ട്.

ഈ സീനിലുള്ള പുസ്തകക്കടയിലെ വയസൻ തന്നെയാണ് ട്രൈനില്‍ പുകവലിക്കരുത് എന്ന് പറഞ്ഞ വ്യക്തിയും.
തുടര്‍ന്നുവരുന്ന ഒരു സീനില്‍ സാം ലൈലയെ വിളിച്ച് ഹെൻറിയുടെ ഇഷ്ട ചിത്രകാരൻ ട്രൈസൻ റേവര്‍ ആണെന്ന് പറയുന്നു. അയാള്‍ സ്വന്തം ബര്‍ത്ത്ഡേക്ക് ബ്രൂക്ക്ലിൻ ബ്രിഡ്ജില്‍ വെച്ച് ആത്മഹത്യ ചെയ്തുവെന്നും മനസിലാക്കുന്നു. കാഴ്ചശക്തി കിട്ടിയ ലിയോണിനെ കാണുമ്പോള്‍ സാം അമ്പരക്കുന്നു. എന്താണ് നമുക്ക് സംഭവിക്കന്നതെന്ന് ചോദിക്കുമ്പോള്‍ ഈ ലോകമൊരു മായാജാലമാണെന്ന് ലിയോണ്‍ പറയുന്നു. ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടെ താൻ വരച്ച ചിത്രങ്ങളെല്ലാം ഹെൻറിയുടെതാണെന്ന് ലൈല മനസ്സിലാക്കുന്നു. അതിന്റെ അമ്പരപ്പില്‍ അവൾ ബ്രൂക്ക്ലിൻ ബ്രിഡ്ജിലേക്ക് ഓടുന്നു. സ്റ്റെയര്‍കെയ്സ് ഇറങ്ങുമ്പോള്‍ നമ്മളാരും തന്നെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാഴ്ച അതിനകത്തുണ്ട്. ഒരു പഞ്ചറായ ടയറും പൊട്ടിയ ലൈറ്റും ആ സ്റ്റെപ്പുകള്‍ക്കിടയില്‍ കാണാം.

ഹെൻറി ഒരു ജ്വല്ലറിയില്‍ മോതിരം നോക്കിനിൽക്കുന്ന സമയത്ത് നേരത്തെ വന്ന പയ്യൻ വീണ്ടും വന്ന് ഹെൻറി മരിക്കാൻ പോവുകയാണോ
എന്ന് അമ്മയോട് ചോദിക്കുന്നു. അതേ സമയം മുമ്പ് ഹെൻറിയുടെ അമ്മയുടെ തലയില്‍നിന്ന് ചോര വന്നതുപോലെ ഹെൻറിയുടെ
തലയില്‍നിന്നും ചോരവന്നുകൊണ്ടിരിക്കുന്നു.
ട്രൈസനെ പോലെ 21-ാം പിറന്നാളിന് ബ്രൂക്ക്ലിൻ ബ്രിഡ്ജില്‍ ആത്മഹത്യ ചെയ്യാനെത്തുന്ന ഹെൻറിയെ പിടിക്കാൻ വന്നുകൊണ്ടിരിക്കുന്ന സാം ഓടുമ്പോള്‍ ചുമരില്‍ ഹെൻറിയുടെ ചിത്രങ്ങള്‍ കാണാം.

പാലത്തിലെത്തി ഹെൻറിയെ കണ്ടുമുട്ടുമ്പോഴാണ് സാം ഇതൊരു സ്വപ്നമാണോ എന്ന സംശയമുണ്ടാകുന്നത്. ആ സമയത്തെ എഡിറ്റിംഗ് കാണുമ്പോള്‍ത്തന്നെ നമുക്ക് വ്യക്തമാകുന്നു ഇതൊരു സ്വപ്നമാണെന്ന്. ആ പാലത്തില്‍വെച്ച് ഹെൻറി ആത്മഹത്യ ചെയ്യുന്നു. ശേഷം നമ്മള്‍ കാണുന്നത് ആക്സിഡണ്ടായി ചോരയൊലിച്ച് കിടക്കുന്ന ഹെൻറിയെയും അവനെ രക്ഷിക്കാൻ ശ്രമിക്കുന്ന സാമിനെയുമാണ്. ആക്സിഡണ്ട് ആദ്യമായി കണ്ടത് താനാണെന്ന് ബെത്ത് പറയുന്നു. “ഞാനവനെ മാറ്റിയിട്ടില്ല, നിങ്ങളല്ല അവനെ മാറ്റേണ്ടതെന്നെനിക്കറിയാം ” എന്ന് ബെത്ത് പറയുന്നു. അപ്പോഴാണ് ഞാനൊരു നഴ്സ് ആണെന്ന് പരിചയപ്പെടുത്തി ലൈല പ്രത്യക്ഷപ്പെടുന്നത്. ലൈലയും സാമും ആദ്യമായി കണ്ടുമുട്ടുന്നത് ഈ സന്ദര്‍ഭത്തിലാണ്.

സാം ഒരു ഡോക്ടറാണെന്ന് നമുക്ക് മനസിലാകുന്നു, ഹെൻറിയ തിരിച്ചറിയാൻ സാം പോക്കറ്റില്‍ നിന്നും പേഴ്സ് എടുക്കുമ്പോള്‍ അതില്‍നിന്നും ഒരു മോതിരം വീണുപോകുന്നു. അവന്റെ മുകളില്‍ കാണുന്ന ലൈറ്റ് ആലിപ്പഴമാണെന്ന് ഹെൻറി തെറ്റിദ്ധരിക്കുന്നു. കാറില്‍ ബാക്കിയുള്ളവരെല്ലാം മരിച്ചെന്ന് സാം മനസ്സിലാക്കുന്നു. ഒരു കാറില്‍ നിന്ന് കുട്ടി കരയുന്ന ശബ്ദം കേള്‍ക്കുന്നു. ഹെൻറി ആ മോതിരം കയ്യിലെടുക്കുന്നു. ആ സമയത്ത് ഒരു സ്ത്രീ വന്ന് പറയുന്നു ” അവൻ വെറുമൊരു കുട്ടിയാണ് ” നേരത്തേ കണ്ട കുട്ടി വീണ്ടും വന്ന് പറയുന്നു ” അമ്മേ അയാള്‍ മരിക്കാൻ പോവുകയാണോ ?”. ഇടക്കെപ്പഴോ ലൈല അഥീനയാണെന്ന് ഹെൻറി തെറ്റിദ്ധരിക്കുന്നു. അവനെ കല്യാണം കഴിക്കാമോ എന്ന് ലൈലയോട് ആവശ്യപ്പെടുന്നു. സന്ദര്‍ഭം മനസ്സിലാക്കി ലൈല സമ്മതം മൂളുന്നു. അവിടെ കൂടിയ ഒരാള്‍ പറയുന്നു ” ഇവൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല” ഹെൻറിയെ സ്ട്രെച്ചറിലേക്ക് മാറ്റുന്നു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ആ നേരിയ പാലത്തില്‍ ഹെൻറി ചുറ്റുമുള്ളത് ചെറുതായി അറിയുന്നു. ഹെൻറിയും ലൈലയും ചായകുടിക്കാൻ പോകുന്നു. സിനിമ തീരുന്നു. അവസാന ഷോട്ടില്‍ ആമ്പുലൻസിന്റെ നമ്പറിലും 21 എന്ന് കാണുന്നത് ശ്രദ്ധിക്കുക.
വിശദീകരണം
എന്ത് തേങ്ങയാണ് നമ്മളിപ്പോള്‍ കണ്ടതെന്ന് സ്വാഭാവികമായും തോന്നും. നമുക്കെന്തായാലും ഇതൊന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. ഇതിന് ഏറ്റവുമെളുപ്പം സിനിമയെ രണ്ട് ഭാഗങ്ങളാക്കി മുറിക്കുന്നതാണ്
- യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍
- ഹെൻറിയുടെ മനസ്സില്‍ സംഭവിച്ച കാര്യങ്ങള്‍ (സ്വപ്നം)
ഹെൻറി, അഥീന, ഹെൻറിയുടെ അച്ഛൻ,അമ്മ തുടങ്ങിയവര്‍ ബ്രൂക്ക്ലിൻ ബ്രിഡ്ജില്‍ വെച്ച് സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടിത്തെറിച്ച് അപടകത്തില്‍പ്പെടുന്നു. ഹെൻറിയൊഴികെ കാറിലുണ്ടായിരുന്ന എല്ലാവരും മരിക്കുന്നു. ഹെൻറി മാത്രം കുറച്ച് നേരത്തേക്ക് പിടിച്ചുനില്‍ക്കുന്നു. ബെത്ത് ഹെൻറി വീണ് കിടക്കുന്നത് കാണുന്നു, പുറകെ സാമും ലൈലയും എത്തുന്നു ഹെൻറിയെ ജീവനോടെ നിര്‍ത്താൻ പരിശ്രമിക്കുന്നു. ഹെൻറി മരിക്കുന്നു, സാമും ലൈലയും ചായകുടിക്കാൻ പോകുന്നു. ഈ ഒരു ഭാഗം മാത്രമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവം. ബാക്കിയെല്ലാം മരിച്ചുകൊണ്ടിരിക്കുന്ന ഹെൻറിയുടെ മനസിലെ ലൂസിഡ് ഡ്രീമോ ഹാലൂസിനേഷനോ ആണ്. സിനിമയുടെ പോസ്റ്ററില്‍ നോക്കിയാല്‍ത്തന്നെ കാണാം ഇങ്ങനെ ഒരു വാചകം “Between the Worlds of the Living & the Dead there is a place you’re not supposed to stay” “ ജീവിതത്തിനും മരണത്തിനുമിടക്ക് നിങ്ങള്‍ക്ക് അധികനേരം നിൽക്കാൻ കഴിയാത്തൊരു സ്ഥലമുണ്ട് ” ആ സ്ഥലത്തിലാണ് ബാക്കി സിനിമ മുഴുവൻ നടക്കുന്നത്. നമ്മളിത്രയും നേരം കണ്ടത് മരിച്ചുകൊണ്ടിരുന്ന ഹെൻറിയുടെ സ്വപ്നമായിരുന്നു. അതുകൊണ്ടാണ് ഒരുപാട് വിചിത്രമായ രംഗങ്ങള്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു വശത്തേക്ക് നടന്നുപോകുന്നവര്‍ പെട്ടെന്ന് മറുവശത്തേക്ക് പോകുന്നതായി കാണുന്നതും, എങ്ങനെ അവിടെ എത്തിപ്പെട്ടു എന്നറിയാതെ പെട്ടെന്നൊരു സ്ഥലത്തെത്തിപ്പെടുന്നതുമെല്ലാം സ്വപ്നമായതുകൊണ്ടാണ്. സിനിമയിലെ ഒരു സീനില്‍നിന്ന് മറ്റൊന്നിലേക്കുള്ള കട്ടിംഗ് തന്നെ ഇത് നന്നായി എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. ഇത് നമ്മള്‍ സ്വപ്നം കാണുമ്പോള്‍ എപ്പഴേങ്കിലും മനസ്സിലായിട്ടുണ്ടോ അപ്പോള്‍ നാമെത്തിപ്പെട്ട സ്ഥലത്ത് എങ്ങനെ വന്നുവെന്ന് ?
സംഗതി മനസിലായ സ്ഥിതിക്ക് ഇനി സിനിമ നമുക്കൊന്നൂടെ കണ്ട് നോക്കാം.
തന്നെ രക്ഷിക്കാൻ വന്ന ഡോക്ടറെ സൈക്യാട്രിസ്റ്റായി സങ്കല്‍പിക്കുകയാണ് ഹെൻറി, സാം ഉറക്കമുണരുമ്പോള്‍ത്തന്നെ ഹെൻറിയുടെ മോതിരവും കയ്യിലുണ്ട് പിറകില്‍ ഹെൻറിയുടെ പെയിന്റിംഗും കാണാം. അടുത്ത സീനില്‍ ഒരു കുട്ടി തന്റെ ഉറക്കം കളഞ്ഞു എന്ന് സാം പറയുന്നുണ്ട്. മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹെൻറി തൊട്ടടുത്ത കാറില്‍ നിന്ന് കേള്‍ക്കുന്ന കുട്ടിയുടെ കരച്ചിലാണ് അത്. ഈ കരച്ചില്‍ വേറെ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പകുതി ഉറക്കത്തില്‍പ്പെടുമ്പോള്‍ തൊട്ടടുത്തുള്ളവര്‍ സംസാരിക്കുന്നതോ ടിവിയിലോ റേഡിയോയിലോ പ്ലേ ചെയ്യുന്നതോ നമ്മുടെ സ്വപ്നത്തിന്റെ ഭാഗമാവാറുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ.. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. സിനിമയില്‍ ഹെൻറിയുടെ കഥാപാത്രം മാത്രമാണ് നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നത് ബാക്കിയുള്ളവരുടെ വികാരരംഗങ്ങളൊന്നും ഒരു ജീവനില്ലാത്തപോലെയായിരുന്നു. അതിനുള്ള കാരണം ഹെൻറിക്ക് അവനെ നന്നായി അറിയാം. ബാക്കിയുള്ളതെല്ലാം ഹെൻറി സങ്കല്‍പിക്കുന്നതാണ്. അവര്‍ അങ്ങനെ മനപ്പൂര്‍വം മോശമായി അഭിനയിച്ചതാണ് സിനിമയില്‍. പല കാര്യങ്ങളുെ തെറ്റായി റെപ്രസന്റ് ചെയ്യുന്നത് നമ്മുടെയൊക്കെ സ്വപ്നത്തില്‍ സാധാരണമാണ്. അത് ഹെൻറിയുടെ സ്വപ്നത്തിലും സംഭവിച്ചിട്ടുണ്ട്. ആദ്യസീനില്‍ ഹെൻറി സാമിനെ കാണുമ്പോള്‍ തന്റെ ഡോക്ടര്‍ക്ക് പകരം വന്നതാണോ എന്ന് ചോദിക്കുന്നുണ്ട്. കാരണം ഹെൻറി അപകടത്തില്‍പ്പെടുമ്പോള്‍ ആദ്യം കാണുന്നത് ബെത്തിനെയാണ്. പിന്നീടാണ് സാം എത്തുന്നത്. അതാണിവിടെ സ്വപ്നത്തില്‍ ഇങ്ങനെയായത്. അതുപോലെ നല്ല വെയിലുള്ള സമയത്ത് ഹെൻറി കല്ലുമഴ വരുമെന്ന് പറയുന്നുണ്ട്. മരിച്ചുകൊണ്ടിരിക്കുന്ന ഹെൻറി ലൈറ്റ് കണ്ട് ആലിപ്പഴമാണെന്ന് തെറ്റിദ്ധരിച്ച സീൻ ഓര്‍മയുണ്ടല്ലോ..
ലൈല തന്റെ ഫീല്‍ഡില്‍ സംതൃപ്തിയില്ലാത്ത ഒരാളായാണ് പ്രത്യക്ഷപ്പെടുന്നത്. ഒരുവട്ടം ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഹെൻറി തന്റെ സ്വഭാവത്തെത്തന്നെയാണ് ഇവിടെ ലൈലയില്‍ കാണുന്നത്. റിയല്‍ ലൈഫില്‍ മരിച്ചുകൊണ്ടിരിക്കുന്ന ഹെൻറിക്ക് ചുറ്റും ആളുകള്‍ കൂടുന്നുണ്ട്. ഇവരെയാണ് സ്വപ്നത്തില്‍ പലയിടങ്ങളിലായി നമ്മള്‍ കണ്ടത്. ട്രെയിനിലും പുസ്തകക്കടയിലും കണ്ട വൃദ്ധൻ, ഹോസ്പിറ്റലിലും റെസ്റ്റോറന്റിലും കണ്ട സ്ത്രീ, അവൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ മറ്റൊരു വൃദ്ധൻ, തലക്കുള്ളില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ തടസപ്പെടുത്തുന്ന സുഹൃത്ത്, ഇവരെല്ലാം ഹെൻറി മരണപ്പെടുന്നതിന് സാക്ഷിയായവരാണ്. ഹെൻറിയും സാമും സംസാരിക്കുമ്പോൾ എനിക്ക് ഇപ്പോള്‍ കാലാവസ്ഥാപ്രവചനക്കാരന്‍ പറയുന്നത് കേള്‍ക്കാൻ പറ്റില്ല എന്ന് പറയുന്നുണ്ട്. അതിനങ്ങനെ പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല. സ്വപ്നത്തിലങ്ങനെ അര്‍ഥമില്ലാത്ത പലതും സംഭവിക്കും. പിന്നീട് തലക്കുള്ളില്‍ കേള്‍ക്കുന്ന സംസാരങ്ങൾ ഹെൻറി പറയുന്നുണ്ട്. അവയെല്ലാം ഹെൻറി മരിച്ചുകൊണ്ടിരിക്കുമ്പോൾ ചുറ്റിലുമുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ്. ഹെൻറിയുടെ തലയില്‍ കേള്‍ക്കുന്നതല്ലാതെ ഒരു കുട്ടി ഇടക്കിടക്ക് വന്ന് ഇയാള്‍ മരിക്കാൻ പോവുകയാണോ എന്ന് ചോദിക്കുന്നതും, അവൻ വെറും കുട്ടിയാണ് , അവൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല തുടങ്ങിയ സംഭാഷണങ്ങളും ഇപ്പോള്‍ എവിടെനിന്ന് വന്നു എന്ന് വ്യക്തമായല്ലോ ? അവയാണ് സബ്ടൈറ്റിലില്‍ മഞ്ഞ നിറത്തില്‍ കൊടുത്തിട്ടുള്ളത്. ഹെൻറി അവിട സ്വപ്നം മുന്നോട്ട് പോകുന്തോറും കുറേ കാര്യങ്ങള്‍ റിപീറ്റ് വരാൻ തുടങ്ങി. കാരണം ഹെൻറി മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ബ്രെയിൻ സെല്ലുകളും മരിക്കുന്നു. ചിന്തകള്‍ താളം തെറ്റിപ്പോകുന്നു. 21ാമത്തെ പിറന്നാളിന് ഹെൻറി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പലയിടത്തായി 21 എന്ന നമ്പര്‍ കാണുന്നുണ്ട്. മുകളില്‍ അവയുടെ ചിത്രം നൽകിയിട്ടുണ്ട്. ഹെൻറി പെട്ടെന്ന് ഒരു അക്വേറിയത്തിലേക്ക് പോകുന്നതായി കാണിക്കുന്നുണ്ട്. കാരണം ചെറുപ്പത്തില്‍ അവൻ അവിടെ സ്ഥിരമായി പോകുമായിരുന്നു. അത് അമ്മയോടുള്ള സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്.
ഹെൻറിയുടെ അച്ഛനെ കാഴ്ചശക്തിയില്ലാത്ത ആളായാണ് സ്വപ്നത്തില്‍ കാണുന്നത്. എന്നാല്‍ കാറില്‍ സഞ്ചരിക്കുന്ന ഭാഗത്ത് കാഴ്ചശക്തിയില്ലാത്ത ആളാണെന്ന് കാണിക്കുന്നുമില്ല. എന്തുകൊണ്ടായിരിക്കാം ഇത് ? ഒരു തിയറി പ്രകാരം ഹെൻറിയുടെ കഴിവുകളെ വിലമതിക്കാതിരുന്ന ആളാവണം അച്ഛൻ. അവന്റെ കഴിവുകളെ അദ്ദേഹം പ്രകീര്‍ത്തിക്കുകയോ എന്തിന് ശ്രദ്ധിക്കുകപോലുമോ ചെയ്ത് കാണില്ല. അദ്ദേഹം പറയുന്ന ഫ്രോയഡിന്റെ കഥ ഈ തീയറിയെ ശക്തിപ്പെടുത്തുന്നുണ്ട്. ചുറ്റും മെഴുകുതിരി കത്തിച്ച് മരിച്ചുകിടക്കുന്ന മകന്റെയടുത്ത് ഉറങ്ങുന്ന അച്ഛൻ. താൻ കത്തിക്കൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാത്ത അച്ഛന്റെയടുത്ത് വന്ന് ഞാൻ കത്തുന്നത് കാണുന്നില്ലേ എന്ന് ചോദിക്കുന്ന മകനെയാണ് അയാള്‍ സ്വപ്നത്തില്‍ കാണുന്നത്. അതുപോലെ തന്റെ കഴിവുകളെ കാണാത്ത അച്ഛന്റെ അന്ധത തുറപ്പിച്ച് കാണാൻ പറയുന്നതാണ് കാഴ്ചശക്തി നൽകുന്നതായി സ്വപ്നത്തിലുള്ള ഭാഗം. ഇപ്പോള്‍ ഇതിനൊക്കെ വെല്യേ അര്‍ഥമുണ്ടെന്ന് മനസ്സിലായില്ലേ…
അച്ഛൻ മരിച്ചില്ലെന്ന് മനസിലാക്കി സാമിനോട് ദേഷ്യപ്പെട്ട് ഇറങ്ങിപോകുന്ന സീനിൽ യെസ് ഹെൻറീ എന്ന് കേള്‍ക്കുന്നുണ്ട്. ഇത് റിയല്‍ ലൈഫില്‍ അഥീനയാണെന്ന് തെറ്റിദ്ധരിച്ച് എന്നെ വിവാഹം കഴിക്കുമോ എന്ന് ലൈലയോട് ചോദിക്കുമ്പോൾ ലൈല പറയുന്നതാണ്. ഈ ഒരു പോയിന്റില്‍ നമുക്ക് റിയല്‍ലൈഫിലെ സമയവും സ്വപ്നത്തിലെ സമയവും തമ്മില്‍ കണക്ട് ചെയ്യാം.

ഈ കാണുന്ന സീനില്‍ രണ്ടുപേരും ഒരേ ഡയലോഗ് പറയുകയും സ്ഥാനം പരസ്പരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. റിയല്‍ ലൈഫില്‍ തന്റെ മരണത്തോടടുക്കുമ്പോഴാണ് ഇതെന്ന് നമുക്കൂഹിക്കാം. അമ്മയെ കാണാൻ സാം പോകുമ്പോള്‍ അമ്മയുടെ തലയില്‍നിന്ന് രക്തം വരുന്നത് കാണിക്കുന്നുണ്ട്. അമ്മ കാറില്‍ ഇതുപോലെ ചോരപോയി കിടക്കുകയായിരിക്കുമെന്ന് ഹെൻറി ചിന്തിക്കുന്നതാണത്. അഥീനയെകണ്ടുമുട്ടിയ ശേഷം സാം വീഴുന്നത് നമ്മളെല്ലാവരും കണ്ടിട്ടുള്ള വീഴുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയുള്ളതാവാം. പെട്ടെന്ന് വീണതായി ഞെട്ടി പലതവണ നാം എണീറ്റിട്ടില്ലേ ? പഞ്ചറായ ടയറും ലൈറ്റും ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടത് നാം പറഞ്ഞു. അതും ഹെൻറി കിടക്കുമ്പോള്‍ കണ്ടതാവണം. വെഡിംഗ് ജ്വല്ലറിക്ക് മുമ്പില്‍ ഹെൻറിയുടെ തലയില്‍നിന്ന് രക്തമൊലിക്കുമ്പോള്‍ അവിടെ കൂടിനിൽക്കുന്ന അതേ ആളുകളാണ് റിയല്‍ ലൈഫില്‍ ഹെൻറിയുടെ അപകടം കണ്ടുനിൽക്കുന്നത്. ഈ ഒരു പോയിന്റിലായിരിക്കണം ഹെൻറി സ്വപ്നം കാണുകയാണെന്നത് സ്വയം തിരിച്ചറിയുന്നത്. അത് നമുക്കും സംഭവിക്കാറില്ലേ സ്വപ്നം അവസാനിക്കാറാകുമ്പോഴാണ് നാം സ്വപ്നം കാണുകയാണെന്ന് സ്വയം തിരിച്ചറിയാറ്. തൊട്ടടുത്ത സീനില്‍ പാലത്തില്‍ വെച്ച് ഹെൻറി ആത്മഹത്യ ചെയ്യുന്നു. ഇൻസെപ്ഷൻ കണ്ടവര്‍ക്കറിയാം സ്വപ്നത്തില്‍ നിന്ന് പുറത്ത് കടക്കാൻ മരിക്കണമെന്ന്. അങ്ങനെ ഹെൻറി സ്വപ്നത്തില്‍ നിന്നും പുറത്ത് കടക്കുന്നു. തന്റെ സ്വപ്നത്തില്‍ കടന്നുവരുന്ന സാം, ലൈല ഇവയെല്ലാം ഹെൻറിയുടെ തന്നെ സെല്‍ഫ് പോര്‍ട്രൈറ്റുകളാണ്. താൻ ആവാൻ ശ്രമിച്ചതും തന്റെ വിഷമങ്ങളും ആവലാതികളും താൻ കാരണം കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതിലെ വിഷമവുമെല്ലാം നമുക്കീ സ്വപ്നത്തില്‍ തെളിഞ്ഞുകാണാം.
ഇനിയെന്തുകൊണ്ടായിരിക്കും സാമിന്റെ കാല്‍ കാണുന്ന സീനുകളിലെല്ലാം പാന്റ് അല്പം പൊങ്ങി കാണുന്നത് ? ഹെൻറി മരിച്ചുകൊണ്ടിരിക്കുമ്പോള്‍ സാം അടുത്ത് വന്ന് കുമ്പിട്ടാണിരിക്കുന്നത്. നമ്മളങ്ങനെ കുമ്പിട്ടിരിക്കുമ്പോള്‍ പാന്റ് അല്പം പൊങ്ങിപോകുന്നത് സ്വാഭാവികമാണ്. ഈ ഒരു കാഴ്ചയാണ് ഹെൻറി കാണുന്നത്. അതുകൊണ്ടാണ് ഹെൻറിയുടെ സ്വപ്നത്തില്‍ മുഴുവൻ സാം പൊങ്ങിയിരിക്കുന്ന പാന്റുമായി പ്രത്യക്ഷപ്പെടുന്നത്. എന്താലേ..

ഇത്തരത്തിലുള്ള ഒരുപാട് മൈന്യൂട്ട് ഡിറ്റൈലിംഗ് കൊണ്ട് ആളെ വണ്ടറടിപ്പിക്കുന്നുണ്ട് സ്റ്റേ എന്ന ചിത്രം. ഇനി ഒന്നുകൂടെ കാണണമെന്ന് തോന്നുന്നുണ്ടെങ്കില്‍ കണ്ടോളൂ.. മനസിലായാല്‍ മാത്രം ഇഷ്ടപ്പെടുന്ന ഒരപൂര്‍വസിനിമ.