എം-സോണ്‍ റിലീസ് – 198
ചുരുക്കം ചില സിനിമകളുണ്ട്, കാഴ്ചക്കാരന്റെ ആസ്വാദനസമീപനത്തെ ക്രമാനുഗതമായി പരീക്ഷിച്ചുകൊണ്ട് അവനിലേക്ക് അടുത്തുപോകുന്നവ. അത്തരം ചിത്രങ്ങളില്‍ പലപ്പൊഴും പ്രേക്ഷകന്‍ തന്റെ ആന്വേഷണാത്മകത കൂടുതലായി ഉപയോഗിക്കേണ്ടതായി വരാറുണ്ട്. ബെലാ ടാറും, ആഗ്ന ഷ്രാഹ്നിറ്റ്സ്കിയും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദി ടുറിന്‍ ഹോഴ്സ്’ എന്ന ഹംഗേറിയന്‍ ചിത്രം മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു ചിത്രമാണ്. പുതിയകാലത്തില്‍ നിന്നുകൊണ്ട് പഴയകാലത്തെ കൂട്ടുപിടിച്ച് ഒരു സിദ്ധാന്തത്തെ/ഒരു ജിവിതയാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കുകയാണ് സംവിധായകര്‍ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. സിനിമ ആരംഭിക്കുമ്പോള്‍ തന്നെ കൃത്യമായ ഒരു ആമുഖം സംവിധായകര്‍ നമുക്ക് നല്‍കുന്നുണ്ട്. എവിടെ നിന്നാണ് സിനിമ ആരംഭിക്കുന്നതെന്നും, ഏത് ദിശയിലേക്കാണ് അതിന്റെ ചലനമെന്നും ആമുഖത്തിലൂടെ പ്രേക്ഷകന് വ്യക്തമായ ഒരു ധാരണ ലഭിയ്ക്കുന്നു. ഫ്രെഡറിക് നീത്ഷേയുടെ ‘ഭ്രാന്തിലേക്കുള്ള യാത്രയെ’ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നീത്ഷേയുടെ ചിന്തകള്‍, സമീപനങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം ചിത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വിദഗ്ദമായി സംവിധായകര്‍ ഉപയോഗിച്ചിരിക്കുന്നു. (കടപ്പാട് : മൂന്നാമിടം )