എം-സോണ്‍ റിലീസ് – 189
ക്രിസ്റ്റഫര്‍ മക്-കാന്‍റലസ്സ് എന്ന അമേരിക്കൻ സാഹസിക യാത്രികന്‍റെ ജീവിത കഥയാണ് ‘INTO THE WILD’ എന്ന റോഡ് മൂവി. 1990 ൽ എമരി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം അലാസ്ക വനത്തിലെക്കുള്ള അദ്ധേഹത്തിന്‍റെ യാത്രയും, യാത്രാമധ്യേ കണ്ടുമുട്ടുന്ന ജീവിതങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. 1996 ഇൽ ജോണ്‍ കക്ക്വാര്‍ എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോണ്‍ പെന്‍ ആണ് 2007-ൽ പുറത്തിറങ്ങിയ ഈ ജീവചരിത്ര ചലച്ചിത്രാവിഷ്കാരത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
നോണ്‍ ലീനിയര്‍ ആന്‍ഡ് നാരേറ്റീവ് ശൈലിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അലാസ്കാ വനത്തിലെത്തി അവിടെ ഉപേക്ഷിക്കപ്പെട്ടതായി കാണുന്ന ഒരു ബസ്സിനുള്ളിൽ താമസം തുടങ്ങുന്ന മക് കാന്‍റലസ്സില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. മാജിക് ബസ് എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷണം കണ്ടത്തി അദ്ദേഹം മാജിക് ബസ്സിൽ ചിലവഴിച്ച ദിവസങ്ങളും അവിടെവരെ അദ്ധേഹത്തെ എത്തിച്ച യാത്രകളും തുടർന്ന് ചിത്രം പറയുന്നു. ബിരുദമെടുത്തതിനു ശേഷം യാത്ര തിരിക്കുന്ന മക് കാന്‍റലസ്സ് കൈവശമുള്ള പണമെല്ലാം സംഭാവന ചെയ്യുന്നു. കാർ ഉപേക്ഷിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാമ്പ് എന്നാ പുതിയ നാമം സ്വീകരിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാമ്പിന്‍റെ ‘ജനനം’ മുതൽ 5 അധ്യായങ്ങളായി ചിത്രം തിരിച്ചിരിക്കുന്നു.യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് അയാള്‍ക്ക് പകർന്നു നല്കുന്നത്.
എന്നാൽ അലക്സ് തീരുമാനത്തില്‍ ഉറച്ച് നിന്നു. സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്, എന്നത് തെറ്റായ കാഴ്ച്ചപാട് ആണെന്ന് അലക്സ് പറയുന്നുണ്ട്. എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക് ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു. സാമൂഹിക ജീവിതത്തിനോടുള്ള അഭിനിവേശത്തിന് അപ്പുറം എന്താണ് ഒരു മനുഷ്യ ഹൃദയം ആഗ്രഹിക്കുന്നത്? അലക്സ് ആയി അഭിനയിച്ചിരിക്കുന്നത് എമില്‍ ഹിര്‍ഷ് ആണ്. ജെന മലോണി, മാര്‍ഷ്യ ഗേ ഹാര്‍ഡന്‍, വിന്‍സ് വോണ്‍, ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍ ഈ ചിത്രത്തിന് രണ്ട് ഓസ്കാര്‍ നോമിനേഷനുകളും ഇതിലെ ഗാനത്തിന് എഡ്ഡി വെദര്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.