എം-സോണ്‍ റിലീസ് – 153
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Charles Chaplin |
പരിഭാഷ | വെള്ളെഴുത്ത് |
ജോണർ | കോമഡി, ഡ്രാമ, വാർ |
1929 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഫാസിസം തലപൊക്കിയതും സൈനികാടിസ്ഥാനത്തിലുള്ള ദേശീയത പലയിടങ്ങളിലും നിലവില്‍ വന്നത് ചാപ്ലിനെ അസ്വസ്ഥനാക്കുകയുണ്ടായി. ഈ വിഷയങ്ങള്‍ തന്റെ സിനിമകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ കഴിയുകയില്ല എന്ന് ചാപ്ലിനു തോന്നി. ‘അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലുള്ള ഒരു ഭീകരസത്വം ഭ്രാന്ത് ഇളക്കിവിടുമ്പോള്‍ സ്‌ത്രൈണമായ ചാപല്യങ്ങള്‍ക്കു കീഴടങ്ങുകയോ പ്രണയത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്യാന്‍ എനിക്ക് എങ്ങനെ സാധിക്കും?’ എന്നായിരുന്നു ചാപ്ലിന്റെ നിലപാട്. ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍— എന്ന ആക്ഷേപഹാസ്യപരമായ ആക്രമണമാണ് ഫാസിസത്തിനെതിരേ ചാപ്ലിന്‍ അഴിച്ചുവിട്ടത്. ഇതായിരുന്നു ചാപ്ലിന്റെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം നിറഞ്ഞ സിനിമ.
ഹിറ്റ്‌ലറും ചാപ്ലിനും തമ്മില്‍ സാമ്യതകളുണ്ടായിരുന്നു. നാലു ദിവസം വ്യത്യാസത്തിലായിരുന്നു ഇവര്‍ ജനിച്ചത്. സമാനമായ സാഹചര്യങ്ങളിലായിരുന്നു വളര്‍ന്നതും. ചാപ്ലിന്റെ കഥാപാത്രമായ ട്രാമ്പിനും ഹിറ്റ്‌ലറിനും ഒരേപോലുള്ള ടൂത്ത്ബ്രഷ് മീശയായിരുന്നു. ഈ സാമ്യമായിരുന്നു ചാപ്ലിന്റെ കഥയുടെ അടിസ്ഥാനം. രണ്ടു വര്‍ഷമെടുത്താണ് ഈ ചലച്ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ചാപ്ലിന്‍ തയ്യാറാക്കാറാക്കിയത്. 1939 സപ്തംബറില്‍ ചിത്രീകരണം തുടങ്ങി. ഹിറ്റ്‌ലറെ പ്രമേയമാക്കി ഒരു കോമഡി ചലച്ചിത്രം നിര്‍മിക്കുന്നത് വിവാദമായി. ഒരു ജൂതമതക്കാരനായ ബാര്‍ബറായാണ് ചാപ്ലിന്‍ അഭിനയിച്ചത്. (നാസി പാര്‍ട്ടിയുടെ വിശ്വാസം ചാപ്ലിന്‍ ഒരു ജൂതനാണെന്നായിരുന്നു). ഈ ചലച്ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നു ചാപ്ലിന്. അഡിനോയിഡ് ഹൈങ്ക്‌ലെ എന്ന ഡിക്‌റ്റേറ്ററായിട്ടായിരുന്നു രണ്ടാമത്തെ വേഷം. ഹിറ്റ്‌ലറുടെ മെഗാലോമാനിയ, നാര്‍സിസിസം, ഭരിക്കാനുള്ള വാഞ്ഛ, മനുഷ്യജീവനോടുള്ള പുച്ഛം എന്നിവ ഈ വേഷം തുറന്നുകാട്ടി.
1940 ഒക്‌റ്റോബറിലാണ് ചലച്ചിത്രം റിലീസ് ചെയ്തത്. ഈ കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അതോടൊപ്പം കടുത്ത വിമര്‍ശനങ്ങള്‍ക്കും ഭരണകൂടത്തിന്റെ ശത്രുതക്കും ഈ ചിത്രം കാരണമായി. ചിത്രത്തിന്റെ അവസാന ഭാഗത്ത് തന്റെ നിലപാടുകള്‍ വ്യക്തമാക്കി ചാപ്ലിന്‍ നടത്തുന്ന പ്രഭാഷണം (The Great Dictator’s Speech ) പ്രസക്തമാണ്.