എം-സോണ് റിലീസ് – 799
Yimou Zhang Week – 04
ഭാഷ | മാൻഡറിൻ |
സംവിധാനം | Yimou Zhang |
പരിഭാഷ | നിഷാദ് ജെ. എൻ |
ജോണർ | ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് |
അച്ഛന്റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്റെ ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്റെ പുറകിലേക്ക്….. Zhao Diന്റെ അച്ഛന്റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്….ആ പ്രണയ കഥയ്ക്ക് ചൂടും, തണുപ്പും നൽകി കൂട്ടിരുന്ന ആ നാട്ടു പാതയിലേക്ക് …. ചൈനീസ് ഗ്രാമീണതയുടെ ദ്രിശ്യ ഭംഗിയിലേക്ക് The Road Home തിരികെ സഞ്ചരിക്കുന്നു. Yimou Zhang എന്ന സംവിധായകന്റെ Not One Less എന്ന ചിത്രവും പറഞ്ഞത്, സ്നേഹത്തെയും, നന്മകളേയും കുറിച്ചാണ്. സ്നേഹവും, നന്മയും, കരുതലും നമുക്കിടയിൽ എവിടെയെക്കൊയോ അതിജീവിക്കുന്നുവെന്ന് The Road Homeഉം സാക്ഷ്യപെടുത്തുന്നു. ഇരു വഴികളിൽ സഞ്ചരിക്കുന്നുവെങ്കിലും, ഈ രണ്ടു ചിത്രങ്ങളിലും ചില സമാനതകൾ കണ്ടെത്താം. ഗ്രാമവും, ഗ്രാമത്തിലെ സ്കൂളും, ഗ്രാമീണതയും ഒപ്പം നന്മയും, സ്നേഹവുമെല്ലാം ഇരു ചിത്രങ്ങളിലും നിറയുന്നു. Yimou Zhang ന്റെ Raise the Red Lantern സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. അദ്ദേഹത്തിന്റെ മികച്ച ചിത്രമായി പല നിരൂപകരും ചൂണ്ടി കാണിക്കുന്നതും ഈ ചിത്രമാണ്. ചൈനീസ് സിനിമയിലെ അവഗണിക്കാനാവാത്ത സിനിമകൾ ആണ് Yimou Zhang ന്റെ ചിത്രങ്ങൾ. ഒരേ സമയം സാധാരണവും, അസാധാരണവുമായ ഒരു പ്രണയ കഥയാണിത്. ജാതിയും, മതവും, കുടുംബവും, സാമ്പത്തികവുമെല്ലാം “റിസെർച്ച്” നടത്തിയ ശേഷം, “പ്രാക്റ്റികലായി” പ്രണയിക്കുന്ന കാലത്ത് ഇതൊരു അസാധാരണ പ്രണയമാണ്. എന്നാൽ ശുഭ പര്യവസാനം ഉള്ള എല്ലാ പ്രണയങ്ങളെപ്പോലെ ഇത് ഒരു സാധാരണ പ്രണയവുമാണ്. അവാർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രം നേടുകയുണ്ടായി. കിടയറ്റ ദൃശ്യ ഭംഗിയും, അതി വൈകാരികത തൊടാത്ത രംഗങ്ങളും, മികച്ച പശ്ചാത്തല സംഗീതവും ചേർന്ന് The Road Home ശരിക്കും വീട്ടിലേക്കുള്ള ഒരു പാതയാണ്. വീട് നൽകാറുള്ള സന്തോഷത്തോടെ, സമാധാനത്തോടെ, ആർദ്രതയോടെ കണ്ടു തീർക്കാവുന്ന ഒരു ചിത്രം.