എം-സോണ്‍ റിലീസ് – 1441
ത്രില്ലർ ഫെസ്റ്റ് – 48
ഭാഷ | തമിഴ് |
സംവിധാനം | Myshkin |
പരിഭാഷ | ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
അർദ്ധരാത്രി ഗ്രൂപ്പ് സ്റ്റഡി കഴിഞ്ഞു വരുന്ന ചന്ദ്രു എന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് വെടിയേറ്റു കിടക്കുന്ന ഒരു അപരിചിതനെ വഴിയിൽ നിന്നും കിട്ടുന്നു. ആശുപത്രികളിലൊന്നും അയാളെ സ്വീകരിക്കാത്തതിനാൽ അവൻ അയാളെ സ്വന്തം വീട്ടിലെത്തിച്ച് ഓപ്പറേഷൻ നടത്തി രക്ഷപ്പെടുത്തുന്നു. തുടർന്ന് അയാൾ പോലീസ് അന്വേഷിക്കുന്ന ഒരു വലിയ കുറ്റവാളിയായ ‘വുൾഫ്’ ആണെന്ന് ചന്ദ്രു തിരിച്ചറിയുന്നു. കുറ്റവാളിയെ രക്ഷിച്ചതിന് ചന്ദ്രു കുടുംബമടക്കം പോലീസ് പിടിയിലാവുകയും അവരിൽനിന്നും രക്ഷപ്പെട്ട് വുൾഫിന്റെ പിടിയിലാവുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട് എങ്ങനെ വുൾഫ് ഒരു കുറ്റവാളിയായി, പോലീസ് അവനെ എന്തിന് പിന്തുടരുന്നു എന്നിങ്ങനെയുള്ള പ്രേക്ഷകന്റെ ആകാംക്ഷക്ക് അനുസരിച്ചുള്ള ഒരു നല്ല ത്രില്ലിംഗ് അനുഭവത്തിലൂടെ ചിത്രം മുന്നോട്ട് നീങ്ങുന്നു.
ചിത്രത്തിന്റെ വൈകാരികമായ ക്ലൈമാക്സ് രംഗങ്ങൾ ആസ്വാദകന്റെ കണ്ണു നനയിക്കും. പ്രശസ്ത സംവിധായകനായ മിഷ്കിൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും കേന്ദ്ര കഥാപാത്രമായ വുൾഫിനെ അവതരിപ്പിച്ചിരിക്കുന്നതും. അദ്ദേഹം ആദ്യമായി നിർമ്മാണം ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. 2013 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഇഷ്ട ചിത്രമാണ്.