എം-സോണ്‍ റിലീസ് – 105
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lars von Trier |
പരിഭാഷ | വെള്ളെഴുത്ത് |
ജോണർ | ഡ്രാമ |
ചിത്രം കൃത്യമായി ഒരു ‘കഥയെ ‘പിന്തുടരുകയല്ല. നിംഫോമാനിയാക് ആയ ഒരു യുവതിയും താൻ അലൈംഗികനാണെന്ന് (അസെക്ഷ്വൽ) വിശ്വസിക്കുന്ന ഒരു മനുഷ്യനും തമ്മിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണമാണ് സിനിമ. അതിൽ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങൾ കടന്നു വരുന്നു. സ്വാഭാവികമായും വിലക്കപ്പെട്ട കനിയായ ലൈംഗികതയെചുറ്റിപ്പറ്റി. നിംഫോമാനിയാക്കായ ജോ എന്ന സ്ത്രീയെ സിനിമയിൽ രണ്ടു പേരാണ് അവതരിപ്പിച്ചിരിക്കുന്നത് ( മെലഞ്ചോളിയയിലെ ക്ലയറായും ആന്റി ക്രൈസ്റ്റിലെ ‘അവൾ’ ആയും 21 ഗ്രാംസിലെ മേരി റിവേഴ്സായും അഭിനയിച്ച ചാർലോട്ടി ഗെയിൻസ്ബെർഗാണ് മുതിർന്നവളായ ജോ, ചെറുപ്പകാലത്തുള്ള കഥാപാത്രത്തെ സ്റ്റേസി മാർട്ടിനാണ് അവതരിപ്പിക്കുന്നത്. സെലിഗ്മാനായി വരുന്നത് ഗുഡ് വിൽ ഹണ്ടിംഗിൽ പ്രോ ജെറാൾഡായും മെലഞ്ചോളിയയിൽ ജാക്കായും ഡോഗ് വില്ലിയിൽ ചക്കായും അഭിനയിച്ച സെല്ലൻ സ്കാർസ്ഗാർഡാണ്. സംഗീതത്തിനു ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. വാഗ്നറുടെയും ബിഥോവന്റെയും മൊസാർട്ടിന്റെയും പാലസ്ട്രിനയുടെയും ക്ലാസിക്കുകൾക്കൊപ്പം സ്റ്റെപ്പൻ വൂൾഫിനെയും ടാക്കിങ് ഹെഡിനെയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്.
ട്രയർ, ലൈംഗികരംഗങ്ങളുടെ ചിത്രീകരണത്തിൽ ആന്റിക്രൈസ്റ്റ് മുതൽ എടുത്ത അസാധാരണമായ തുറന്ന നിലപാട് കൂടുതൽ വ്യക്തമായ അളവിൽ ഈ സിനിമയിലും കാണാം. എന്നാൽ ഈ സിനിമയിലെ ലൈംഗിക രംഗങ്ങൾ വ്യക്തികളുടെ ശരീരങ്ങളെ യഥാർത്ഥത്തിൽ വച്ച് ചിത്രീകരിക്കാതെ, ചലനങ്ങൾപോലും വ്യക്തമായി ആസൂത്രണം ചെയ്ത് ആനിമേഷന്റെയും ഗ്രാഫിക്സിന്റെയും സഹായത്തോടെ ചെയ്തതാണെന്നതാണ് മറ്റൊരു പുതുമ.