എം-സോണ്‍ റിലീസ് – 22
ഭാഷ | പേർഷ്യൻ |
സംവിധാനം | Majid Majidi |
പരിഭാഷ | ഉമ്മര്‍ ടി കെ |
ജോണർ | ഡ്രാമ, ഫാമിലി |
അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ അയാൾ തന്റെ മകനെയും കൊണ്ട് ഗ്രാമത്തിലേക്ക് തിരിക്കുന്നു. വിഭാര്യനായ അയാൾ വീണ്ടും വിവാഹിതനാകുവാനുള്ള ഒരുക്കത്തിലാണ്. എന്നാൽ അന്ധനായ മകൻ മൂലം ആ വിഹാഹത്തിൽനിന്ന് അവർ പിൻമാറുമോ എന്ന ആശങ്കയിലാണ് അയാൾ.
സഹോദരിമാരും മുത്തശ്ശിയും അവന്റെ മടങ്ങിവരവിൽ അത്യധികം സന്തോഷിക്കുന്നു. ആഹ്ലാദകരമായ അവന്റെ അവധികാലം മനോഹരമായി സംവിധായകൻ ദൃശ്യവൽക്കരിക്കുന്നു, എന്നാൽ പിതാവ് അവനെ അന്ധനായ ഒരു ആശാരിക്കടുത്തേക്ക് കൊണ്ടുപോകുകയും ജോലിക്കായി അവിടെ നിർത്തുകയുമാണ് ചെയ്യുന്നത്. കൊച്ചുമകനെ കാണാതെ മുത്തശ്ശിക്ക് അസുഖം മൂർച്ഛിക്കുകയും തുടർന്ന് ഏറെകഴിയുംമുൻപ് അവർ മരണപ്പെടുകയും ചെയ്യുന്നു. അത് മോശം ലക്ഷണമായി കണ്ട് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്നും പിൻമാറുന്നു. നിരാശനായ അയാൾ മകനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ തയ്യാറാകുന്നു. എന്നാൽ വഴിക്ക് വച്ച് പാലംതകർന്ന് മുഹമദ് നദിയിൽ വീണ് ഒഴുക്കിൽ പെടുന്നു.ഒരു നിമിഷം സ്വാർത്ഥനായ അയാൾ നിസംഗതനായി നോക്കിനിന്ന ശേഷം മകനെ രക്ഷിക്കുവാൻ നന്ദിയിലേക്ക് ചാടുന്നു. കടൽക്കരയിൽ കിടക്കുന്ന മുഹമദിനേയും പിതാവിനേയുമാണ് അടുത്ത രംഗത്ത് നമ്മൾ കാണുന്നത്. നിശ്ചലമായ അവന്റെ ശരീരം ചേർത്തുപിടിച്ചുകൊണ്ട് അയാൾ വിതുമ്പുന്നു.
ചെറുതായി ചലിക്കുന്ന മുഹമദിന്റെ കൈവിരലുകളുടെ കാഴ്ചയിലാണ് ചിത്രം അവസാനിക്കുന്നത്.