എം-സോണ് റിലീസ് – 1584
ഭാഷ | ഹിന്ദി |
സംവിധാനം | Anubhav Sinha |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ |
- ഈ പെണ്ണുങ്ങൾക്കൊക്കെ വണ്ടിയും കൊടുത്ത് വീട്ടീന്ന് ഇറക്കിവിടുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ?
- സ്നേഹമാകുമ്പോ ഒന്ന് അടിച്ചെന്നൊക്കെ വരും.
- പെണ്ണുങ്ങളായാൽ കുറച്ച് ക്ഷമയൊക്കെ പഠിക്കണം.
- നിനക്കെന്താ, പകൽ മുഴുവൻ ടീവി സീരിയൽ കണ്ട് വീട്ടിൽ ഇരുന്നാൽ പോരെ? ഓഫീസിൽ പണിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് വല്ലതും അറിയണോ?
ഇങ്ങനെ എത്രയെത്ര സംഭാഷണങ്ങളാ നമ്മൾ ഓരോരുത്തരും ദിനം പ്രതി കേൾക്കുന്നതും പറയുന്നതും. സമൂഹം കല്പിച്ചിരിക്കുന്ന സ്ഥാനം (സ്ത്രീക്കായാലും പുരുഷന്മാർക്കായാലും) എന്ന പേരിൽ തകർക്കപെടുന്ന സ്വപ്‌നങ്ങൾ എത്ര, ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങൾ എത്ര,.
സിനിമയുടെ പേര് പറയുന്നപോലെ, പോസ്റ്ററിൽ കാണുന്നപോലെ ഒരു കരണത്തടി (ഥപ്പഡ്) മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് തോന്നാമെങ്കിലും അങ്ങനല്ല. കാലാകാലമായി നമ്മളെല്ലാം അറിഞ്ഞും അറിയാതെയും normalise ചെയ്തു പോകുന്ന വാക്കുകളും പ്രവർത്തികളും ചിലരിൽ എത്രമാത്രം ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കുന്നതെന്ന് കാണിച്ചു തരാൻ ഉള്ള ഒരു ഉപകരണം മാത്രമാണ് ആ കരണത്തടി. ചിത്രത്തിൽ ഭർത്താവിന്റെ കൈയ്യിൽ നിന്ന് മേൽപ്പറഞ്ഞ കരണത്തടി ഏൽക്കേണ്ടിവരുന്ന അമ്മു എന്ന അമൃതയോട് സ്ത്രീയായ അവരുടെ വക്കീൽ നേത്ര ചോദിക്കുന്ന ചോദ്യം നമ്മളിൽ പലരും ചോദിച്ചുപോകാവുന്ന ഒന്ന് തന്നെയാണ് “ഒരേയൊരു അടിയുടെ പേരിലാണോ ഇതൊക്കെ?” എന്ന്. അതിനവൾ പറയുന്ന ഉത്തരം വ്യക്തമാണ് – “ആ ഒരടി കൊണ്ട് ഇതിനുമുൻപ് ഞാൻ വളരെ നിസ്സാരമെന്ന് വിട്ടുകളഞ്ഞിരുന്ന അന്യായങ്ങളെല്ലാം വ്യക്തമായി എനിക്ക് കാണാൻ തുടങ്ങി”. നമ്മുടെ സമൂഹത്തിൽ പ്രത്യക്ഷമായും പരോക്ഷമായും കാണുന്ന chauvanism, misogyny എല്ലാം വ്യക്തമായി കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കും ഈ “ഥപ്പഡ്” എന്ന് പ്രത്യാശിക്കാം.
സിനോപ്സിസ് കടപ്പാട് – ശ്രീധർ