എം-സോണ്‍ റിലീസ് – 1589
ഭാഷ | ലിത്വാനിയൻ |
സംവിധാനം | Audrius Juzenas |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ആക്ഷൻ, ഡ്രാമ |
എക്സ്കുർസാന്തെ അഥവാ എസ്കർഷനിസ്റ്റ് ഒരു ചരിത്ര സിനിമയും ഒപ്പം ഒരു റോഡ് മൂവിയുമാണ്. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട ഒരു പതിനൊന്നുകാരിയുടെ അപ്രതീക്ഷിത തിരിച്ചുവരവാണ് സിനിമയുടെ പ്രമേയം. ചരക്കുട്രെയിനിൽ നിന്നും രക്ഷപ്പെട്ട് 4000 മൈലുകളോളം സഞ്ചരിച്ച് തിരികെ ലിത്വാനിയയിൽ എത്തുന്നതാണ് കഥ. മാഷ എന്ന മരിയയുടെ കഥ. സൈബീരയിയിലേക്കുള്ള യാത്രാമദ്ധ്യേ ധാന്യങ്ങൾ കുറേശ്ശെയായി ട്രെയിനിൽ നിന്നും അവൾ താഴേക്ക് ഇടുന്നുണ്ട് – നാടോടിക്കഥകളിലെ പോലെ പോയ വഴി അറിയാനും അതുവഴി തിരികെ പോകാനും. സിനിമയിലുടനീളം ഈ ശുഭാപ്തിവിശ്വാസം പ്രകടമാണ്.
ട്രെയിനിൽ നിന്നും രക്ഷപ്പെടുന്ന മരിയക്ക് ആദ്യമായി അഭയം കൊടുക്കുന്നത് നാജ അമ്മായി ആണ്. അവർ തന്നെയാണ് അവൾക്ക് മാഷയെന്ന പുതിയ പേര് ഇടുന്നതും. ശേഷം മാഷയുടെ യാത്രയിൽ ഒരുപാട് പട്ടാളക്കാരും കൊള്ളക്കാരും സാധാരണ ജനങ്ങളും എല്ലാം വന്നുപോകുന്നുണ്ട്. ചിലർ സഹായിക്കുമ്പോൾ മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങൾ വേറെയായിരുന്നു. സകല പ്രതിബന്ധങ്ങളും തരണം ചെയ്ത് തിരികെ നാട്ടിലെത്തുന്നതുവരെ ഉദ്വേഗജനകമായ നിമിഷങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്.
2014 ലെ ലിത്വാനിയൻ അവാർഡ്സിൽ മികച്ച് സിനിമയ്ക്കും, സംവിധായകനും, നടിക്കും ഉൾപ്പെടെ അനേകം അവാർഡുകൾ വാരിക്കൂട്ടി.