എം-സോണ്‍ റിലീസ് – 72
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | മാജിത് നാസർ |
ജോണർ | മിസ്റ്ററി, ത്രില്ലർ |
ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്‍ ഏവര്‍ക്കും പരിചയം ഉണ്ടാവും. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമാ സംരംഭമാണ് മെമന്റോ. ഒരുപക്ഷേ അദ്ദേഹത്തെ ലൈംലൈറ്റില്‍ എത്തിച്ച ക്രിസ്റ്റഫർ നോളൻ എന്ന പേര് ഒരു ബ്രാൻഡായി മാറാനുള്ള അടിത്തറ പാകിയ ചിത്രമെന്ന ഖ്യാതി തീർച്ചയായും മെമന്റോയ്ക്കുള്ളതായിരിക്കും. സൈക്കോളജിക്കൽ ത്രില്ലർ എന്ന വിശേഷണത്തോട് പൂർണമായും നീതി പുലർത്തിയെന്ന് മാത്രമല്ല, ഒരു പടി കൂടി കടന്ന് നായകൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ പ്രേക്ഷകനിലേക്ക് കൂടി എത്തിക്കാൻ സാധിച്ചു എന്നതാണ് മെമന്റോയുടെ വിജയം.
ലെനർഡ് ഷെൽബി എന്ന ഇൻഷുറൻസ് ഇൻവെസ്റ്റിഗേറ്ററിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു ആക്രമണത്തെ തുടർന്ന്, ഷെൽബിക്ക് ആന്റീറോഗ്രേഡ് അംനീഷ്യ (അപകടത്തിനു ശേഷം പുതിയ ഓർമകൾ ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥ) സംഭവിക്കുകയും, അയാളുടെ ഭാര്യ കൊല്ലപ്പെടുകയും ചെയ്യുന്നു. തുടർന്ന് തന്റെ ഭാര്യയുടെ കൊലയാളികളെ കണ്ടെത്താൻ ശ്രമിക്കുന്ന ഷെൽബിയുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ എടുത്തു പറയേണ്ട കാര്യം അതിന്റെ ആഖ്യാനശൈലി തന്നെയാണ്. നോൺ ലീനിയർ നരേഷന്റെ പല രൂപങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയനാകമായ ഒരു രൂപം ആദ്യമായാണെന്ന് പറയേണ്ടി വരും. രണ്ട് കളർ ടോണുകളിലാണ് ചിത്രത്തിലെ വിഷ്വലുകൾ ഉൾകൊള്ളിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലും, പിന്നെ കളറിലും. കളറിൽ ചിത്രീകരിച്ച രംഗങ്ങൾ അവസാനത്തേതിൽ നിന്ന് ആദ്യത്തിലേക്കും, ബ്ലാക്ക് ആൻഡ് വൈറ്റ് രംഗങ്ങൾ ആദ്യത്തേതിൽ നിന്ന് അവസാനത്തിലേക്കുമാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കളറിൽ ആദ്യമായി കാണിക്കുന്നത് ചിത്രത്തിന്റെ ക്ലൈമാക്സാണ്. അവിടെ നിന്നും പതുക്കെ സീൻ ബൈ സീനായി ബ്ലാക്ക് ആൻഡ് വൈറ്റും, കളറും രംഗങ്ങൾ ഒന്നിടവിട്ട് ചിത്രത്തിൽ വന്നുപോകുന്നു. ആ ക്രമം ഓർത്തു വെച്ച് കാണാൻ ശ്രമിക്കുമ്പോഴാണ് നായകൻ അനുഭവിക്കുന്ന ആന്റിറോഗ്രേഡ് അംനീഷ്യയെന്ന അവസ്ഥയുടെ ഭീകരത പ്രേക്ഷകനും അനുഭവിക്കുന്നത്. അതായത്, ചിത്രത്തിലെ നായകനെ പോലെ അടുത്തത് എന്താണെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും മുൻപേ സംഭവിച്ചത് നമ്മളും മറന്നു പോയിരിക്കുമെന്ന് ചുരുക്കം. ആസ്വാദനത്തിൽ വ്യത്യസ്തത തേടുന്ന പ്രേക്ഷകർക്ക് തീർച്ചയായും മെമന്റോയ്ക്കായി സമയം മാറ്റി വെയ്ക്കാവുന്നതാണ്.