എം-സോണ്‍ റിലീസ് – 1717
ക്ലാസ്സിക് ജൂൺ 2020 – 08
ഭാഷ | ഇംഗ്ലീഷ്, അറബിക്, ടർക്കിഷ് |
സംവിധാനം | David Lean |
പരിഭാഷ | ഹരി കൃഷ്ണൻ |
ജോണർ | അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ |
1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ‘ലോറന്‍സ് ഓഫ് അറേബ്യ’ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നിങ്ങനെ ഏഴ് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയുണ്ടായി.
ഒന്നാം ലോക മഹായുദ്ധകാലം. മധ്യപൂര്‍വേഷ്യയുടെ ഭൂരിഭാഗവും തുര്‍ക്കിയിലെ ഒട്ടോമന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കവേ തുര്‍ക്കിക്ക് എതിരായ നീക്കങ്ങളെ മനസ്സിലാക്കുവാനായാണ് ലോറന്‍സിനെ അറേബ്യയിലേക്ക് അയക്കുന്നത്. നയതന്ത്രപരമായ ഒരു നീക്കം എന്നതിനപ്പുറം ലോറന്‍സിന്റെ ഇടപെടലുകളെ ബ്രിട്ടിഷ് സേന കാര്യമായി ഗൌനിക്കുന്നില്ല. എന്നാല്‍ തന്റെ വ്യക്തിപ്രഭാവം കൊണ്ട് അറേബ്യയിലെ ഫൈസല്‍ രാജകുമാരന്റെ വിശ്വാസം പിടിച്ചുപറ്റുന്ന ലോറന്‍സ് ബ്രിട്ടീഷ് സൈന്യത്തിന്റെ താത്പര്യങ്ങള്‍ വകവെക്കാതെ യുദ്ധമുന്നണിയിലേക്ക് നേരിട്ട് ഇറങ്ങുവാന്‍ തീരുമാനിക്കുന്നു. കാലഹരണപ്പെട്ട ആയുധങ്ങളുമായി, അപരിഷ്കൃതരായ ഗോത്രവര്‍ഗ്ഗക്കാരേ അണിനിരത്തി തികച്ചും സാഹസികമായ സൈനിക നീക്കത്തിലൂടെ തന്ത്രപ്രധാന തുറമുഖ നഗരമായ അക്വബ പിടിച്ചെടുക്കുന്നു. ക്രമേണ ബ്രിട്ടീഷ് സേന പണവും ആയുധങ്ങളും നല്കി ലോറന്‍സിന്റെ ഒറ്റയാള്‍ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.
മരുഭൂമിയുടെ വന്യതയും വശ്യതയും ഭീകരതയും മനോഹരമായി ദൃശ്യവത്ക്കരിച്ചും പ്രകൃതിയുടെ ദുരൂഹ ഭാവങ്ങളെ ശബ്ദങ്ങളിലേക്ക് സന്നിവേശിപ്പിച്ചും എണ്ണമറ്റ ഫ്രയ്മുകളെ ചടുലമായി എഡിറ്റ് ചെയ്തും സിനിമയെ അവിസ്മരണീയ അനുഭവമായിത്തീര്‍ക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു. ലോറന്‍സിനെ സ്ക്രീനില്‍ അവതരിപ്പിച്ച പീറ്റര്‍ ഒറ്റ്യൂളും ഷെരിഫ് നാസ്സിന്‍ എന്ന അറബ് പോരാളിയെ അനശ്വരനാക്കിയ ഒമര്‍ ഷരീഫും പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയതും ഈ സിനിമയിലൂടെയാണ്.
സിനോപ്സിസ് കടപ്പാട് : Joselet Joseph