എം-സോണ്‍ റിലീസ് – 1742
ക്ലാസ്സിക് ജൂൺ2020 – 17
ഭാഷ | റഷ്യൻ, ഇറ്റാലിയൻ |
സംവിധാനം | Andrei Tarkovsky (as Andrey Tarkovsky) |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ഡ്രാമ |
കാലാതിവര്‍ത്തിയായ മാസ്റ്റർപീസാണ് തർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’. സിനിമയുടെ അതിരുകൾ ഇല്ലാതാക്കുന്നതിനൊടൊപ്പം തർക്കോവ്സ്കി തന്റെ തനതായ ശൈലി അരക്കിട്ടുറപ്പിക്കുന്നതും സവിശേഷമായ ഈ സിനിമയിൽ നിങ്ങൾക്ക് അനുഭവപ്പെടും. സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകടത്തിയ കാലഘട്ടത്തിൽ ഇറ്റലിയിൽ ചിത്രീകരിച്ച തർകോവ്സ്കിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നൊസ്റ്റാൾജിയ. ഇറ്റലിയിൽ നൊസ്റ്റാൾജിയ പൂർത്തിയാക്കിയ ശേഷം, 1986 ൽ സ്വീഡനിൽ തന്റെ അവസാന ചലച്ചിത്രമായ ‘ദി സാക്രിഫൈസിന്റെ’ ചിത്രീകരണത്തിനായി പോയ അതേ വർഷം തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
റഷ്യൻ കവിയായ ആൻഡ്രി ഗോർചാക്കോവിന്റെ ഇറ്റലിയിലൂടെയുള്ള യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. അദ്ദേഹത്തോടൊപ്പം ഗൈഡും വിവർത്തകയുമായ യൂജീനിയയും ഉണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ സംഗീതജ്ഞന്റെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തുകയെന്നതാണ് അദ്ദേഹത്തിന്റെ യാത്രയുടെ ലക്ഷ്യം. എന്നിരുന്നാലും, വൈകാതെ തന്നെ അത് ആൻഡ്രെയുടെ ആന്തരിക ലോകം, വൈകാരിക സത്യങ്ങള്‍, ചരിത്രം എന്നിവയിലൂടെയുള്ള ഒരു യാത്രയായി മാറുന്നു.
വൈകാതെ യൂജീനിയയോടും ഇറ്റലിയോടും അദ്ദേഹത്തിന് വൈകാരിക നിലപാടുകളില്‍ പൊരുത്തക്കേട് തോന്നിത്തുടങ്ങുന്നു. സ്വപ്ന സീക്വൻസുകളുടെ ഒരു പരമ്പരയിൽ, ജന്മനാടിനും ഭാര്യയോടുമുള്ള ആഴത്തിലുള്ള നൊസ്റ്റാൾജിയ നാം കാണുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകടത്തപ്പെട്ട തർകോവ്സ്കിയുടെ സ്വന്തം വികാരങ്ങളുമായി തീര്‍ച്ചയായും ഇവ ഇഴചേരുന്നുണ്ടായിരിക്കണം. “ജന്മനാട്ടിൽ നിന്ന് അകന്നു പോകേണ്ടി വന്ന റഷ്യക്കാരെ മാനസികമായി ആക്രമിക്കുന്ന പ്രത്യേക മാനസികാവസ്ഥയെ” ക്കുറിച്ചെന്ന് തന്റെ പുസ്തകമായ സ്കിൽപ്റ്റിംഗ് ഇൻ ടൈമില്‍ നൊസ്റ്റാൾജിയയെക്കുറിച്ച് തർക്കോവ്സ്കി എഴുതി. ഒരു പുതിയ രാജ്യത്തിന്റെ സിനിമാറ്റിക് മെറ്റീരിയലിൽ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതിന് പകരം, പ്രപഞ്ചത്തിലേത്ത് എത്തിനോക്കാനായിരുന്നു തർകോവ്സ്കിയുടെ തീരുമാനം.
ദൈര്‍ഘ്യമേറിയ പരീക്ഷണ സിനിമകളിലൂടെ കാഴ്ചക്കാരെ അവഗണിക്കുന്നു എന്ന് പലപ്പോഴും വിമർശിക്കപ്പെടുന്ന തർക്കോവ്സ്കിയുടെ ഏറ്റവും ദുരൂഹമായ സിനിമയായിരിക്കാം ഒരുപക്ഷേ നോസ്റ്റാൾജിയ. പക്ഷേ അതേസമയം, അദ്ദേഹത്തിന്റെ ഏറ്റവും വ്യക്തിപരമായ സിനിമയും നോസ്റ്റാള്‍ജിയ തന്നെ ആയിരിക്കാം. ആൻഡ്രി ഗോർചാക്കോവും ആൻഡ്രി തർക്കോവ്സ്കിയും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരില്ല. ഡൊമെനിക്കോ എന്ന കഥാപാത്രം “രണ്ടു തുള്ളികള്‍ കൂടിച്ചേരുമ്പോള്‍ രണ്ടല്ല, ഒരു വലിയ തുള്ളി ഉണ്ടാക്കുന്നു” എന്ന് വിശദീകരിക്കുന്നത് പോലെ, ആർട്ടിസ്റ്റും, ഭ്രാന്തനും തങ്ങള്‍ ഒരേ വ്യക്തിയുടെ ഭാഗമാണെന്ന് പരസ്പരം മനസ്സിലാക്കുന്നു.