എം-സോണ് റിലീസ് – 1893
ഭാഷ | ഹിന്ദി |
സംവിധാനം | Karan Johar |
പരിഭാഷ | സേതു മാരാരിക്കുളം |
ജോണർ | ഡ്രാമ, റൊമാൻസ് |
വിവാഹേതര ബന്ധങ്ങളേയും വൈവാഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന ഉലച്ചിലുകളേയും തുറന്നുകാണിക്കുന്ന ചിത്രമാണ് കരൺ ജോഹറിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ‘കഭി അൽവിദാ നാ കഹനാ’. ന്യൂയോർക്കിൽ താമസിക്കുന്ന രണ്ടു കുടുംബങ്ങൾ. കാലിന് പരിക്കുപറ്റിയ ഒരു മുൻഫുട്‌ബോൾ പ്ലയറായ ദേവ് ശരൺ തൻ്റെ ജീവിതത്തിലെ പരാജയങ്ങളെ ഓർത്ത് ഉള്ളിലെ അപകർഷതാബോധത്തെ വളർത്തികൊണ്ടുവരുന്ന ഒരാളാണ്. തൻ്റെ ഭാര്യ റിയ ആവട്ടെ, അവരുടെ കരിയറിൽ തിളക്കമാർന്ന വിജയങ്ങൾ നേടുകയും ചെയ്യുന്നു. ഇത് ദേവിൽ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. മറുവശത്തു സമ്പന്നനായ സമർജിത്ത് തൽവാർ തൻ്റെ മകനായ ഋഷിയെ വളർത്തുമകളായ മായയെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നു. സ്നേഹത്തെ കുറിച്ച് തികച്ചും വ്യത്യസ്തമായ ധാരണകൾ വച്ചുപുലർത്തുന്ന മായ്ക്ക് ഋഷിയെ അംഗീകരിക്കാൻ സാധിക്കുന്നില്ല. എന്നാൽ അത് തുറന്നു പറയുന്നുമില്ല. അപ്രതീക്ഷിതമായി പരിചയപ്പെടുന്ന മായയും ദേവും സൗഹൃദത്തിൽ ആവുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യുകയാണ്. ആ പ്രണയം രണ്ടു കുടുംബങ്ങളിലും ഉലച്ചിലുണ്ടാക്കുന്നു. അവരുടെ ദാമ്പത്യത്തിലെ കല്ലുകടികളും. പ്രണയവും ശേഷമുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
വളരെ സങ്കീർണ്ണമായ ഈയൊരു വിഷയത്തെ വളരെ തന്മയത്വത്തോടെ തന്നെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. ദേവ് ശരൺ എന്ന കഥാപാത്രം ഷാരൂഖ് ഖാൻറെ കയ്യിൽ ഭദ്രമായിരുന്നു. ഷാരൂഖ് – റാണി കെമിസ്ട്രി നല്ല പോലെ ചിത്രത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ജീവിതത്തിലെ അച്ഛനും മകനും സിനിമയിലും അച്ഛനും മകനും ആയത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. സപ്പോർട്ടിംഗ് റോളിൽ എത്തിയ കിരൺ ഖേറും അർജ്ജുൻ രാം പാലും അവരുടെ ഭാഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
ജാവേദ് അക്തറിൻറെ വരികളും ശങ്കർ-എഹ്സാൻ-ലോയ് യുടെ സംഗീതവും ജോൺ എബ്രഹാമിന്റേയും കാജോളിന്റെയും ഗസ്റ്റ് അപ്പിയറൻസ് കൂടെയായപ്പോ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റി. ബോളിവുഡിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിൽ ഒന്നായിരിക്കും ‘കഭി അൽവിദാ നാ കഹനാ’.