എം-സോണ് റിലീസ് – 1918
ഭാഷ | ഉറുദു |
സംവിധാനം | Mehreen Jabbar |
പരിഭാഷ | അബ്ദുൽ മജീദ് |
ജോണർ | ഡ്രാമ |
1947-ൽ ഇന്ത്യ-പാകിസ്ഥാൻ വിഭജനാനന്തരം പഴയ നാട്ടുരാജ്യങ്ങളായ പഞ്ചാബ്, ബംഗാൾ, സിന്ധ്, കശ്മീർ എന്നിവയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ കിടക്കുന്ന ഒരു സിന്ധി ഹിന്ദു ദളിത് കുടുംബത്തിന്റെ കഥയാണ് ഈ സിനിമ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ സിനിമ റിലീസിന് ശേഷം 2008-09 കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കുകയും ഒരുപാട് രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ഈ വിഷയം ഇരു രാജ്യങ്ങളിലും ഉയർത്തിക്കൊണ്ടു വരുകയും ചെയ്തു. ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരു പോലെ റിലീസ് ചെയ്ത സിനിമ, ഒട്ടനവധി അന്താരാഷ്ട്ര വേദികളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളിലേയും കലാകാരന്മാർ അണി നിരന്ന സിനിമയിലെ ചമ്പ എന്ന പ്രധാന വേഷം നന്ദിത ദാസിന്റെ ഒരു കരിയർ ബ്രെക്ക് ത്രൂ തന്നെയാണ്. അബദ്ധവശാൽ ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി കടക്കുകയും ജയിലിൽ അകപ്പെടുകയും ചെയ്യുന്ന രാംചന്ദ് എന്ന 8 വയസ്സുകാരൻ പയ്യന്റെ ജീവിതമാണ് സിനിമ. രാംചന്ദിന്റെ ജയിൽ വാസവും അത് ആ കുടുംബത്തിന് വരുത്തിയ മാറ്റങ്ങളും ഇരു രാജ്യങ്ങളിലേയും കുത്തഴിഞ്ഞ ബ്‌യൂറോക്രസിയും ഒരു സങ്കലിപിക രേഖക്ക് മനുഷ്യ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം എങ്ങനെ പിറകോട്ട് നടത്താമെന്നും, ഒരു രേഖക്ക് അപ്പുറവും ഇപ്പുറവും മനുഷ്യ ജീവിതം ഒന്നു തന്നെ ആണെന്നും വരച്ചു കാണിക്കുന്ന സിനിമ.
2009-ൽ ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയുടെ ഫലമായി 2010 മുതൽ മറ്റൊരു രാംചന്ദിന് ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല. വഴി തെറ്റിയും വെള്ളം തേടിയും അതിർത്തി കടന്ന 18 -ഓളം കുട്ടികളെ ഇരു രാജ്യങ്ങളും 2019 ഡിസംബർ വരെ സ്വന്തം രാജ്യത്തേക്ക് മണിക്കൂറുകൾക്കകം തിരികെ അയച്ചിട്ടുണ്ട്.