എം-സോണ് റിലീസ് – 1943
ഭാഷ | മാൻഡരിൻ |
സംവിധാനം | Peter Ho-Sun Chan |
പരിഭാഷ | മുഹമ്മദ് ആസിഫ് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
1917-ലെ ഒരു ചൈനീസ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമായി സാധാരണ ജീവിതം നയിക്കുന്ന ലിയു ജിങ്ക്സി ഒരു പേപ്പർ നിർമ്മാണശാലയിലാണ് ജോലിചെയ്യുന്നത്. ഒരു ദിവസം അവിടെ കവർച്ചയ്ക്കെത്തുന്ന രണ്ടുപേരുമായുള്ള ഏറ്റുമുട്ടലിൽ ലിയു ജിങ്ക്സിയുടെ പ്രഹരമേറ്റ് അവർ കൊല്ലപ്പെടുന്നു. കൊലപാതകം അന്വേഷിക്കാൻ എത്തുന്ന ഡിറ്റക്ടീവ് ബൈജിയു, കൊല്ലപ്പെട്ടവരിൽ ഒരാൾ പിടികിട്ടാപ്പുള്ളിയായ ഡോങ്ഷെങ്ങാണെന്ന് കണ്ടെത്തുന്നു. അവരെ പിടിച്ചതിനും ഗ്രാമീണരെ രക്ഷിച്ചതിനും ഗ്രാമവും ഉദ്യോഗസ്ഥരും ലിയു ജിങ്ക്സിയെ ആദരിക്കുന്നു. ശരീര ശാസ്ത്രത്തിൽ വിദഗ്ധനായ ഡിറ്റക്റ്റീവ് ബൈജിയുവിന് പോസ്റ്റുമോർട്ടം ഇല്ലാത്ത കാലത്തും മൃതശരീരം കണ്ട് മരണത്തിൽ അസ്വാഭാവികത തോന്നുന്നു. തികഞ്ഞ ആയുധാഭ്യാസിയായ ഡോങ്ഷെങ്ങിനെ അഭ്യാസമുറകളറിയാത്ത കേവലം ഒരു പേപ്പർ നിർമാതാവിന് കീഴ്പ്പെടുത്താൻ സാധിച്ചതിൽ ദുരൂഹത തോന്നുന്നു. പിന്നീട് ലിയു ജിങ്ക്സിയേ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യങ്ങൾ തിരിച്ചറിയുന്നു. പുരാതന ചൈനീസ് ചികിത്സാ മുറകൾ സമ്മിശ്രപ്പെടുത്തിയാണ് അന്വേഷണം നടത്തുന്നത്.ഒരു നൂറ്റാണ്ടിനു മുമ്പ് നടക്കുന്ന കഥയും കഥാപരിസരവും മനോഹരമാണ്. ദൃശ്യഭംഗിക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കുമൊപ്പം എടുത്തു പറയേണ്ട ഒന്നാണ് പശ്ചാത്തലസംഗീതം. ടെക്നിക്കൽ വശങ്ങൾ മികച്ചതാണ്. മാർഷൽ ആർട്ട് സിനിമ കാറ്റഗറിയിൽ പെടുന്നതാണെങ്കിലും കണ്ടു പഴകിയ വെറും അഭ്യാസങ്ങൾ മാത്രം കാണിക്കാൻ എടുക്കുന്ന മറ്റു മാർഷൽ ആർട്ട് സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഡോണി യെൻ(Donny Yen), ടകേഷി കനേഷിരോ(Takeshi Kaneshiro), താങ് വെയ് (Tang Wei) എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.