എം-സോണ്‍ റിലീസ് – 1999
ഭാഷ | കുർദിഷ് |
സംവിധാനം | Hiner Saleem |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ |
ഹുനർ സലിം സംവിധാനം ചെയ്ത അന്താരാഷ്ട്ര സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ കുർദിഷ് ചിത്രമാണ് മൈ സ്വീറ്റ് പെപ്പർ ലാൻഡ് (2013).
സദ്ദാം ഹുസ്സൈൻ വീണ ശേഷം കുർദിഷ് വിമതസേനക്ക് വേണ്ടി പോരാടിയ ബാരാൻ പോലീസിൽ ചേരാൻ തീരുമാനിക്കുന്നു. കല്യാണം കഴിക്കാനുള്ള ഉമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ തുർക്കി അതിർത്തിയിലുള്ള എത്തിപ്പെടാൻ പാടുള്ള മലമുകളിലെ ഒരു പട്ടണത്തിലേക്ക് ബാരാൻ സ്ഥലം മാറ്റം വാങ്ങുന്നു. പക്ഷെ അവിടെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ലോക്കൽ ഗുണ്ടാ തലവനായ അസീസ് ആഗയാണ്. അസീസ് ആഗയുടെ കൈകടത്തലുകൾ മൂലം ക്രമസമാധാനം പാലിക്കാൻ കഴിയാതെ വരുന്ന ബാരാൻ അയാളെ നേരിടാൻ തന്നെ തീരുമാനിക്കുന്നു. അദ്ദേഹത്തിന് പിന്തുണ നൽകി അവിടത്തെ സ്കൂളിലേക്ക് താത്കാലിക നിയമനം വാങ്ങി വന്ന ടീച്ചറായ ഗോവേന്ദ് കൂടെ നിൽക്കുകയാണ്.
ക്ലാസിക് വെസ്റ്റേൺ കഥയെ കുർദിഷ് പശ്ചാത്തലത്തിലേക്ക് പറിച്ചുനടുമ്പോൾ ഒട്ടും തന്നെ സ്വാഭാവികത നഷ്ടമായിട്ടില്ല. ഒരുപാട് ക്ലാസിക് വെസ്റ്റേൺ സിനിമകൾക്ക് ഒരു ഹോമേജ് കൂടിയാണ് ഈ dark humour നിറഞ്ഞ ചിത്രം. പ്രശസ്ത ഇറാനിയൻ ഫ്രഞ്ച് നടി ഗുൽഷിഫ്ത്തേ ഫറഹാനി ഗോവെന്ദായി വേഷമിട്ട് ഏഷ്യ പസിഫിക് സ്ക്രീൻ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. അതെ ചടങ്ങിൽ ഹുനർ സലീമിന് മികച്ച സംവിധാനത്തിനുള്ള അവാർഡും ലഭിച്ചതാണ്. ക്യാൻ ഫെസ്റ്റിവലിൽ ” Un Certain Regard” സെക്ഷനിൽ പ്രദര്ശിപ്പിച്ചതാണ് ഈ ചിത്രം.