എം-സോണ്‍ റിലീസ് – 2004
ഭാഷ | ബംഗാളി |
സംവിധാനം | Arindam Sil |
പരിഭാഷ | ശ്രുജിൻ ടി. കെ |
ജോണർ | ഡ്രാമ |
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധേയമാക്കിയ കുറ്റവാളികളിൽ എല്ലാവരും തീവ്രവാദ കേസുകളിൽ പെട്ടവരാണ്. ഒരാളൊഴിച്ച്, അയാളാണ് ധനഞ്ജയ് ചാറ്റർജി. ബലാസംഗ-കൊലപാതക കുറ്റത്തിനാണ് അയാളെ തൂക്കിലേറ്റുന്നത്. അയാളുടെ യഥാർത്ഥ കഥയാണ്, പുറത്തു വരാതിരുന്ന രഹസ്യങ്ങളടക്കം ഈ ചിത്രത്തിൽ പറയുന്നത്. സംഭവം നടക്കുന്നത് 1990 മാർച്ചിലെ ഒരു നശിച്ച ദിവസത്തിലാണ്. ആ ദിവസം വൈകിട്ട് അടുത്തുള്ള ക്ഷേത്രത്തിൽ ആരതിയിൽ പങ്കെടുക്കാൻ പോയി തിരിച്ചുവന്നപ്പോൾ സ്വന്തം മകൾ ബലാത്സംഗത്തിന് ഇരയായി മരണമടഞ്ഞു കിടക്കുന്നതാണ് കാണുന്നത്. കുറ്റം അവിടുത്തെ സെക്യൂരിറ്റി ഗാർഡായിരുന്ന ധനഞ്ജയ് യുടെ മേൽ ആരോപിക്കുന്നു. ധനഞ്ജയ് പക്ഷെ കുറ്റം ഏറ്റെടുക്കാൻ തയ്യാറായില്ല. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും അയാൾക്കെതിരെയായതിനാൽ നീണ്ട 14 വർഷത്തെ ജയിൽ വാസത്തിനുശേഷം 2004 ഓഗസ്റ്റ് 15ാം തിയ്യതി ധനഞ്ജയ് തൂക്കുമരത്തിൽ ഒടുങ്ങുന്നു. നാലുവർഷത്തിന് ശേഷം അഡ്വക്കേറ്റ് കാവ്യാ സിൻഹ സത്യം തേടി നടത്തുന്ന അന്വേഷണവും പുനർവിചാരണയുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി പറയുന്നത്. ആ വീട്ടിൽ അന്നത്തെ ദിവസം എന്താണ് സംഭവിച്ചതെന്നുള്ള വിവരണം ഈ സിനിമ കാണിച്ചുതരുന്നുണ്ട്. സംവിധായകനായ അരിന്ദം സിൽ ആ ഒരു ഉദ്ദേശത്തോടും കൂടിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ധനഞ്ജയ് യെ അവതരിപ്പിച്ച അനിർബൻ ഭട്ടാചാര്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.