എം-സോണ്‍ റിലീസ് – 2020
ഭാഷ | തായ് |
സംവിധാനം | Tom Waller |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
ഈ സിനിമയുടെ പേര് ആദ്യമായി കാണുമ്പോള്‍ നമ്മുടെ ചിന്തയിലേക്ക് വരുന്ന ചില ചിത്രങ്ങളുണ്ട്. മരണത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറ്റവാളിയുടെയും നിർവികാരതയോടെ ജീവനെടുക്കുന്ന ആരാച്ചാരുടെയും മുഖങ്ങള്‍. അസഹനീയവും അസ്വസ്ഥജനകവുമായ നിലവിളികൾക്കിടയിൽ നീതി നടത്തിപ്പിന്റെ ചുമതലകളെ ആശ്ലേഷിക്കേണ്ടിവരുന്നവരുടെ മനസ്സിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലാറുമില്ല. തായ്ലൻഡ് എന്ന രാജ്യത്തിൻറെ ചരിത്രത്തിലെ വധശിക്ഷ നടപ്പാക്കുന്ന FIRING EXECUTION SQUAD-ലെ അവസാനത്തെ ആരാച്ചാരായിരുന്ന CHAVORET JARUBOON-ന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ദ ലാസ്റ്റ് എക്സിക്യൂഷനർ.
കൈയിൽ ഗിറ്റാറുമായ് നിൽക്കുന്ന ഗായകനിൽ നിന്ന് വിരലുകളാൽ മരണത്തിന്റെ സംഗീതം പൊഴിക്കാവുന്ന തോക്കുമായി ചരിത്രത്തിലേക്ക് നടന്നു കയറിയ CHAVORET JARUBOON-ന്റെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ഈ സിനിമ. “താങ്കൾ വധശിക്ഷ നടപ്പാക്കിയവരിൽ ആരെങ്കിലും നിരപരാധികളായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?” എന്ന ചോദ്യത്തിന്, “ഞാൻ നിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ അവസാനത്തിലാണ്, ആദ്യഭാഗത്തല്ല” എന്ന മറുപടി വലിയൊരു ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ദ ലാസ്റ്റ് എക്സിക്യൂഷനർ തീർച്ചയായും ഒരു ആരാച്ചാരുടെ കഥയാണ്. പക്ഷെ, അയാൾ അതുമാത്രമായിരുന്നില്ല എന്ന് പറയാൻ ശ്രമിക്കുന്നതിലൂടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്.
കടപ്പാട്: Shaheer Cholassery