എം-സോണ്‍ റിലീസ് – 1190
ഭാഷ | ഫ്രഞ്ച്, അറബിക് |
സംവിധാനം | Rachid Bouchareb |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ, വാർ |
Info | 9FAD35E59BEA90EE2BCA8CBC0EADC326AB97C2A5 |
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് കോളനികളായിരുന്ന അൾജീരിയയിലെയും മോറോക്കോയിലെയും സെെനികർ നേരിടേണ്ടി വന്ന ചതിയുടെ ലജ്ജിക്കുന്ന കഥ. അഭിനവഫ്രഞ്ചുകാർ ഇന്നും തലകുമ്പിട്ട് ഓർക്കുന്ന ഒരു കാലഘട്ടമുണ്ടെങ്കിൽ അത് 1944 കളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രഞ്ച്-ആഫ്രോ കോളനികളിൽ നിന്നും സെെന്യത്തെ റിക്രൂട്ട് ചെയ്യുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇറ്റലിയിലേക്ക് ആക്രമിച്ചു കയറാനും ഫ്രാൻസിനെ സ്വതന്ത്രമാക്കാനും ആയിരുന്നു അവരുടെ കർത്തവ്യം. ആദ്യ യുദ്ധം വിജയിച്ചപ്പോൾ ക്യാപ്റ്റൻ അവരെ വാനോളം പുകഴ്ത്തിയെങ്കിലും പതിയെ അവർക്കിടയിൽ വേർതിരിവുകൾ കടന്നുവന്നു. മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ അവർക്ക് പലപ്പോഴും ഭക്ഷണവും നീതിയും ലീവും പ്രൊമോഷനും നിഷേധിക്കപ്പെട്ടു. ലോകം ഞെട്ടുന്ന ആ ചതിയുടെ കഥ അവിടെ തുടങ്ങുകയായിരുന്നു.
പ്രധാനമായും നാല് കഥാപത്രങ്ങൾക്ക് ചുറ്റുമാണ് സിനിമയുടെ സഞ്ചാരപാത. വിവിധകാരണങ്ങളാൽ സെെന്യത്തിൽ ചേരേണ്ടി വന്ന ആ നാല് പേർ. കാമുകിയെ കാണാൻ പോയി കോർട്ട്മാർഷലിന്റെ വക്കോളമെത്തിയ മിസൗദ് സൂനി സിനിമയുടെ അവസാന നിമിഷങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായിരുന്നു. അമ്മയുടെ തണലിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ (ധെെര്യത്തോടെ) വന്ന സഈദ്. കേണലാവാൻ പരിശ്രമിക്കുന്ന അബ്ദുൽഖാദർ. അനേകം യുദ്ധസിനിമകൾ കണ്ട് പരിചയമുള്ള നിങ്ങൾക്ക് ഇതിൽ പുതുമ കണ്ടെത്താൻ കഴിയും എന്നത് സത്യമാണ് കാരണം ഇത് ചരിത്രമല്ല ജീവിതത്തിന്റെ പ്രതിഫലനമാണ്. കാനസ് മേളയിലെ മികച്ച നടനുള്ള അവാർഡും മികച്ച ഛായാഗ്രാഹകനുള്ള അവാർഡും സ്വന്തമാക്കിയ ഇൻഡിജെനസ് നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.