എം-സോണ്‍ റിലീസ് – 2052
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lana Wachowski, Lilly Wachowski |
പരിഭാഷ | പ്രശോഭ് പി. സി. |
ജോണർ | ക്രൈം, റൊമാൻസ്, ത്രില്ലർ |
‘ദ മേട്രിക്സി’ന്റെ സൃഷ്ടാക്കളായ വാച്ചോവ്സ്കി സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ബൗണ്ട്’. രണ്ട് പെൺകുട്ടികളുടെ അസാധാരണമായ ബന്ധവും വലിയൊരു തുക സ്വന്തമാക്കാൻ അവർ നടപ്പാക്കുന്ന പദ്ധതിയുമാണ് ചിത്രത്തിന്റെ പ്രമേയം.
മോഷ്ടാവും ലെസ്ബിയനുമായ കോർക്കി എന്ന യുവതി ജയിലിൽ നിന്നിറങ്ങി നഗരത്തിൽ പുതിയൊരു അപ്പാർട്ട്മെന്റ് വാടകക്ക് എടുക്കുന്നു. അവിടെ വച്ച് അയൽവാസിയായ വയലറ്റിനെ പരിചയപ്പെടുന്നു. ഇരുവരും മാനസികമായും ശാരീരികമായും അടുക്കുന്നു. പക്ഷേ, താൻ അറിഞ്ഞതിനപ്പുറം എന്തൊക്കെയോ രഹസ്യങ്ങൾ വയലറ്റിനുള്ളതായി കോർക്കി സംശയിക്കുന്നു. പക്ഷേ നേരിട്ട് ചോദിക്കാൻ മടി.
വയലറ്റ്, തന്റെ ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങൾ കോർക്കിയോട് വിവരിക്കുന്നു. ദൂരെ എവിടെയെങ്കിലും പോയി പുതിയൊരു ജീവിതമാണ് അവൾ ആഗ്രഹിക്കുന്നത്. അതിന് അവളുടെ പക്കൽ ഒരു മാർഗമുണ്ട്. ഒറ്റക്ക് നടപ്പാക്കാൻ കഴിയാത്ത, അങ്ങേയറ്റം അപകടം നിറഞ്ഞ ഒരു മാർഗം. അതിന് കോർക്കിയുടെ സഹായം വേണം. സഹായിക്കാൻ ആദ്യം കോർക്കി വിസമ്മതിക്കുന്നു. പക്ഷേ പിന്നീട് ഇരുവരും അതിസമർത്ഥമായ ഒരു പദ്ധതി തയ്യാറാക്കുന്നു. ഒരു ചെറിയ പിഴവ് ജീവൻ വരെ നഷ്ടപ്പെടുത്തിയേക്കാം.
വളരെ ചുരുക്കം കഥാപാത്രങ്ങളുമായി, ഏതാണ്ട് പൂർണമായി ഒരു അപ്പാർട്ട്മെന്റിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.