എം-സോണ്‍ റിലീസ് – 1197
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin Ritt |
പരിഭാഷ | സ്‌മിത പന്ന്യൻ |
ജോണർ | ഡ്രാമ |
Info | 1F02EDC117C199173F65A3057CF28ECB1C622660 |
അമേരിക്കയിലെ നോർത്ത് കരലിന എന്ന ചെറിയ നഗരത്തിലെ, തുണിമിൽ (Textile) തൊഴിലാളികളുടെ ജീവിതപരിസരങ്ങൾ പശ്ചാത്തലമാക്കി മാർട്ടിൻ റിറ്റ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘നോർമ റേ'(1979). സ്വന്തം തൊഴിൽസ്ഥാപനത്തിൽ, സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതിന്റെ പേരിൽ ധിക്കാരിയെന്ന് മുദ്ര കുത്തി പുറത്താക്കപ്പെട്ട ‘ക്രിസ്റ്റൽ ലീ സട്ടൺ’ എന്ന യൂണിയൻ സംഘാടകയുടെ യഥാർത്ഥ അനുഭവങ്ങളിൽ നിന്നാണ് ഹാരിയറ്റ് ഫ്രാങ്ക്, ഇർവിംഗ് റേവെറ്റർ എന്നിവർ ഇതിന്റെ തിരക്കഥ മെനഞ്ഞെടുത്തിട്ടുള്ളത്.
എഴുപതുകളിൽ, അമേരിക്കയിലെ തൊഴിൽസ്ഥാപനങ്ങളിൽ നടപ്പിലായിരുന്ന ക്രൂരമായ അവകാശനിഷേധങ്ങളുടെയും ദയനീയമായ തൊഴിൽ സാഹചര്യങ്ങളുടെയും അനുഭവങ്ങൾ ഈ സിനിമയെ എക്കാലവും പ്രസക്തമാക്കുന്നുണ്ട്. ഒരേ സമയം, മുതലാളിത്തത്തിന്റെ മനുഷ്യത്വരാഹിത്യത്തോടും പാട്രിയാർക്കൽ നീതിബോധത്തോടും പൊരുതി നില്ക്കുന്ന നോർമ റേ എന്ന യുവതിയെ ഊർജ്ജസ്വലതയോടെ അഭിനയിച്ചു ഫലിപ്പിച്ചതിന് സാലി ഫീൽഡ്സ് ഈ ചിത്രത്തിലൂടെ കാൻ ഫെസ്റ്റിവെലിലെ മികച്ച അഭിനേത്രിയായിട്ടുമുണ്ട്.
‘യന്ത്രമുരൾച്ചകൾക്കു മീതെ ഉയർന്നു കേട്ട പെണ്ണൊച്ച’ എന്നാണ് ഒരു പ്രധാന പത്രം ‘നോർമ റേ’യെ വിശേഷിപ്പിച്ചത്. റോൺ ലെയ്ബ്മാൻ, ബ്യൂ ബ്രിഡ്ജ്, പാറ്റ് ഹിംഗ്ൾ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നു. സിനിമാ ചരിത്രവും തൊഴിൽ സംഘടനാചരിത്രവും ഫെമിനിസ്റ്റ് ചരിത്രവും ഗൗരവമായി പഠിക്കുന്നവർക്കുള്ള ഒരു റഫറൻസ് ചലച്ചിത്രമായിരിക്കുമ്പോഴും അവകാശ നിഷേധങ്ങളിലൂടെ കടന്നുപോവുന്ന എക്കാലത്തെയും മനുഷ്യരെ ആവേശഭരിതരാക്കാൻ ഈ ചലച്ചിത്രത്തിന് കഴിയുക തന്നെ ചെയ്യും!