Goblin Season 1
ഗോബ്ലിൻ സീസൺ 1 (2016)

എംസോൺ റിലീസ് – 2130

ഭാഷ: കൊറിയൻ
നിർമ്മാണം: Hwa&Dam Pictures
പരിഭാഷ: കൃഷ്ണപ്രസാദ്‌ പി.ഡി
ജോണർ: കോമഡി, ഡ്രാമ, ഫാന്റസി
Download

23479 Downloads

IMDb

8.6/10

കൊറിയൻ മിതോളജിയിലെയും, നാടോടിക്കഥകളിലെയും ഐതിഹാസിക കഥാപാത്രങ്ങളാണ് ദൊക്കെബികൾ. പ്രത്യേക കഴിവുകളുള്ള ഇവർ മനുഷ്യരെ സഹായിക്കുകയും മറ്റും ചെയ്യുമെന്നാണ് വിശ്വാസം. ഇവർ പ്രേതങ്ങളല്ല, മറിച്ച് ചൂല് പോലുള്ള വീട്ടുപകരണങ്ങളിലോ, മനുഷ്യരക്തം പുരണ്ട വസ്തുക്കളിലോ ഒരാത്മാവ് പ്രവേശിക്കുമ്പോഴാണ് അത് ദൊക്കെബിയായി മാറുന്നത്. ദൊക്കെബി പ്രത്യക്ഷപ്പെടുമ്പോൾ വരുന്ന നീല ജ്വാലയെ ‘ദൊക്കെബി ഫയർ’ എന്നു പറയുന്നു. ബക്ക് വീറ്റ് എന്നൊരു ഗോതമ്പ് ഇവർക്ക് പ്രിയപ്പെട്ടതാണ്. ഈ വിവരങ്ങൾ കഥയെ കൂടുതൽ മനസിലാക്കാൻ സഹായിക്കും.

ഗോറിയോയുടെ സേനാനായകൻ ആയിരുന്ന കിം ഷിന് തന്റെ രാജാവിന്റെ ഉത്തരവ് പ്രകാരം വധശിക്ഷ ലഭിക്കുന്നു. അവനെടുത്ത ജീവനുകൾക്ക് പകരമായി, ദൊക്കെബിയായി അനശ്വരമായി ജീവിക്കാനുള്ള ശാപം ദൈവം അവന് നൽകുന്നു. അവന്റെ ശാപമോക്ഷത്തിന് ദൊക്കെബിയുടെ വധുവിനെ കണ്ടെത്തുക എന്നതാണ് ഏകമാർഗം. ജി ഉൻ-തക് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പെൺകുട്ടിയാണ്. ഒരിക്കൽ അറിയാതെ ദൊക്കെബിയെ വിളിച്ചു വരുത്തുന്നതിലൂടെ, അവർ തമ്മിൽ പരിചയത്തിലാവുന്നു. സണ്ണി എന്നൊരു സ്ത്രീയുടെ സഹായത്തോടെ ഉൻ-തകിന് ജോലി ലഭിക്കുന്നു. ഇതേസമയം ദൊക്കെബിയുടെ ബന്ധുവായ ദോക്വ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ മനുഷ്യനാണെന്ന് കരുതി ഒരു ജോസോങ്സജായെ(മരണദൂതൻ) കൊണ്ടുവരുന്നു. ദൊക്കെബിയുടെയും, ജോസോങ്സജായുടെയും, ജി ഉൻ-തകിന്റെയും, സണ്ണിയുടെയും ജീവിതം ഇഴകലരുമ്പോൾ നിഗൂഢമായ കഥകളും, രഹസ്യങ്ങളും ചുരുളഴിയുന്നു.

ഗോങ് യൂവിന്റെ മിനിസ്‌ക്രീൻ തിരിച്ചുവരവ് ആഘോഷമാക്കിയത്, കിം ഉൻ-സൂക് സംവിധാനം ചെയ്ത ഈ കേഡ്രാമയാണ്. 16 എപ്പിസോഡുകൾ ഉള്ള ഈ സീരീസ്; ഫാന്റസി, റൊമാൻസ്, കോമഡി, ആക്ഷൻ, ഹിസ്റ്റോറിക്കൽ ടൈം പിരീഡ് ഡ്രാമ എന്നിങ്ങനെ ഒരുപാട് ജോണറുകളുടെ ഒരു ദൃശ്യവിരുന്നു തന്നെയാണ്. ആരാധകർ നെഞ്ചിലേറ്റിയ ‘It’s beautiful life’ഉം, മറ്റു ഗാനങ്ങളും ഈ ഡ്രാമയിലേതാണ്.

ഈ സീരീസിന്റെ ഇംഗ്ലീഷ് പേര് “ഗാഡിയൻ ദി ലോൺലി ആൻഡ് ഗ്രെയ്റ്റ് ഗോഡ്” എന്നാണെങ്കിലും,
പ്രേക്ഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത് “ഗോബ്ലിൻ’ എന്നാണ്. 54ആമത് ബെക്സങ്‌ ആർട്‌സ് അവാർഡ്സിൽ ഗ്രാൻഡ്മാസ്റ്റർ അവാർഡ്, ബെസ്റ്റ് ആക്ടർ അവാർഡ് എന്നിവയുൾപ്പെടെ, വേറെയും പല ചടങ്ങുകളിൽ 26ഓളം അവാർഡുകളും കരസ്ഥമാക്കിയ ഈ ഡ്രാമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നത് ഉറപ്പാണ്.