എം-സോണ് റിലീസ് – 2452
ഭാഷ | മാൻഡരിൻ |
സംവിധാനം | Sam Quah |
പരിഭാഷ | തൗഫീക്ക് എ, ആദം ദിൽഷൻ, ഹബീബ് ഏന്തയാർ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാലിന്റെ ദൃശ്യത്തിൻ്റെ ചൈനീസ് റീമേക്കായി 2019 ൽ ഇറങ്ങിയ ചിത്രമാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്. 2019 ൽ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയാണിത്. ദൃശ്യം റീമേക്ക് ആണെങ്കിലും കഥാ പശ്ചാത്തലത്തിലെ വ്യത്യാസം സിനിമയെ പുതിയ ഒരു സിനിമ കാണുന്ന തരത്തിൽ എല്ലാവരെയും പിടിച്ചിരുത്തുന്നു.
തായ്‌ലാന്റിലെ ഒരു തെരുവിൽ ജീവിക്കുന്ന ചൈനീസ് കുടുംബം. ലീ വെയ്‌ജീ എന്ന ഇന്റർനെറ്റ് സർവീസ് സെന്റർ നടത്തുന്ന കടയുടമയാണ് കഥാ നായകൻ. ആയിരത്തോളം ഡിറ്റക്റ്റിവ് മൂവീസ് കണ്ടെന്ന് അവകാശപ്പെടുന്ന എലിമെന്ററി വിദ്യാഭ്യാസം മാത്രമുള്ള പാവപ്പെട്ട, ഒരു കുടുംബസ്നേഹി. കുടുംബത്തിന്റെ വസ്ത്രധാരണത്തിൽ പോലും പ്രകടമാണ് ആ ദാരിദ്ര്യം. ലീ വെയ്ജീ ജോലി ആവശ്യത്തിനായി പുറത്തുപോയ സമയം നഗരത്തിലെ പോലീസ് ചീഫിന്റെ മകൻ അയാളുടെ വീട്ടിൽ വന്ന് മകളെ ഭീഷണിപ്പെടുത്തുന്നു. അബദ്ധവശാൽ അവളുടെ കൈ കൊണ്ട് അവൻ കൊല്ലപ്പെടുന്നു. തുടർന്ന് ഈ സംഭവം പൊതുസമൂഹത്തിൽ നിന്നും പോലീസിൽ നിന്നും ഒളിപ്പിക്കാനായി ലീ വെയ്ജിയും കുടുംബവും നടത്തുന്ന അതിജീവനത്തിന്റെ ശ്രമമാണ് കഥയിൽ പറയുന്നത്.
ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യം പുറത്തായാൽ ജീവിതം അമ്പേ തകർന്നു എന്ന മലയാളി, ഇന്ത്യൻ പൊതുബോധത്തിൽ ഊന്നിയുള്ള ഒരു കാര്യത്തിന് ചൈനീസ് സാമൂഹ്യ ജീവിതത്തിൽ സ്ഥാനമില്ല. അതിനാൽ തന്നെ ആ സന്ദർഭം കൊണ്ടുവരാൻ കഥ തായ്ലന്റിൽ നടക്കുന്നതായാണ് കാണിക്കുന്നത്.
ദൃശ്യത്തിൽ നിന്നും മാറി, ചടുലമേറിയ കഥ പറച്ചിലാണ് ഇതിൽ. ചിത്രം ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ലേഡി പോലീസ് ചീഫും, മകനും സ്‌ക്രീനിൽ വരുന്നുണ്ട്. ചൈനീസ് മുഖമുള്ള സഹദേവൻ വെറുപ്പിന്റെ മുഖം കാണിക്കുന്നുണ്ട്. മലയാളത്തിൽ മൂത്തമകൾ അവതരിപ്പിച്ച ഒതുക്കമുള്ള കഥാപാത്രത്തിന് പകരം അച്ഛനോട് സദാ മുഖം കറുപ്പിക്കുന്ന മകളാണിവിടെ. ടിപ്പിക്കൽ മലയാളി അമ്മയല്ല ഇതിലെ അമ്മ. ഉശിരുള്ള പെണ്ണൊരുത്തിയാണ്. അത് ‘താൻ ചവോ’ എന്ന അനുഗ്രഹീത നടിയിൽ ഭദ്രമാണ്.
ദൃശ്യത്തിന്റെ തനി ചൈനീസ് പകർപ്പാണ് “ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്” എങ്കിലും ക്ലൈമാക്സ് ദൃശ്യത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ നിന്നും ചൈനീസ് റീമേക്ക് വേറിട്ടുനിൽക്കുന്നു.